ജനനായകന് ജനങ്ങളുടെ കരുതലിൽ സ്മാരകം ഉയരുന്നു ; ഇ കെ നായനാർ സ്മാരകം നാളെ നാടിന് സമര്‍പ്പിക്കും

കണ്ണൂർ: ജനനായകന്  ജനങ്ങളുടെ കരുതലിൽ സ്മാരകം ഉയരുന്നു ;ഇ കെ നായനാർ സ്മാരകം നാളെ നാടിന് സമര്‍പ്പിക്കും . നായനാര്‍ക്ക് ജന്മ നാട്ടില്‍ സ്മാരകം ഉയരുമ്പോൾ അതിന്റെ സന്തോഷം കല്യാശേരി ‘ശാരദാസി’ലും അലയടിക്കുന്നു.

എല്ലാം പാർടിയായിരുന്ന നായനാർക്ക് അത്യുത്തമമായ സ്മാരകമാണ് പടുത്തുയർത്തിയതെന്ന് സഹധർമിണി ശാരദടീച്ചർ പറയുന്നു.  ദീർഘകാലം മുഖ്യമന്ത്രിയും സിപിഐ എമ്മിന്റെ സമുന്നത നേതാവുമായ ഇ കെ നായനാർ വിട്ടുപിരിഞ്ഞിട്ട് ശനിയാഴ്ച പതിനാല് വർഷം തികയുകയാണ്. സഖാവിനൊപ്പമുള്ള ഓർമകൾ  ഊർജമാക്കിയ ശാരദടീച്ചർ സംസാരിച്ചു തുടങ്ങി .

“ജനങ്ങളെ അത്രയധികം സ്നേഹിച്ചിരുന്നു സഖാവ്. എന്തു തീരുമാനവും പാർടിയോട് ചോദിച്ചശേഷമേ എടുത്തിരുന്നുള്ളൂ. പാർടിക്കുവേണ്ടിയാണ് സഖാവ് ജീവിച്ചത്. ഇതിലേ കടന്നുപോകുമ്പോൾ സഖാവിന്റെ  വീട് കാണാനായി ദിവസവും ധാരാളം പേർ എത്തുന്നുണ്ട്. സഖാവിന് പാർടിയോടും ജനങ്ങളോടുമുണ്ടായിരുന്ന അതിരറ്റ സ്നേഹം തിരിച്ചുകിട്ടുകയാണ് ഞങ്ങൾക്ക‌്”‐ ടീച്ചർ പറയുന്നു.

അമ്മേടെ അമ്മാമന്റെ മകനാണ് സഖാവ്. കുഞ്ഞുനാളിലേ അറിയാമായിരുന്നു. പതിനാറ് വയസ് അധികമുള്ള സഖാവുമായി 1958 സെപ്തംബർ 28നായിരുന്നു വിവാഹം.

സിആർസിയിൽ താലിമാലയും മോതിരവുമില്ലാതെ മുല്ലപ്പൂമാല മാത്രം ചാർത്തിയുള്ള വിവാഹം. ഞങ്ങളുടെ വിവാഹത്തിന്റെ അറുപതാം വർഷത്തിലാണ് നായനാർ അക്കാദമി ഉയരുന്നതെന്നത‌് ഏറെ സന്തോഷം നൽകുന്നു.

എല്ലാ കാലത്തും നിലനിൽക്കുന്ന, നാടിനുതന്നെ അഭിമാനിക്കാവുന്ന സ്മാരകമായാണ് നായനാർ അക്കാദമി ഉയരുന്നത്. ഒരുപാട് പേർക്ക് പഠിക്കാനും വളരാനും സഹായകരമാകുന്ന വിപുലമായ പഠനകേന്ദ്രം. സഖാവിന്റെ ജീവിതംതന്നെ ഒരു പാഠപുസ്തകമാണ.് എല്ലാവർക്കും അത് മനസ്സിലാക്കാനും എന്നും ഓർമിക്കാനും അക്കാദമി വഴി സാധിക്കട്ടെയെന്നും ശാരദടീച്ചർ പറഞ്ഞു.

കുഞ്ഞുനാൾ മുതലേ പാർടിക്കാരെയും പാർടിപ്രവർത്തനവും കണ്ട് പരിചയിച്ചാണ് വളർന്നത്. കല്യാണം കഴിഞ്ഞ വേളയിൽതന്നെ സഖാവ് പറഞ്ഞു ‘നീയൊരു രാഷ്ട്രീയക്കാരന്റെ ഭാര്യയാണ്. നീ വിചാരിച്ചതൊന്നും നടക്കൂലെന്ന‌്.

കൂടുതൽ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സഖാവ് വല്ലപ്പോഴും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. 1980ൽ മുഖ്യമന്ത്രിയായപ്പോൾ സ്കൂളിൽനിന്ന് ലീവെടുത്ത് തിരുവനന്തപുരത്ത് മക്കൾക്കൊപ്പം താമസിച്ചു. പിന്നീട് 1987മുതലാണ് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്.

അവസാനകാലത്ത് രോഗങ്ങൾ സഖാവിനെ കീഴ്പ്പെടുത്താൻ തുടങ്ങിയപ്പോൾ എല്ലാ യാത്രകളിലും കൂടെയുണ്ടായിരുന്നു. ലണ്ടനിൽ പോയത് മറക്കാനാവാത്ത അനുഭവമാണ്.

സഖാവിന്റെ തറവാട് വീടിനോട് ചേർന്നാണ് ശാരദാസ് നിർമിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലായതിനാൽ ഗൃഹപ്രവേശ ദിവസംപോലും എത്താൻ സഖാവിന് കഴിഞ്ഞിട്ടില്ല. തന്റെ സ്വപ്രയത്നംകൊണ്ട് നിർമിച്ച വീടായതിനാൽ ശാരദാസ് എന്ന പേര് നിർദേശിച്ചതും സഖാവാണ്.

ഏറമ്പാല ജന്മികുടുംബത്തിൽ സമ്പത്തിന്റെ നടുവിലാണ് സഖാവിന്റെ ജനനമെങ്കിലും പത്താംക്ലാസ് കഴിഞ്ഞശേഷം ആറോൺ സമരത്തിൽ പങ്കാളിയായി. പിന്നീട് സജീവ പാർടി പ്രവർത്തകനായി. ജയിലിൽ കഴിയവേ ഹിന്ദി പഠിച്ചതും ടീച്ചർ ഓർക്കുന്നു.

എ വി കുഞ്ഞമ്പുവാണ് സഖാവിനെ ഹിന്ദി പഠിപ്പിച്ചത്. ഞാൻ മക്കളെയും കൂട്ടി കാണാൻ ചെല്ലുമ്പോൾ ഹിന്ദി അക്ഷരമാല പുസ്തകം കൊണ്ടുവരാനാണ് ഏൽപ്പിക്കുക. മറ്റുള്ളവരെല്ലാം നല്ല ഭക്ഷണം കൊണ്ടുവരാൻ പറയുമ്പോഴാണ് സഖാവിന്റെ ‘ഹിന്ദിപ്രേമം’.

വായന ഒഴിഞ്ഞൊരു സമയം സഖാവിനെ കാണാൻ പറ്റില്ല. ദീർഘയാത്രയ്ക്ക് പോകുമ്പോഴും വായിക്കേണ്ട പുസ്തകങ്ങളും ആഴ്ചപ്പതിപ്പുകളും എടുത്താണ് പോവുക. ഡൽഹിയിലേക്കുള്ള ഫ്ളൈറ്റ് യാത്രയിൽ ഉൾപ്പെടെ വായനയായിരിക്കും. സംസാരിക്കുന്നില്ലെന്ന് പരാതി പറഞ്ഞാൽ ഒരു പുസ്തകം നീയും എടുത്തോയെന്ന് പറയും. ‘ദേശാഭിമാനി’ പത്രം കിട്ടിയില്ലെങ്കിൽ പുകിലാണ്.

പള്ളിക്കുന്നിൽ ദേശാഭിമാനി ആരംഭിച്ചപ്പോൾ രാജ്യം കീഴടക്കിയ സന്തോഷമായിരുന്നു. ‘നോക്കിക്കോ ശാരദേ, ഇനി എല്ലാ ജില്ലകളിലും ദേശാഭിമാനി ഓഫീസ് തുടങ്ങു’മെന്ന് ഏറെ സന്തോഷത്തോടെ പറയുമായിരുന്നു. എന്തു തിരക്കായാലും ഏതു പാതിരയ്ക്കായാലും ദേശാഭിമാനി ഓഫീസിന് മുന്നിലൂടെ പോകുമ്പോൾ അവിടെയൊന്നു കയറാതെ വീട്ടിലേക്ക് വരില്ല.

ഒരിക്കൽ അടുത്ത ബന്ധു മരിച്ച് വീട്ടിലേക്ക് പോവുകയാണ്. ദേശാഭിമാനി ഓഫീസ് കണ്ടതോടെ വാഹനം നേരെ അവിടേക്കെടുക്കാൻ പറഞ്ഞു‐ ചിരിച്ചുകൊണ്ട് ടീച്ചർ ഓർമകൾ അയവിറക്കി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം