കെഎസ്ആര്‍ടിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ സർക്കാർ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കെഎസ്ആർടിസി പെൻഷൻകാരോട് സർക്കാരിന് പ്രതിബദ്ധതയുണ്ട്. എന്നാൽ പെൻഷൻ ഏറ്റെടുക്കില്ല. പെൻഷൻകാർക്ക് പണം മുടങ്ങുന്ന സാഹചര്യമുണ്ടാകാതിരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

കെഎസ്ആർടിസിയിൽ പ്രതിമാസം 10 കോടി രൂപയാണ് ഡീസൽ വില വർധനയെ തുടർന്നുള്ള അധികബാധ്യത. വരവിനെക്കാൾ ചെലവ് വരുന്നതാണ് പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി പരിഹരിക്കുന്നതിന് സുശീൽ ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പുനഃസംഘടന നടക്കുകയാണ്. യുഡിഎഫ് ഭരണകാലത്ത് കെഎസ്ആർടിസിയിലെ പ്രതിസന്ധി ഇതിനേക്കാളും രൂക്ഷമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തേ, കെഎസ്ആർടിസി പ്രതിസന്ധി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കർ നിഷേധിച്ചു. ഇതേത്തുടർന്ന് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം