സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ചലച്ചിത്ര സംവിധായിക ഇന്ദിര പരിയാപുരം അന്തരിച്ചു

തിരുവനന്തപുരം:ചലച്ചിത്ര സംവിധായിക ഇന്ദിര പരിയാപുരം [55] അന്തരിച്ചു. ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു. മലപ്പുറം തിരൂര്‍ സ്വദേശിയാണ്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ശാന്തികവാടത്തില്‍.

‘കഥാര്‍സിസ് ‘ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ വ്യക്തിയാണ് ഇന്ദിര. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുടുംബങ്ങളിലും പൊതുസമൂഹത്തിലും സൃഷ്ടിക്കുന്ന ആഘാതമാണ് കഥാര്‍സിസ് തുറന്നുകാട്ടുന്നത്. ഇന്ദിര തന്നെയാണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം പങ്കെടുത്ത ആറ് ചലച്ചിത്ര മേളകളിലും അംഗീകാരം നേടി.

സിനിമയ്ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു ഇന്ദിരയുടേത്. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഇന്ദിര സ്വയം തെരഞ്ഞെടുത്ത വഴിയായിരുന്നു സിനിമ. തിരുവനന്തപുരം സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സിനിമ പഠനം പൂര്‍ത്തിയാക്കിയത്.

സമാന്തര സിനിമയുടെ സജീവ സാന്നിധ്യമായിരുന്ന പി എ ബക്കറിന്റെ പ്രിയപ്പെട്ട ശിഷ്യയായിരുന്നു ഇന്ദിര. എ എ അസീസിന്റെ ‘അത്യുന്നതങ്ങളില്‍ കൂടാരം പണിതവര്‍’, എന്ന ചിത്രത്തില്‍ അസോസിയേറ്റ് ഡയറക്ടറായും ലെനിന്‍ രാജേന്ദ്രന്റെ ‘കുലം’ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത് ഹ്രസ്വചിത്രങ്ങളില്‍ സജീവമായി. സിഡിറ്റ് ചെയ്ത നിരവധി ഹ്രസ്വചിത്രങ്ങള്‍ക്ക് പിന്നില്‍ ഇന്ദിരയാണ്.

ബീനാ പോള്‍ ചെയ്ത ഹ്രസ്വചിത്രങ്ങള്‍ക്ക് അസോസിയേറ്റായി. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ വി.എം.ദീപ സംവിധാനം ചെയ്ത, മികച്ച സമകാലിക ടെലിവിഷന്‍ പരിപാടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയ, ‘വഹാ ഇന്‍സാന്‍ കോ മാരാ’യെന്ന ഹ്രസ്വചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഇന്ദിരയാണ്.

ഇന്ദിര പരിയാപുരത്തിന്റെ സംവിധാന സ്വപ്നം സഫലമായത് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം കഥാര്‍സിസിലൂടെയാണ്. ഇന്ദിര ഒരുക്കിയ നിരവധി മികച്ച തിരക്കഥകള്‍ ഇനിയും വെളിച്ചം കാണാനുണ്ട്. സ്വന്തം കുട്ടിക്കാലത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കുട്ടികള്‍ക്കായി ഒരു സിനിമയൊരുക്കുകയെന്നത് ഇന്ദിരയുടെ വലിയ സ്വപ്‌നമായിരുന്നു. ഇതിനായുള്ള തിരക്കഥയും തയ്യാറാക്കിവെച്ചാണ് ഇന്ദിര യാത്രയായതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം