അന്ത്യനിദ്രയ്ക്ക് ഒരു തരി മണ്ണില്ല, അനശ്വരയ്ക്കായി സിപിഐഎം ഓഫീസ് വളപ്പ് നല്‍കി

ആലപ്പുഴ: ഹരിപ്പാട് പായിപ്പാട് പാലത്തില്‍ നിന്നും ആറ്റില്‍ വീണു മരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അനശ്വരയുടെ സംസ്‌കാര ചടങ്ങിന് പാര്‍ട്ടി ഓഫീസ് വളപ്പ് വിട്ടു നല്‍കി സിപിഐഎം. വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിയുന്ന അനശ്വരയുടെ കുടുംബത്തിന് സംസ്‌കാര ചടങ്ങിന് ഒരു തരി മണ്ണില്ലാതെ വന്നതോടെയാണ് സിപിഐഎം സഹായവുമായെത്തിയത്. ഹരിപ്പാട് ആയാപറമ്പില്‍ ബൈജു- ശ്രീലതാ കുമാരി ദമ്പതികളുടെ മകള്‍ അനശ്വരയ്ക്ക് ചെറുതന ലോക്കല്‍ കമ്മിറ്റി ഓഫീസ് വളപ്പിലാണ് അന്ത്യവിശ്രമത്തിന് പാര്‍ട്ടി സൗകര്യമൊരുക്കിയത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് സംസ്‌കാര ചടങ്ങിനായുള്ള സാമ്പത്തിക സഹായവും ആലപ്പുഴയിലെ സഖാക്കള്‍ നല്‍കി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ചെറുതന ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അനശ്വരയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും ആറ്റില്‍ മുങ്ങിമരിച്ച 10ാം ക്ലാസുകാരിയുടെ മൃതദേഹം കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും സംസ്‌കരിക്കാന്‍ ഇടമില്ലാതെ വന്നതോടെ ഹരിപ്പാട് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു. മൂന്ന് മക്കള്‍ക്കൊപ്പം മാതാപിതാക്കള്‍ നാളുകളായി കഴിയുന്നത് വാടക വീട്ടിലാണ്. ഇവിടെ മൃതദേഹം അടക്കാന്‍ കഴിയാതെ വന്നതോടെയാണ് ആലപ്പുഴയിലെ സഖാക്കള്‍ തൊട്ടടുത്തുള്ള പാര്‍ട്ടി ഓഫീസ് വളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്താമെന്ന് കുടുംബത്തെ അറിയിച്ചത്.

ചെറുതന ലോക്കല്‍ കമ്മിറ്റി ഓഫീസിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജില്ലാ സെക്രട്ടറി സജി ചെറിയാനും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തുകയും സാമ്പത്തിക സഹായത്തിനുള്ള ഏര്‍പ്പാട് ചെയ്യുകയും ചെയ്തു.
സാമ്പത്തിക പരാതീനതയുള്ള കുടുംബത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ധനസഹായത്തിന് മുഖ്യമന്ത്രിയുമായി ആലപ്പുഴയിലെ പാര്‍ട്ടി ഘടകം ബന്ധപ്പെട്ടു. ഇതേ തുടര്‍ന്ന് കളക്ടറോട് മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം