ചരിത്രമെഴുതി ദക്ഷിണാഫ്രിക്ക: അപൂര്‍വ്വ റെക്കോര്‍ഡുമായി അംല

വിശ്വരൂപം പൂണ്ട ഹാഷിം അംലയുടേയും ക്വിന്റണ്‍ ഡികോക്കിന്റേയും തകര്‍പ്പന്‍ പ്രകടന മികവില്‍ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 279 റണ്‍സ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ മറികടക്കുകയായിരുന്നു.

പുറത്താകാതെ സെഞ്ച്വറി നേടിയ ക്വിന്റണ്‍ ഡികോക്കും ഹാഷിം അംലയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര ജയം സമ്മാനിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 1-0ത്തിന് മുന്നിലെത്താനും ദക്ഷിണാഫ്രിക്കയ്ക്ക് ആയി.

ഡികോക്ക് 145 പന്തില്‍ 21 ഫോറും രണ്ട് സിക്‌സും സഹിതമാണ് 168 റണ്‍സ് എടുത്തത്. അംലയാകട്ടെ 112 പന്തില്‍ എട്ട് ഫോര്‍ സഹിതമാണ് 110 റണ്‍സും സ്വന്തമാക്കിയത്. ഒരു കരുണയും ഇല്ലാതെ ബംഗ്ലാ ബൗളര്‍മാരെ തലങ്ങും വിലങ്ങും ശിക്ഷിക്കുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍.

ഏകദിനത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ നേടുന്ന ഏറ്റവും വലിയ റണ്‍ ചേസാണിത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കൂടുതല്‍ റണ്‍സ് നേടുന്ന സഖ്യമാവാനും ഡികോക്കിനും അംലക്കും കഴിഞ്ഞു. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഗിബ്സ്-സ്മിത്ത് സഖ്യത്തെയാണ് ഇവര്‍ മറികടന്നത്.

മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെ അംലയെ തേടി ഒരു റെക്കോര്‍ഡും എത്തി. വേഗത്തില്‍ 26 സെഞ്ച്വറി നേടിയ താരം എന്ന നേട്ടമാണ് അംല സ്വന്തമാക്കിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡാണ് അംല തകര്‍ത്തത്. അംലയും ഡികോക്കും ഇത് നാലാം തവണയാണ് ഓപ്പണിങ് ഇറങ്ങി സെഞ്ച്വറി നേടുന്നത്.

നേരത്തെ പുറത്താകാതെ 110 റണ്‍സെടുത്ത മുഷ്ഫിഖു റഹീമിന്റെ മികവിലാണ് ബംഗ്ലാദേശ് 278 റണ്‍ഡസെടുത്തത്. ഏഴ് വിക്കറ്റ് നഷ്ടത്തിലായിരുന്നു ബംഗ്ലാദേശിന്റെ പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാഡ നാലും പ്രെറ്റോറിയസ് രണ്ടും വിക്കറ്റെടുത്തു.

നേരത്തെ ടെസ്റ്റ് പരമ്പരയും ദക്ഷണാഫ്രിക്കയോട് ബംഗ്ലാദേശ് വന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം