സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കുന്നവരെല്ലാം കേള്‍ക്കണം മോളി എന്ന വീട്ടമ്മയുടെ ചോദ്യം

കോഴിക്കോട്:സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന സാധാരണക്കാരെ പന്ത് തട്ടുന്ന പോലെ തട്ടി കളിക്കുന്ന ഉദ്യോഗസ്ഥ മേലാളന്മാര്‍ക്ക് മുന്നില്‍ തോറ്റ് പോയി സ്വന്തം ജീവിതം കൊണ്ട് പ്രതിഷേധം രേഖപ്പെടുത്തിയ കോഴിക്കോട് ചക്കിട്ടപ്പാറ കാവില്‍ പുരയിടം വീട്ടില്‍ ജോയി എന്ന തോമസ്‌. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവരെല്ലാം കേള്‍ക്കണം ജോയിയുടെ മരണത്തോടെ ഒറ്റപ്പെട്ടു  പോയ ഭാര്യ മോളിയുടെ  ഈ ചോദ്യങ്ങള്‍.

മൂന്നു പെങ്കുഞ്ഞുങ്ങളാ എനിക്ക്… ഇതുങ്ങളേം കൊണ്ട് ഞാനിനി എന്തു ചെയ്യും…? ഞങ്ങള്‍ക്ക് പോയി.. അവര്‍ക്കെന്നാ പോകാനാ? അവരു ഗവര്‍ണ്‍മെന്‍റിന്‍റെ ശമ്പളം മേടിക്കുന്നവരല്ലേ?.. മോളി എന്ന വീട്ടമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന ചോദ്യങ്ങള്‍ ചെന്നു തറയ്ക്കുന്നത് സര്‍ക്കാരിന്‍റെയും ഉദ്യോഗസ്ഥ വൃന്ദത്തിന്‍റെയും മന:സാക്ഷിയുടെ നേരെയാണ്.

നികുതി സ്വീകരിക്കാൻ വിസമ്മതിച്ചതി​നെ തുടർന്ന്​ വില്ലേജ്​ ഓഫീസിൽ തൂങ്ങി മരിച്ച കര്‍ഷകന്‍ കോഴിക്കോട് ചക്കിട്ടാംപാറയിലെ കാവില്‍ പുരയിടം വീട്ടില്‍ ജോയി എന്ന തോമസിന്‍റെ ഭാര്യയാണ് മോളി.

പറക്കമുറ്റാത്ത മൂന്നു പെണ്‍കുട്ടികളെയും കെട്ടിപ്പിടിച്ചുള്ള മോളിയുടെ വിലാപം അല്‍പ്പമെങ്കിലും മനുഷ്യത്വം മരവിക്കാത്തവര്‍ക്ക് കണ്ണു തുടയ്ക്കാതെ കണ്ടു നില്‍ക്കാനാവില്ല.

പല രോഗങ്ങളുടെയും അടിമയാരുന്നു ആ മനുഷ്യന്‍. വര്‍ഷങ്ങളായി ഞങ്ങള്‍ ഇതിനു പിറകേ നടക്കുന്നു. എല്ലാ രേഖയുമുണ്ട് സ്ഥലത്തിന്. എന്നു ചെന്നാലും ഒരുമാസം കഴിഞ്ഞ് വരാന്‍ പറയും. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് കത്ത് കൊടുത്തു. ഇടയ്ക്ക് ഞാനും പോകുമായിരുന്നു. നിങ്ങളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത് എന്തെങ്കിലും ചെയ്തു തരാന്‍ കാലുപിടിച്ച് പറഞ്ഞു. ഇന്നലെ ഞാന്‍ പനിച്ചു കെടക്കുവാരുന്നു. അതുകൊണ്ടാ ഇന്നലെ ഞാന്‍ പോകാതിരുന്നത്. സരീഷാണ് കൈക്കൂലി ചോദിച്ചത്.. വേറൊരു സണ്ണി എന്ന മനുഷ്യനുണ്ട്.. എപ്പം ചെന്നാലും പിന്നെ വാ.. പിന്നെ വാ.. എന്നു മാത്രം പറയും.. മോളിയുടെ വാക്കുകള്‍ മുറിയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം