പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടതിന് സന്യാസിനി സഭയ്‌ക്കെതിരെ കേസ്

വെബ് ഡെസ്ക്

പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസിനെതിരെ പൊലീസ് കേസെടുത്തു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

ജലന്തര്‍ ബിഷപ്പിനെതിരായ പരാതി സഭയ്ക്കു പുറത്തുള്ള നാലുപേര്‍ കന്യാസ്ത്രീമാര്‍ക്കൊപ്പം ചേര്‍ന്നു നടത്തിയ ഗൂഢാലോചനയെന്നാണ് മിഷനറീസ് ഓഫ് ജീസസ് ആരോപിക്കുന്നത്. ഇപ്പോള്‍ സമരം ചെയ്യുന്ന അഞ്ചു കന്യാസ്ത്രീകള്‍ക്ക് യുക്തിവാദികളുടെ പിന്തുണയുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി സഭ അറിയിച്ചു. അതേസമയം അന്വേഷണ കമ്മീഷന്‍ കണ്ടെത്തലുകള്‍ അറിയിച്ച വാര്‍ത്താക്കുറിപ്പില്‍ കന്യാസ്ത്രീയുടെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദമായി.

പരാതിക്കാരിയെും പിന്തുണയ്ക്കുന്ന അഞ്ചുപേരും സ്ഥലംമാറ്റ ഉത്തരവ് വകവയ്ക്കാതെ കുറവിലങ്ങാട്ടെ മഠത്തില്‍ താമസിച്ച് സഭയുമായി ബന്ധമില്ലാത്ത നാലുപേര്‍ക്കൊപ്പം ഗൂഢാലോചന നടത്തുന്നുവെന്നാണ് കമ്മീഷന്റെ പ്രധാന കണ്ടെത്തല്‍. ഇതിനായി സിസിടിവിയുടെ നിയന്ത്രണം കൈവശപ്പെടുത്തുകയും ചെയ്തു. സന്ദര്‍ശക റജിസ്റ്ററില്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്താറില്ലെന്നു മാത്രമല്ല തിരുത്താനുള്ള സാധ്യതയുമുണ്ട്.

പീഡനം നടന്നുവെന്നു പറയുന്ന 2014 മേയ് അഞ്ചിന് ബിഷപ് മറ്റൊരു മഠത്തിലാണ് താമസിച്ചെന്നതിനുള്ള കൃത്യമായ തെളിവ് അന്വേഷണസംഘത്തിന് കൈമാറുമെന്നും സഭാ വക്താവ് അറിയിച്ചു. 2014 മുതല്‍ പീഡനം നടക്കുന്നുവെന്നാണ് ആരോപണമെങ്കിലും 2015ലും ബിഷപ് പങ്കെടുക്കുന്ന നിരവധി പരിപാടികളില് അനുമതി ചോദിച്ചുവാങ്ങി പരാതിക്കാരി പങ്കെടുത്തിട്ടുണ്ട്. ഇതിന് തെളിവായാണ് മേയ് 23ന് ഒരുചടങ്ങില്‍ ബിഷപ്പിനൊപ്പം പരാതിക്കാരി ഇരിക്കുന്ന ഫോട്ടോ പത്രക്കുറിപ്പിനൊപ്പം സഭ പുറത്തുവിട്ടത്. അതേസമയം അന്വേഷണ കമ്മീഷന്റെ ആരോപണങ്ങള്‍ തള്ളിയ കന്യാസ്ത്രീകള്‍ ചിത്രം പുറത്തുവിട്ടതിനെിരെ നിയമനടപടിയെടുക്കുമെന്ന് വ്യക്തമാക്കി. സന്ദര്‍ശക റജിസ്റ്റര്‍ തിരുത്തിയത് ജലന്തര്‍ രൂപത പിആര്‍ഒ ആണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായും അവര്‍ ചൂണ്ടിക്കാട്ടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം