ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്;76.8 ശതമാനം പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു

ആലപ്പുഴ:ത്രികോണ മത്സരം നടന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിനെ മറികടന്ന പോളിങ്ങാണ് ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തയത്. 76.8 ശതമാനം പോളിങ്ങാണ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നടന്നത്. നഗരസഭയിലും 10 പഞ്ചായത്തുകളിലും രാവിലെ എട്ടിന് തന്നെ .8 ശതമാനം പേര്‍ വോട്ട് ചെയ്തു മടങ്ങിയിരുന്നു.

ഒന്‍പത് മണിയാകുമ്പോഴേക്കും 15.7 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ മുതല്‍ തുടങ്ങിയ മഴ ഇടയ്ക്ക് പോളിങിനെയും ബാധിച്ചു. എങ്കിലും 11 മണി ആയപ്പോഴേക്കും 31.30 ശതമാനം പേര്‍ വോട്ട് ചെയ്തു കഴിഞ്ഞിരുന്നു. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ രാഷ്ട്രീയ നേതൃത്വത്തിനും ആശങ്കയുണ്ട്.

യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാറും എല്‍.ഡി.എഫിലെ സജി ചെറിയാനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. 101 ശതമാനം വിജയ പ്രതീക്ഷയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ പറഞ്ഞു. മികച്ച ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തുമെന്ന് സജി ചെറിയാനും വ്യക്തനാക്കി.

ബി.ജെ.പി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ളയും വിജയപ്രതീക്ഷ പങ്കുവെച്ചു. എല്‍.ഡി.എഫ് എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മണ്ഡലത്തിലെ ആകെയുള്ള 1,99,340 വോട്ടര്‍മാരില്‍ 92,919 പുരുഷന്മാരും 1,06,421 സ്ത്രീകളുമാണ്.

2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ പോളിങ് ശതമാനം 74.36 ആയിരുന്നു. അന്നുണ്ടായിരുന്ന 195493 വോട്ടര്‍മാരില്‍ 143363 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. അന്നു ജില്ലയിലെ ശരാശരി പോളിങ് 79.88 ശതമാനമായിരുന്നു.

2014ലെ ലോകസഭ പൊതുതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പോളിങ് 67.73 ശതമാനവും ജില്ലയിലെ ശരാശരി 76.83 ശതമാനവുമായിരുന്നു. 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 71.18ശതമാനവും 2009ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ 67.67 ശതമാനവും ആയിരുന്നു മണ്ഡലത്തിലെ പോളിങ്. അന്നു ജില്ലയിലെ ശരാശരി പോളിങ് യഥാക്രമം 79.11ശതമാനവും 77.17 ശതമാനവും ആയിരുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം