കാസര്‍ഗോഡ് സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്; ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

വെബ് ഡെസ്ക്

സി.പി.എം പ്രവര്‍ത്തകനെ ബൈക്ക് തടഞ്ഞുനിറുത്തി കുത്തിക്കൊന്ന കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്.  ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അശ്വതിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പ്രതികളുടെ രാഷ്ട്രീയബന്ധവും പരിശോധിക്കുമെന്നും കാസര്‍കോട് എസ്പി ഡോ. എ ശ്രീനിവാസ് പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായുള്ള സൂചനയെ തുടര്‍ന്ന് അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചു.

പൈവളികെ റോഡില്‍ സോങ്കാല്‍ പ്രതാപ്‌നഗറിലെ അബൂബക്കര്‍ സിദ്ധിഖ് (23 ) ആണ് ഞായറാഴ്ച രാത്രി 11 മണിയോടെ കൊല്ലപ്പെട്ടത്. മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നെഞ്ചിലും വയറ്റിലും ആഴത്തില്‍ കുത്തേറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. മദ്യവില്‍പനയെ അബൂബക്കര്‍ സിദ്ധിഖിന്റെ നേതൃത്വത്തില്‍ എതിര്‍ത്തിരുന്നു. പലതവണ അബൂബക്കറും കൂട്ടരും പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിലുള്ള പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

ഞായറാഴ്ച രാത്രി വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കിലെത്തിയ ബിജെപി സംഘം വടിവാളുകൊണ്ട് വെട്ടിയത്. ബിജെപി ജില്ലാ നേതാവ് വത്സരാജിന്റെ മരുമകന്‍ അശ്വതിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സിദ്ദീഖിനെ നാട്ടുകാര്‍ ഉടന്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം