യുഡിഎഫ് കോട്ടകള്‍ പിടിച്ചടക്കി;ചെങ്കൊടി പാറിച്ച് സജി ചെറിയാന് ചരിത്ര വിജയം.

ചെങ്ങന്നൂര്‍: യുഡിഎഫ് കോട്ടകള്‍ പിടിച്ചടക്കി;ചെങ്കൊടി പാറിച്ച് സജി ചെറിയാന് ചരിത്ര വിജയം.വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സജി ചെറിയാന്‍ വിജയിച്ചത്. 67,303 വോട്ടുകളാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് നേടിയത്. .കഴിഞ്ഞതവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. കെ രാമചന്ദ്രന്‍നായര്‍ നേടിയ വോട്ടുകളെക്കാള്‍ 17,000ത്തിലധിം നേടിയാണ് ചരിത്രവിജയം കുറിച്ചത്. തൊട്ടുപുറകിലായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ 46,347 വോട്ടുകള്‍ നേടി രണ്ടാമതെത്തി. ചെങ്ങന്നൂരില്‍ ബിജെപി കഴിഞ്ഞ തവണ നേടിയ വോട്ടുകളെക്കാള്‍ 7000ത്തിൽ പരം വോട്ടുകളുടെ കുറവോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനം നിലനിർത്തിയത്. കഴിഞ്ഞ തവണ42,000ത്തിനു മുകളില്‍ കഴിഞ്ഞ തവണ നേടിയ വോട്ട് ഇത്തവണ 35270 ആയി കുറഞ്ഞു.

1987ലെ തിരഞ്ഞെടുപ്പില്‍ മാമന്‍ ഐപ്പ് നേടിയ 15,703 എന്ന ഭൂരിപക്ഷമായിരുന്ന ഇതുവരെയുള്ള ചെങ്ങന്നൂരിലെ റെക്കോഡ്. മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിയാണ് ചെങ്ങന്നൂരിന്റെ വിധി നിര്‍ണയം തുടങ്ങിയത്. അവിടെ തുടങ്ങിയ ഇടത് മുന്നേറ്റം വോട്ടണ്ണലിന്റെ അവസാനം വരെ നിലനിര്‍ത്താന്‍ സജി ചെറിയാന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. ഭൂരിപക്ഷം ബൂത്തുകളിലും ഇടത് സ്ഥാനാര്‍ത്ഥിയുടെ കുതിപ്പാണ് കണ്ടത്. ഒരുഘട്ടത്തില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലീഡ് നേടാനും കഴിഞ്ഞില്ല എന്നതും ഇടത് വിജയത്തിന്റെ മാറ്റ് കൂട്ടി.

തിരുവൻവണ്ടൂരിലെ പത്തില്‍ 9 ബൂത്തുകളിലും സജി ചെറിയാന് അനുകൂലമായിട്ടാണ് വിധിയെഴുതിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ വീട് ഉള്‍പ്പെടുന്ന പുലിയൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് രണ്ടാമതാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാടായ ചെന്നിത്തല പഞ്ചായത്തില്‍ 2,353 വോട്ടിന്റെ വ്യക്തമായ ലീഡ് ഇടതു സ്ഥാനാർഥി നേടി എന്നത് ശ്രദ്ധേയമായി.

മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും എല്‍ഡിഎഫ് വ്യക്തമായ ലീഡ് നേടിയാണ് വിജയമുറപ്പിച്ചത്. കേരള കോണ്‍ഗ്രസ് എം ഭരിക്കുന്ന തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും അവസാന നിമിഷം യുഡിഎഫ് പാളയത്തിലേക്ക് എത്തിയ കെ എം മാണിക്ക് തിരിച്ചടിയായി.

പോസ്റ്റല്‍ വോട്ടുകളില്‍ ഒരെണ്ണം മാത്രമാണ് സജി ചെറിയാന് നഷ്ടമായത്. ആകെ ലഭിച്ച 43 പോസ്റ്റല്‍ വോട്ടുകളില്‍ 42 എണ്ണവും ഇടത് സ്ഥാനാര്‍ഥിക്കായിരുന്നു. ഒരു പോസ്റ്റല്‍ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് പോസ്റ്റല്‍ വോട്ടൊന്നും ലഭിച്ചില്ല.

മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് ഒഴികെ മാറ്റാര്‍ക്കും കെട്ടിവച്ച കാശ് തിരികെ കിട്ടില്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സ്വാമി സുഖകാശ് സരസ്വതി 800 വോട്ടുകള്‍ നേടി ബിജെപിക്ക് പിന്നില്‍ നാലാം സ്ഥാനത്തായി. 728 വോട്ടുകള്‍ നേടിയ നോട്ടയാണ് അഞ്ചാമത് എത്തിയത്. ഡല്‍ഹിയില്‍ തിളങ്ങുന്ന ആം ആദ്മി പാര്‍ട്ടിക്ക് ചെങ്ങന്നൂരില്‍ ആകെ ലഭിച്ചത് 368 വോട്ട്.

വ്യാപകമായി കള്ളവോട്ട് നടന്നെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാർ രംഗത്തുവന്നിരുന്നു. അതേ സമയം തപാല്‍ സമരം കാരണം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പ്രതീക്ഷിച്ചത്രയും ലഭിച്ചില്ല.

799 സര്‍വീസ് വോട്ടുകളും 40 സര്‍ക്കാര്‍ ജീവനക്കാരുടെ വോട്ടുകളും അടക്കം 839 വോട്ടുകളാണ് തപാല്‍ മാര്‍ഗം എത്തേണ്ടത്. ഇവര്‍ക്ക് നേരത്തേതന്നെ ബാലറ്റ് പേപ്പറുകള്‍ അയച്ചു കൊടുത്തെങ്കിലും ഒന്നും തിരികെ കിട്ടിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലാണ് വോട്ടെണ്ണല്‍ നടന്നത്. സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

1 28നായിരുന്നു വോട്ടെടുപ്പ്. 199340 വോട്ടര്‍മാരില്‍ 1,51,977 പേര്‍ (76.25 ശതമാനം) വോട്ട് രേഖപ്പെടുത്തി. 2016 നേക്കാള്‍ 6,479 വോട്ടുകളാണ് വര്‍ദ്ധിച്ച ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം