ദേവസ്വം ഓർഡിനൻസ് ഗവർണർ മടക്കി.

തിരുവനന്തപുരം∙ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി  രണ്ടു വർഷമാക്കുന്നതിനുള്ള സർക്കാർ ഓർഡിനൻസ് ഗവർണർ പി. സദാശിവം മടക്കി. ബോർഡ് അംഗങ്ങളുടെ കാലാവധി മൂന്നു വർഷത്തിൽനിന്നു രണ്ടു വർഷമാക്കുന്നതിനുള്ള ഓർഡിനൻസാണ് ഗവർണർ മടക്കിയത്. ദേവസ്വം ആക്ട് സംബന്ധിച്ച ചില കാര്യങ്ങളിൽ വിശദീകരണം ചോദിച്ചാണ് ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണർ മടക്കിയത്.

ശബരിമല മണ്ഡല, മകരവിളക്ക് സീസൺ തുടങ്ങാൻ നാലു ദിവസം മാത്രം ശേഷിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസി‍ഡന്റിനെയും അംഗത്തെയും പുറത്താക്കികൊണ്ടുള്ള ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്നു ബിജെപി ഗവർണറോട് അഭ്യർഥിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതേ ആവശ്യം ഗവർണറോട് ഉന്നയിച്ചിരുന്നു.

ഓർഡിനൻസ് ഇറക്കുന്നതിനു ഗവർണറോടു ശുപാർശ ചെയ്യാൻ കഴിഞ്ഞദിവസം ചേർന്ന പ്രത്യേക മന്ത്രിസഭായോഗമാണു തീരുമാനിച്ചത്. ബോർഡ് പ്രസി‍ഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗം അജയ് തറയിൽ എന്നിവർ രണ്ടുവർഷം കാലാവധി പൂർത്തിയാക്കാനിരിക്കെ ആയിരുന്നു 1950ലെ തിരുവിതാംകൂർ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്.

കോൺഗ്രസ് നോമിനികളായ പ്രയാറും അജയ് തറയിലും ഒരേ ദിവസമാണു ചുമതലയേറ്റത്. അതേസമയം സിപിഎം നോമിനിയും എംഎൽഎമാരുടെ പ്രതിനിധിയുമായ കെ. രാഘവൻ ബോർഡ് അംഗമായിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. പട്ടിക വിഭാഗത്തിൽപ്പെട്ട അംഗമാണ് ഇദ്ദേഹം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം