നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സ സൗജന്യം

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ അടക്കം എട്ട് ആശുപത്രികളില്‍ നവംബര്‍ ഒന്നുമുതല്‍ കാന്‍സര്‍ ചികിത്സ സൗജന്യമാകും. ചികിത്സ സൗജന്യമാക്കുന്ന സുകൃതം പദ്ധതി ചലച്ചിത്രതാരം മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.
കാന്‍സര്‍ സമൂഹത്തില്‍നിന്ന് തുടച്ചുനീക്കാന്‍ കഴിയണമെന്ന ആഗ്രഹമുള്ളതിനാല്‍ പദ്ധതി അധികനാള്‍ നീണ്ടുനില്‍ക്കാന്‍ ഇടവരരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ് പദ്ധതി സമര്‍പ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സുകൃതം പദ്ധതിയുടെ മൂന്നാം ഘട്ടമായി കാന്‍സര്‍ ബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നവംബര്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തിരുവനന്തപുരം സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, മലബാര്‍ കാന്‍സര്‍ സെന്റര്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലുമാണ് എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ സൗജന്യ ചികിത്സ ലഭ്യമാക്കുക. രണ്ടാം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു
.
മരുന്നുവില നിയന്ത്രണം ഒഴിവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയോട് കടുത്ത വിയോജിപ്പാണുള്ളത്. 16 ന് ഡല്‍ഹിയില്‍ പോകുന്ന താന്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. സിഗരറ്റിന്റെ നികുതി എട്ട് ശതമാനം ഉയര്‍ത്തിയതില്‍ മൂന്നുശതമാനം സുകൃതം പദ്ധതിക്കായി വിനിയോഗിക്കും. മദ്യത്തിന് വര്‍ധിപ്പിച്ച ഒരു ശതമാനം സെസ് ഈ പദ്ധതിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ വെബ്‌സൈറ്റ് മന്ത്രി പി. കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. ബ്രോഷര്‍ പ്രകാശനം മന്ത്രി കെ.പി. മോഹനനും ഫെയ്‌സ് ബുക്ക് പേജ് പ്രകാശനം മന്ത്രി ഷിബു ബേബിജോണും നിര്‍വഹിച്ചു. വി. ശിവന്‍കുട്ടി എം.എല്‍.എ ലോഗോയും എം.എ. വാഹിദ് എം.എല്‍.എ ആമുഖ ഗാനവും പ്രകാശനം ചെയ്തു.

മന്ത്രി രമേശ് ചെന്നിത്തല, എ.ടി. ജോര്‍ജ് എം.എല്‍.എ, നഗരസഭാ കൗണ്‍സിലര്‍ ആര്‍. ഹരികുമാര്‍, പ്രവാസി വ്യവസായി സി.കെ. മേനോന്‍, ഡോ. മാര്‍ത്താണ്ഡ പിള്ള, പ്രസ്‌ക്ലബ് പ്രസിഡന്റ് പി.പി. ജയിംസ്, പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍, ആസൂത്രണ ബോര്‍ഡ് അംഗം ജി.വിജയരാഘവന്‍, ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. എം. ബീന, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി. കെ. ജമീല, എന്‍.ആര്‍.എച്ച്. എം മിഷന്‍ ഡയറക്ടര്‍ മിന്‍ഹാജ് അലം, സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ എന്നിവരും പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കാന്‍സര്‍ സൊസൈറ്റിയാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക. ആദ്യഘട്ട പദ്ധതിക്ക് വര്‍ഷം 300 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. പ്രവാസി വ്യവസായി സി.കെ. മേനോന്‍ പദ്ധതിക്കായി ഒരു കോടി രൂപ ചടങ്ങില്‍ മുഖ്യമന്ത്രിക്ക് കൈമാറി. എം.ജി. ശ്രീകുമാറിന്റെ മേല്‍നോട്ടത്തിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ അതിഥികള്‍ക്ക് പൂച്ചെണ്ടിന് പകരം നല്‍കിയ കാരുണ്യ ലോട്ടറികള്‍ അവര്‍ പദ്ധതിക്ക് നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം