കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഇനി വധശിക്ഷ;സൂറത്ത്, കത്വ, ഉന്നാവൊ സംഭവങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.

ഡല്‍ഹി: 12 വയസില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭ സ്വീകരിക്കുമെന്ന് സൂചന. ഇതിനു വേണ്ടിയുള്ള സുപ്രധാന ഓര്‍ഡിനന്‍സ് ഇന്ന് പരിഗണിച്ചേക്കും. ഈ ഓര്‍ഡിനന്‍സ് ഇന്ന് തന്നെ ഇറക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

സൂറത്ത്, കത്വ, ഉന്നാവൊ സംഭവങ്ങളില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കാനായി കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

പുതിയ ഓര്‍ഡിനന്‍സ് പുറത്തിക്കുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാനാവുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമം സംബന്ധിച്ച നിലവിലെ പോക്‌സോ (protection of children from sexual offences ( POCSO) നിയമത്തില്‍ കുറ്റകൃത്യത്തിന്റെ തീവ്രതയനുസരിച്ച് മൂന്നു മുതല്‍ 10 വര്‍ഷം വരെയാണ് ശിക്ഷ.

എന്നാല്‍ ദിവസേനയെന്നോണം ഉത്തരേന്ത്യയില്‍ വ്യാപകമായി കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമത്തിന് തയ്യാറാകുന്നത്. കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച സര്‍ക്കാര്‍ അഭിപ്രായം വ്യക്തമാക്കിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഇത്തരം കുറ്റങ്ങള്‍ക്ക് വധശിക്ഷ എന്ന നിലപാടിലേക്ക് സര്‍ക്കാരെത്തുന്നത്. രാജ്യത്ത് ദിവസം 106 റേപ്പ് കേസുകള്‍ ഉണ്ടാകുന്നുണ്ടെന്നാണ് 2016 ലെ കണക്ക്. ഇതില്‍ 10 ല്‍ നാലുപേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് കണക്ക്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം