ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മകള്‍ അച്ഛന്റെ ജീവന്‍ രക്ഷിച്ചു

Brianna
വെര്‍ജീനിയ: ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മകള്‍ അച്ഛന്റെ ജീവന്‍ രക്ഷിച്ചു. ‘എന്‍റെ പിതാവ് പാതിമരിച്ച നിലയിലാണ് , അദ്ദേഹത്തിന് ഒരു ആംബുലന്‍സ് ആവശ്യമുണ്ട്. ദയവായി സഹായിക്കൂ’ എന്ന ഫെയ്സ്ബുക്ക് പോസ്റ്റാണ് പത്തു വയസുകാരിയായ ബ്രിയന്ന അവളുടെ അച്ഛന്‍ ഗ്രിഗറി വാന്സിന്റെ ജീവന്‍ രക്ഷിച്ചത്. ഗ്രിഗറി വാന്‍സിന് മുന്നിലേക്ക് മരണം വിരുന്നെത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. വീട്ടിനു മുന്നിലെ പോര്‍ച്ചില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുശലം പറഞ്ഞിരിക്കെയാണ് പെട്ടെന്നുണ്ടായ കൊടുങ്കാറ്റില്‍ ഒരു വന്‍ മരം ഇവരുടെ ഇടയിലേക്ക് കടപുഴകി വീണത്. പിതാവിന് ഈ ദുരന്തം നേരിടുമ്പോള്‍ ബ്രിയന്ന വീട്ടിനുള്ളിലായിരുന്നു. കൊടുങ്കാറ്റില്‍ മൊബൈല്‍ സിഗ്നലുകള്‍ നഷ്ടമായി. വീട്ടിലാണെങ്കില്‍ ലാന്‍ഡ് ഫോണുമില്ല. പിതാവിനെയും സുഹൃത്തുക്കളെയും രക്ഷിക്കണമെങ്കില്‍ പരസഹായം ആവശ്യമാണെന്നിരിക്കെ ഈ പരാധീനതകള്‍ ആ പത്തു വയസുകാരിയെ ആശങ്കയിലാഴ്ത്തി.

പെട്ടെന്നാണ് ഫേസ്ബുക്ക് എന്ന ആശയം ബ്രിയന്നയുടെ മനസില്‍ ഓടിയെത്തിയത്. പിതാവിന്‍റെ അവസ്ഥ വിശദമാക്കി ഒരു ആംബുലന്‍സ് സ്ഥലതെത്തിക്കാന്‍ ആരെങ്കിലും സഹായിക്കണമെന്ന അഭ്യര്‍ഥനയോടെ ഫേസ്ബുക്കില്‍ അവളൊരു പോസ്റ്റിട്ടു. ഇതുകണ്ട മറ്റൊരു വ്യക്തി അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സുമായി രക്ഷാപ്രവര്‍ത്തകര്‍ ബ്രിയന്നയുടെ വീട്ടിലെത്തി. തലയിലും കഴുത്തിലും മുതുകത്തും പരിക്കുകളേറ്റ് ശ്വാസംവിടാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് വാന്‍സിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. എല്ലുകള്‍ക്ക് ക്ഷതമേറ്റെങ്കിലും ചികിത്സക്കു ശേഷം വാന്‍സ് വീട്ടില്‍ തിരിച്ചെത്തി.

പിതാവ് വീട്ടില്‍ തിരിച്ചെത്തിയ കാര്യവും ബ്രിയന്ന ഫേസ്ബുക്കില്‍ കുറിച്ചു – ‘ പ്രിയപ്പെട്ട അച്ഛാ, ചക്കരയുമ്മ, അങ് വീട്ടില്‍ തിരിച്ചെത്തിയല്ലോ, എനിക്ക് സന്തോഷമായി’

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം