സുനന്ദ പുഷ്കറിന്റെ മരണത്തിൽ ശശി തരൂർ പ്രതി

സുനന്ദ പുഷ്കറിന്റെ മരണത്തിൽ  ശശി തരൂരിനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയിലാണു കുറ്റപത്രം സമർപ്പിച്ചത്. ആത്മഹത്യാ പ്രേരണയ്ക്കും ഗാർഹിക പീഡനത്തിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം, സുനന്ദയുടേത് ആത്മഹത്യ തന്നെയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. തെളിയിക്കപ്പെട്ടാൽ പത്തുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. കേസിൽ ഈമാസം 24ന് വീണ്ടും വാദം കേൾക്കും.

യുക്തിക്കു നിരക്കാത്ത കുറ്റപത്രമാണു പൊലീസ് പുറത്തിറക്കിയിരിക്കുന്നതെന്നും ഇതിനെ ശക്തമായിത്തന്നെ നേരിടുമെന്നും ശശി തരൂർ വ്യക്തമാക്കി. താൻ കാരണമാണ് ആത്മഹത്യയെന്നതു സുനന്ദയെ അറിയാവുന്ന ആരും വിശ്വസിക്കുകയില്ല. പൊലീസിന്റേത് അവിശ്വസനീയ നടപടിയാണെന്നും തരൂർ ട്വീറ്റ് ചെയ്തു.

‘നാലു വർഷത്തിലേറെയെടുത്തു പുറത്തുവന്ന അന്വേഷണ റിപ്പോർട്ട് ഇതാണെങ്കിൽ ഡൽഹി പൊലീസിന്റെ രീതികളും എന്താണ് അവരെ ഇത്തരമൊരു കുറ്റപത്രത്തിലേക്കു നയിച്ചതെന്നതു സംബന്ധിച്ചും എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്. സുനന്ദയുടെ മരണത്തിൽ ആർക്കെതിരെയും ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതിയിൽ ഇക്കഴിഞ്ഞ ഒക്ടോബർ 17നു പൊലീസിന്റെ അഭിഭാഷകൻ തന്നെ സമ്മതിച്ചതാണ്. ആറുമാസത്തിനു ശേഷം അവരിപ്പോൾ പറയുന്നു ആത്മഹത്യയ്ക്കു പ്രേരണയായത് ഞാനാണെന്ന്. അവിശ്വസനീയം!’–തരൂർ കുറിച്ചു.

2014 ജനുവരി 17നാണ് സുനന്ദ പുഷ്കറെ ഡൽഹി ചാണക്യപുരിയിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശശി തരൂരാണ് സുനന്ദയെ മരിച്ച നിലയിൽ ആദ്യം കണ്ടതെന്നാണ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാർ അന്ന് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണമെന്നും അൽപ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്‌റ്റ്‌മോർട്ടം നടത്തിയ ഡോ.സുധീർ ഗുപ്‌ത ആദ്യം വ്യക്‌തമാക്കിയിരുന്നു. എന്നാൽ, അൽപ്രാക്‌സിന്റെ സാന്നിധ്യം സുനന്ദയുടെ ഉള്ളിൽ കണ്ടെത്താതിരുന്നത് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിനെക്കുറിച്ചും സംശയത്തിന് ഇടയാക്കി. റിപ്പോർട്ട് കെട്ടിച്ചമയ്‌ക്കാൻ തന്റെമേൽ സമ്മർദമുണ്ടായെന്ന് ഡോ.ഗുപ്‌ത പിന്നീട് ആരോപിച്ചു.

എയിംസ് ഓട്ടോപ്സി വിഭാഗം നടത്തിയ പരിശോധനയിൽ കാരണം കണ്ടുപിടിക്കാൻ കഴിയാതെ വന്നതോടെ യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) സഹായം തേടി. അസ്വാഭാവികമരണം ആണെന്നു കണ്ടെത്തിയ എഫ്ബിഐ റേഡിയോ ആക്ടീവ് വിഷം പ്രയോഗിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു. മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം ശശി തരൂർ ഉൾപ്പെടെ ഏഴുപേരെ ചോദ്യംചെയ്തിരുന്നു. അതിൽ ആറുപേരെ പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയരാക്കി. മരണത്തിനു മുമ്പു സുനന്ദയുടെ മൊബൈൽ ഫോണിൽ വന്ന കോളുകളും അവർ നടത്തിയ ചാറ്റിങ്ങും വിശകലനം ചെയ്തിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം