പ്രിയപ്പെട്ട ഡോക്ടര്‍…..നിങ്ങള്‍ക്കിതൊരു കൈപ്പിഴവാകാം ;നഷ്ടമായാത് ഒരു പാവം യുവാവിന്‍റെ സ്നേഹവും കരുതലുമാണ് മാഡം

 

കോഴിക്കോട്: “പ്രിയപ്പെട്ട ഡോക്ടര്‍…..നിങ്ങള്‍ക്കിതൊരു കൈപ്പിഴവാകാം , നഷ്ടമായാത് ഒരു പാവം യുവാവിന്‍റെ സ്നേഹവും കരുതലുമാണ് മാഡം.” തലശേരി താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് പ്രതിഷേധം  ശക്തമാകുന്നതിനിടയില്‍ സോഷ്യല്‍ മീഡിയയിലെ  ഈ കുറിപ്പ് വൈറലാകുന്നു.   ഒഞ്ചിയം സ്വദേശി കോടേരി മീത്തൽ വിനീഷിന്റെ ഭാര്യയും മാഹി പന്തക്കല്‍ തിയ്യകണ്ടിയില്‍ രാജന്റെ മകളുമായ നിധിനയും(27), കുഞ്ഞുമാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത് .

 

പ്രിയപ്പെട്ട ഡോക്ടര്‍…..
ഗൈനക്കോളജിസ്റ്റ്
ഗവ.ജനറല്‍ ഹോസ്പിറ്റല്‍ തലശ്ശേരി

നിങ്ങള്‍ക്കിതൊരു കൈപ്പിഴവാകാം,
നിങ്ങളുടെ അശ്രദ്ധകൊണ്ട് നഷ്ടപ്പെടുന്നത് മനുഷ്യ ജീവനുകളാണ്.

ഈ മുഖം ഓര്‍മ്മയുണ്ടോ മാഡത്തിന്,
പേര് നിധിന, വയസ്സ് 27.
ഒരുപാട് വലിയ വലിയ സ്വപ്നങ്ങളൊന്നുമില്ലാത്ത
ചെറിയ ചെറിയ സ്വപ്നങ്ങളുമായി ജീവിക്കുന്ന
ഒരു സാധാരണ നാട്ടിന്‍പുറത്ത് കാരിയാണ് മാഡം.
കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തുന്ന ഒരു പാവം യുവാവിന്‍റെ
സ്നേഹവും കരുതലുമാണ് മാഡം,
എട്ടുംപൊട്ടുതിരിയാത്ത ഒരു പാവം പെണ്‍കുട്ടിയുടെ
സ്നേഹവും ലാളനയുമാണ് മാഡം.

ഗര്‍ഭിണിയായ ഭാര്യയെയും കൊണ്ട് മികച്ച
ചികിത്സയും പരിചരണവും ലഭിക്കാന്‍ വേണ്ടി അവന്‍ നിങ്ങളെ കാണാന്‍ വേണ്ടി വന്ന നിമിഷം തന്നെ ആദ്യ പ്രസവ സമയത്ത് ഉണ്ടായ ശ്വാസതടസ്സത്തേയും അസ്വസ്ഥതകളെയും കുറിച്ച് നിങ്ങളോട് സൂചിപ്പിച്ചിരുന്നു.
നിങ്ങളുടെ പേരില്‍ തന്നെയുള്ള പ്രിസ്ക്രിപ്ഷന്‍ കാര്‍ഡില്‍ അത് നിങ്ങള്‍ തന്നെ കുറിച്ചുവച്ചതുമാണ് മഡം.

കുറച്ചുകൂടെ മെച്ചപ്പെട്ട ചികിത്സതന്നെ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ അവന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സ തേടിയിരുന്നു. ഈ നാടിന് സംഭവിച്ച ‘നിപ’ എന്ന വന്‍വിപത്തിന്‍റെ പശ്ചാത്തലത്തിലാണ് മാഡം കോഴിക്കോട് മെഡിക്കല്‍ കോളജ് ഡോക്ടര്‍ ഭാര്യയ്ക്ക് മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല എന്നും നിലവില്‍ ചികിത്സതുടരുന്ന തലശ്ശേരി താലൂക്ക് ജനറല്‍ ആശുപത്രിയില്‍ തന്നെ ചികിത്സ തുടരാനും അവനോട് വശ്യപ്പെട്ടത്.

ഈ മാസം 11-ാം തിയ്യതി വൈകിട്ടാണ് മാഡം ചെക്കപ്പിനായി നിങ്ങളെ കാണാന്‍ വന്ന നിധിനയെ നിങ്ങളുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. 12-ാം തിയ്യതി രാവിലെയാണ് മാഡം നിങ്ങള്‍ നിങ്ങള്‍ പ്രസവവേദനയ്ക്ക് വേണ്ട ഗുളിക ഉപയോഗിച്ചത്. തന്‍റെ ആരോഗ്യസ്ഥിതിയെപ്പറ്റി പൂര്‍ണ്ണ ബോധ്യമുള്ള അവള്‍ സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും നിങ്ങളുടെ ജീവനക്കാര്‍ അസഭ്യമായ വാക്കുകളാല്‍ അവളെ വേദനിപ്പിക്കുകയാണ് ഉണ്ടായത്. നിങ്ങളുടെ അശ്രദ്ധയാണ് മാഡം വൈകിട്ടോടെ അമ്മയുടേയും കുഞ്ഞിന്‍റെയും ജീവന്‍ അപകടത്തിലേക്ക് നീങ്ങിയത്. പൂര്‍ണ്ണ ആരോഗ്യവാനായ ആ ചോരക്കുഞ്ഞിനെ ഭൂമികാണാന്‍ നിങ്ങള്‍ അനുവദിച്ചില്ല മാഡം. കണ്ണുതുറക്കാന്‍ വിധിയില്ലാത്ത ആ പിഞ്ചോമനയ്ക്ക് കുഴിമടം തീര്‍ത്തവരാണ് മാഡം ഞങ്ങള്‍. ഭാര്യയുടെ ജീവനെങ്കിലും രക്ഷിക്കണമെന്ന് അവന്‍റെ യാചന നിങ്ങള്‍ കേട്ടതല്ലേ. വിദഗ്ദ ചികിത്സയ്ക്ക് വേണ്ടി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഐ.സി.യു സംവിധാനത്തോടുകൂടിയ ആംബുലന്‍സ് വിളിച്ചുവരുത്തി ഞങ്ങള്‍ കോഴിക്കോട് ആധുനിക സംവിധാനങ്ങളുള്ള ആശുപത്രിയിലേക്ക് പോകാം എന്നു പറഞ്ഞിട്ടും അനുവദിക്കാതെ, അതേ സംവിധാനം തന്നെയുള്ള ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്‍റെ ആംബുലന്‍സ് കോഴിക്കോട് നിന്നും തലശ്ശേരിയിലേക്ക് വരുത്തിച്ച് മണിക്കൂറുകള്‍ വൈകിപ്പിച്ച് അവിടത്തേക്ക് മാറ്റിയത് എന്തിനായിരുന്നു മാഡം?
12-ാം തിയ്യതി രാത്രി മുതല്‍ 15-ാം തിയ്യതി പുലര്‍ച്ചെ വരെയുള്ള 54 മണിക്കൂറുകള്‍ വെന്‍റിലേറ്ററില്‍ കിടന്ന അവളുടെ ജീവനുവേേണ്ടി പ്രാര്‍ത്ഥനയുമായി ഊണുംഉറക്കവുമൊഴിഞ്ഞ് കാത്തുനിന്നവരെക്കുറിച്ച് മാാഡത്തിന് അറിയാമോ? ഞങ്ങളുടേ ഒരുപട് സംശയങ്ങള്‍ക്ക്, ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറഞ്ഞേ മതിയാവൂ മാഡം. ഒരു അമ്മയുടെയും കുഞ്ഞിന്‍റെയും ജീവന്‍റെ രക്തക്കറയാണ് നിങ്ങളുടെ കൈകളിലുള്ളത്.
അത് അത്രവേഗമൊന്നും കഴുകിക്കളയാനാവില്ല.

സാധാരണക്കാരായ ഞങ്ങക്ക് ചെ‌റുതും വലുതുമായ രോഗങ്ങള്‍ക്ക് ആശ്രയിക്കാനാണ് മാ‍ഡം ഞങ്ങളുടെ നികുതിപ്പണം കൊണ്ട്ചെല്ലും ചെലവും തന്ന് സര്‍ക്കാര്‍ നിങ്ങളെയൊക്കെ തീറ്റിപ്പോറ്റുന്നത്. ആരോഗ്യരംഗത്ത് ഏറ്റവും മികച്ച രീതിയില്‍ സാധാരണക്കാരന് ചികിത്സ ലഭ്യമാകുന്ന ഒരു സംസ്ഥാനമാണ് മ‍ാഡം നമ്മുടെ കേരളം.
നിങ്ങള്‍ ഇതിനൊരു തീരാകളങ്കമാണ്.

ലോകം കണ്ടതില്‍ വെച്ച് ഏറ്റവും ഭീകരമായ മഹാമാരി ‘നിപ’യെ നിയന്ത്രണത്തിലാക്കി ഒരു വന്‍വിപത്തിനെ തടഞ്ഞു നിര്‍ത്തിയ ‍ഡോക്ടർമാരും ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തരും ഭരണസംവിധാനവും അതിന് നേതൃത്വം കൊടുക്കാന്‍ കരുത്തുറ്റ ആരോഗ്യമന്ത്രിയുമുള്ള അഭിമാനത്തോടെ ചങ്കൂറ്റത്തോടെ തലയുയര്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.

ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി.കെ.കെ.ശൈലജ ടീച്ചര്‍, താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ഇത്തരം പുഴുക്കുത്തുകള്‍ പിഴുതെറിയപ്പെട്ടില്ലെങ്കില്‍ നമ്മുടെ ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രികളിലെ ചികിത്സയില്‍ സാധാരണക്കാരന്‍റെ വിശ്വസം നഷ്ടപ്പെടും. മുകളില്‍ സൂചിപ്പിച്ച വിഷയം ഒറ്റപ്പെട്ട സംഭവമല്ല സര്‍, ഇതിനു മുമ്പും ഇതേ ആശുപത്രിയില്‍ ഇത്തരം സംഭവങ്ങള്‍ നടന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രസവസമയത്തെ അശ്രദ്ധകൊണ്ട് കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ സംഭവിച്ചതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഓപ്പറേഷന് മയക്കാന്‍ കൈക്കൂലി, പ്രസവം നല്ലരീതിയില്‍ നടക്കാന്‍ ഡോക്ടറെ വീട്ടില്‍ ചെന്ന് കണ്ട് സന്തോഷിപ്പിക്കുന്ന മറ്റൊരു വഴിപാട്, അങ്ങനെ പല പല മാമൂലുകള്‍ ഉണ്ട് സാര്‍.
എന്‍റെ ഭാര്യയല്ലേ,. എന്‍റെ മകളല്ലേ, ഞങ്ങളു കുഞ്ഞിനുവേണ്ടിയല്ലേ എന്ന് കരുതി പലരും പറയാന്‍ മടിച്ചിട്ടാണ് സര്‍.

നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടത് തന്നെയാണെന്ന ഉറച്ച ബോധ്യമുണ്ട് സര്‍,
ഇനിയൊരിക്കലും തിരിച്ചുകിട്ടുകയുമില്ലെന്ന് അറിയാം സര്‍,
പക്ഷേ,
മറ്റൊരാള്‍ക്കും ഈ ദുര്‍വിധി ഉണ്ടാവാതിരിക്കാന്‍,
ഇത്തരക്കാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടികള്‍ കൈക്കൊള്ളണമെന്ന്
വിനയത്തിന്‍റെ ഭാഷയില്‍ അപേക്ഷിക്കുകയാണ്.

 

ജൂണ്‍ 11നാണ് ഇവരെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ പ്രസവത്തിന്റെ സമയത്ത് ആസ്തമ രോഗമുണ്ടായിരുന്ന കാര്യം അഡ്മിഷന്‍ സമയത്തുതന്നെ ഡോക്ടറെ അറിയിച്ചിരുന്നതായും അത് ഡോക്ടര്‍ രേഖപ്പെടുത്തിയതായും വിനീഷ് ആശുപത്രി സൂപ്രണ്ടിനയച്ച പരാതിയില്‍ പറയുന്നു. ജൂണ്‍ 12ന് രാവിലെ പ്രസവമുറിയിലേക്ക് കൊണ്ടുപോയപ്പോള്‍ ആരോഗ്യസ്ഥിതിയെകുറിച്ച് നിധിന ഡോക്ടര്‍മാരോട് പറഞ്ഞതായും സിസേറിയന് ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. എന്നാല്‍ പ്രസവമുറിയിലുണ്ടായിരുന്നവര്‍ മോശമായ ഭാഷയിലാണ് ഇതിനോട് പ്രതികരിച്ചത്. തുടര്‍ന്ന് വൈകുന്നേരത്തോടെ അമ്മയുടെ നില ഗുരുതരമാവുകയും ജീവന്‍ നിലനിര്‍ത്താന്‍ കുഞ്ഞിനെ നഷ്ടപ്പെടേണ്ടി വരുമെന്ന് ആശുപത്രി അധികാരികള്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം വിട്ടുതരാത്തതിൽ പരാതിയില്ലെന്ന് എഴുതിക്കൊടുക്കേണ്ടി വന്നതായും വിനീഷ് പറയുന്നു. ഗരുതരാവസ്ഥയിലായ നിധിനയെ തലശേരിയിലെ ആംബുലന്‍സില്‍ കോഴിക്കോടേക്ക് മാറ്റാന്‍ പറഞ്ഞപ്പോള്‍ സമ്മതിച്ചില്ലെന്നും കോഴിക്കോട് നിന്നും ഐ.സി.യു. സജ്ജീകരണമുള്ള ആംബുലന്‍സ് എത്തിയശേഷമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലത്തെിച്ചത്. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെടുകയായിരുന്നു. തലശേരി ഗവ. താലൂക്ക് ആശുപത്രിയിലെ അനാസ്ഥയാണ് തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും ജീവന്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കിയതെന്നും അധികൃതർക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. സരോജിനിയാണ് നിധിനയുടെ മാതാവ്. മകള്‍: വൈഗ (കല്ലാമല യു.പി). സഹോദരങ്ങള്‍: രാജേഷ്, നിധീഷ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം