നിയമസഭാ കക്ഷി യോഗത്തില്‍ എല്ലാ എം എല്‍എമാരും എത്തിയില്ല; കോണ്‍ഗ്രസ് ആശങ്കയില്‍

ബംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വിളിച്ച് ചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തിലേക്ക് പുതുതായി തിരഞ്ഞെടുത്ത എല്ലാ എംഎല്‍എമാരും എത്താത്തത് നേതൃത്തെ ആശങ്കയിലാഴ്ത്തി.

രാവിലെ എട്ടു മണിക്ക് വിളിച്ച് ചേര്‍ത്ത യോഗത്തിലേക്ക് 66 എംഎല്‍എമാര്‍ മാത്രമാണ് ഇതുവരെ എത്തിച്ചേര്‍ന്നത്. ബാക്കിയുള്ളവര്‍ എത്താത്തത് മൂലം പതിനൊന്ന് മണി കഴിഞ്ഞിട്ടും യോഗം ചേരാനായിട്ടില്ല. 78 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചിരുന്നത്.

ഇതിനിടെ ബെല്ലാരിയിലെ നാല് എംഎല്‍എമാരെ ബന്ധപ്പെടാന്‍ കോണ്‍ഗ്രസിന് ആയില്ല. ബിജെപിയില്‍ നിന്ന് കൂറുമാറിയാണ് ഇവര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചത്. ആനന്ദ് സിംഗ്, നാഗേഷ് എന്നിവരടക്കം നാലുപേരാണ് യോഗത്തിനെത്താത്തത്. റെഡ്ഢി സഹോദരന്മാരുടെ സഹായികളായിരുന്നു ഇവര്‍.

ലിംഗായത്ത് മേഖലയില്‍ നിന്നുള്ള എംഎല്‍എമാരാണ് എത്താത്തത്. റോഡിലെ ഗതാഗത തിരക്ക് മൂലമാണ് ഇവര്‍ വൈകുന്നതെന്നാണ് നേതാക്കള്‍ പറയുന്നത്. ഇവരെ പ്രത്യേക വിമാനത്തില്‍ ബെംഗളൂരുവില്‍ എത്തിക്കുമെന്നാണ് സുചന.

യോഗത്തിനെത്തിയ എംഎല്‍എമാരുടെ ഒപ്പുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ചരടുവലികളുമായി ബിജെപി എംഎല്‍എമാരെ സമീപിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് നാടകീയ നീക്കങ്ങള്‍. ഇതിനിടെ ആഡംബര ഹോട്ടലില്‍ ചേരുന്ന ജെഡിഎസ് യോഗത്തിലേക്കും രണ്ട് എംഎല്‍എമാര്‍ എത്തിയില്ല.

രാജ വെങ്കടപ്പ നായക, വെങ്കട റാവു നദഗൗഡ എന്നിവരാണ് ജെഡിഎസ് യോഗത്തിലേക്ക് എത്താത്ത എംഎല്‍എമാര്‍. അതേ സമയം എല്ലാ എംഎല്‍എമാരും ഒപ്പമുണ്ടെന്ന് കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ അറിയിച്ചു.

ബിജെപി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ഇവര്‍ അറിയിച്ചു. തങ്ങള്‍ക്ക് പണവും സ്ഥാനമാനങ്ങളും ബിജെപി വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി എംഎല്‍എമാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ ബെംഗളൂരുവില്‍ ചേര്‍ന്ന ബിജെപി യോഗത്തില്‍ നിയമസഭാ കക്ഷി നേതാവായി ബി.എസ്.യദ്യൂരപ്പയെ തിരഞ്ഞെടുത്തു. തുടര്‍ന്ന് അദ്ദേഹം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഗവര്‍ണറെ സമീപിച്ചു.

Loading...