വയനാട്:ആദിവാസിക്കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിച്ച് സ്കൂള്‍ അധികൃതർ.പനമരത്തെ അമ്മാനിയിൽ പാറവയൽ ആദിവാസി ഊരില്‍ നീർവാരം ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിലാണ് ആദിവാസി വിദ്യാർഥികൾക്കു എസ് എസ് എൽ സി പരീക്ഷ എഴുതാനുള്ള അവസരം നിഷേധിച്ചത് .
ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിലെ നീർവാരം ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂൾ.
ഈ സ്കൂളിൽ അധ്യയന വർഷ ആരംഭംമുതൽ 54 വിദ്യാർത്ഥികളാണ് പത്താം ക്ലാസ്സിൽ പഠിക്കുന്നുണ്ടായിരുന്നത്.എന്നാല്‍, 49 വിദ്യാർത്ഥികൾക്ക് മാത്രമാണ് എസ് എസ് എൽ സി പരീക്ഷ എഴുതാനുള്ള അവസരം ലഭിച്ചിട്ടുള്ളത്.
പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാർത്ഥികൾ എല്ലാം ആദിവാസി വിഭാഗത്തിൽ പെട്ടവരാണ്. രണ്ടുപേര്‍ നീർവാരം അമ്മാനി പാറവയൽ സ്വദേശികളാണ്, ഇവരുടെയും രക്ഷിതാക്കൾ കൃഷിപ്പണിക്ക് പോയിട്ടാണ് കുടുംബം പുലർത്തുന്നത്.അഞ്ഞണിക്കുന്നു സ്വദേശിയാണ് മറ്റൊരാൾ .മൂന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും മാത്രമാണ് ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായിട്ടുള്ളൂ.
അമ്മാനി പാറവയൽ പണിയ കോളനിയിലെ വിദ്യാർത്ഥികളായ ബബീഷ്, അമൽ എന്നിവർ ഡിസംബർ മാസംവരെ സ്കൂളിൽ പോയിട്ടുണ്ട്, ക്രിസ്മസ് പരീക്ഷ എഴുതി വിജയിച്ചു എന്നാണ് ഇവർ പറയുന്നത്. ജനുവരി മാസത്തിൽ, കുടുംബാംഗങ്ങളുടെ ശബരിമല തീർത്ഥാടന യാത്രയുമായി ബന്ധപ്പെട്ടു 2 ദിവസം സ്കൂളിൽ പോവാന്‍ കഴിഞ്ഞിട്ടില്ല,അതിനു ശേഷം സ്കൂളിൽ ചെന്നപ്പോൾ ‘ഇനി സ്കൂളിലേക്കു വരേണ്ട’ എന്ന രീതിയിൽ ഹെഡ് മാസ്റ്ററും അധ്യാപകരും സംസാരിച്ചു എന്നും, തുടർന്ന് ഹെഡ് മാസ്റ്ററും ടീച്ചർമാരും വീട്ടിൽ ചെന്ന് ഇതേ രീതിയിൽ പറഞ്ഞിട്ട് പോയി എന്നും ബബീഷ് പറയുന്നു…
ദിവസങ്ങൾക്കു ശേഷം രണ്ടു അധ്യാപികമാരും ഒരു അധ്യാപകനും താന്‍ പണിയെടുക്കുന്ന സ്ഥലത്തു വന്നു ഒരു കടലാസിൽ ഒപ്പിട്ടു വാങ്ങിച്ചതായി ബബീഷിന്റെ അമ്മ ജാനു പറയുന്നു.എന്തിനാണ് ഒപ്പിട്ടു തരേണ്ടത് എന്ന് ചോദിച്ചപ്പോള്‍”ഈ വര്‍ഷം ബബീഷിനു പരീക്ഷ എഴുതാൻ പറ്റില്ലെന്നും ഈ വര്‍ഷം പരീക്ഷ എഴുതിയാൽ ബബീഷ് ജയിക്കില്ല”എന്നും അധ്യാപകര്‍ പറഞ്ഞതായി ജാനു വ്യക്തമാക്കി. എഴുതാനും വായിക്കാനും അറിയാത്തതിനാൽ അതിൽ എന്താണ് എഴുതിയിട്ടുണ്ടായിരുന്നത് എന്ന് അറിയില്ല എന്നും അവർ പറഞ്ഞു. പിന്നീട് അമ്മയെ കൂട്ടി സ്കൂളിൽ ചെന്നു “തോറ്റാലും സാരമില്ല പരീക്ഷ എഴുതണം” എന്ന് ആഗ്രഹം അറിയിച്ചപ്പോൾ ‘ഇനി ഇങ്ങോട്ടു വരേണ്ട, അടുത്ത വര്‍ഷം പരീക്ഷ എഴുതാം’ എന്ന് അധ്യാപകർ പറഞ്ഞതായും ബബീഷ് പറയുന്നു. വണ്ടികൂലിക്കു പണമില്ലത്തതിനാൽ ട്രൈബൽ ഓഫിസിൽ പോയി ഈ വിവരം അറിയിക്കാൻ സാധിച്ചില്ല എന്നും ജാനു പറഞ്ഞു. എന്നാൽ പരീക്ഷ എഴുതുന്നില്ലെന്ന് കുട്ടിയും രക്ഷകർത്താക്കളും തീരുമാനിച്ചു രേഖാമൂലം ഒപ്പിട്ടു വാങ്ങിയതാണെന്ന് അധ്യാപകർ പ്രതികരിച്ചു.
ബബീഷ് താഴ്ന്ന ക്ലാസ്സിൽ പഠിക്കുമ്പോൾ മിക്ക ദിവസവും സ്കൂളിൽ കൊണ്ടുപോകുന്നതും, വൈകുന്നേരം ക്ലാസ് തീരുന്നതുവരെ നീർവാരത്തെ കടകളുടെ സമീപം കാത്തിരുന്നു കുട്ടിയെ തിരിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമായിരുന്നു എന്നും അങ്ങിനെ കഷ്ടപെട്ടും പ്രതീക്ഷയോടെയുമാണ് ബബീഷിനെ പഠിപ്പിച്ചത് എന്ന് ജാനു സങ്കടത്തോടെ പറഞ്ഞു.
ബബീഷ് ഒൻപതാം തരത്തിൽ പഠിക്കുമ്പോൾ കാലിനു സുഖമില്ലാതായ സമയത്തുപോലും മുടങ്ങാതെ പരീക്ഷ എഴുതിക്കാൻ സ്കൂളിലേക്കു കൊണ്ടുപോയിട്ടുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു. മാത്രമല്ല, കായിക മത്സരങ്ങളിലെല്ലാം പങ്കെടുത്തു ബബീഷ് സമ്മാനം വാങ്ങിച്ചിട്ടുണ്ടെന്നും അതെല്ലാം സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും നിരാശയോടെ എന്നാല്‍ അഭിമാനത്തോടു കൂടി തന്നെ അമ്മ ജാനു പറഞ്ഞു. അമലിന്റെ കാര്യവും ഏതാണ്ട് സമാനമാണ്,സ്കൂളിൽ ചെന്നന്വേഷിച്ചപ്പോൾ “പേര് വെട്ടി, അതുകൊണ്ട് ഈ വര്‍ഷം പരീക്ഷ എഴുതാൻ പറ്റില്ല’ എന്നുമാണ് അധ്യാപകർ അമലിനോട് പറഞ്ഞത്.
നീർവാരം അഞ്ഞണിക്കുന്നു സ്വദേശിയായ അനീഷ് ആണ് ഇത്തരത്തിൽ പരീക്ഷ എഴുതാനുള്ള അവസരം നഷ്ട്ടപ്പെട്ട മറ്റൊരാൾ. കുട്ടിക്കാലത്തുതന്നെ അമ്മ മരിച്ചപോയ അനീഷിന്റെ, അച്ഛൻ കാര്യമായി ശ്രദ്ധിക്കാത്തതിനാൽ സഹോദരിയുടെ ഒപ്പമാണ് താമസം. പരീക്ഷ എഴുതാത്തതിനെപ്പറ്റി ചോദിച്ചപ്പോൾ, “സ്കൂളിൽ പേര് വെട്ടി, അതുകൊണ്ട് ഈ വര്‍ഷം പരീക്ഷ എഴുതാൻ പറ്റില്ല” എന്ന് അധ്യാപകർ പറഞ്ഞതായി അനീഷ് പറയുന്നു.
ഒരു കുടുംബാംഗത്തിനു സുഖമില്ലാതായപ്പോൾ രണ്ടാഴ്ചയോളം അനീഷിനു സ്കൂളിൽ പോകാൻ പറ്റിയില്ല എന്നാണ് അറിഞ്ഞത്. അതിനു ശേഷം സ്കൂളിൽ ചെന്നപ്പോഴാണ് പേര് വെട്ടിയ കാര്യം പറഞ്ഞത്. പിന്നീട് പരീക്ഷ എഴുതണമെന്നു സ്കൂളിൽ ചെന്നുപറഞ്ഞപ്പോൾ “ഈ വര്‍ഷം ഇനി എഴുതാൻ പറ്റില്ല’ എന്നും ക്ലാസ് ടീച്ചർ “എന്തൊക്കെയോ ചീത്ത പറഞ്ഞു” എന്നും അനീഷ് പറഞ്ഞു. പിന്നീട് സ്കൂളിലേക്ക് പോയില്ല എന്നും, എന്നാൽ എസ് എസ് എൽ സി പരീക്ഷ അവസാനിച്ച 28നു സ്കൂളിൽ പോയി കൂട്ടുകാരെയെല്ലാം കണ്ടു അവരുടെ ആഘോഷങ്ങളിൽ പങ്കെടുത്തതും അനീഷ് ഓര്‍ക്കുന്നു.
ആദിവാസികളുടെ ഉന്നമനത്തിനായി, പ്രത്യേകിച്ചും വിദ്യാഭ്യാസ ആവശ്യത്തിനായി കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്നതിന് ‘ഗോത്രസാരഥി’ പദ്ധതിയും, ആദിവാസി വിദ്യാര്‍ഥികള്‍ക്കു പ്രത്യേക പഠന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനായും ഒരു കുട്ടിക്ക് 3500 എന്ന തോതിൽ സർക്കാർ സഹായവും, ‘കൊഴിഞ്ഞുപോക്കു’ തടയുന്നത്തിനും മറ്റും സർക്കാർ കാര്യക്ഷമമായി ഇടപെടുമ്പോഴാണ് ആദിവാസി വിദ്യാർത്ഥികള്‍ക്ക് എസ് എസ് എൽ സി പരീക്ഷ എഴുതുന്നതിനുള്ള അവകാശം സർക്കാർ സ്കൂളിലെ അധ്യാപകർ തന്നെ നിഷേധിക്കുന്നത്. ഈ വിഷയത്തിൽ വിദ്യാഭ്യാസ മേഖലയിലെ ആദിവാസി മുന്നേറ്റത്തിനായി അധ്യാപകരുടെയും അധ്യാപക-രക്ഷാകർതൃസമിതിയുടേയുമെല്ലാം ഇടപെടലുകൾ അന്വേഷണ വിധേയമാകേണ്ടതുണ്ട്.