ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് ആശങ്കയറിയിച്ച് ഫിഫ

കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളികാണാനെത്തുന്ന ആരാധകരുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായ ഹാവിയര്‍ സെപ്പി. ജംഷ്ട്പൂറിനെതിരായ മത്സരത്തിന് മുന്നോടിയായാണ് കൊച്ചി സ്‌റ്റേഡിയത്തിലെ സുരക്ഷയെ കുറിച്ച് ഹാവിയര്‍ സെപ്പി ട്വിറ്ററിലൂടെ ആശങ്ക അറിയിച്ചത്.

കലൂരിലെ സ്റ്റേഡിയത്തിന്റെ ഏറ്റവും മുകളിലെ നിരയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കണ്ടതിനു ശേഷമാണ് സിപ്പിയുടെ ട്വീറ്റ് വന്നത്. തേര്‍ഡ് ടയറില്‍ ആരാധകര്‍ നിറഞ്ഞിരിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ പെട്ടെന്ന് ഒഴിപ്പിക്കാനുള്ള സംവിധാനം ആ നിരകള്‍ക്കില്ല എന്നും ഒന്നും സംഭവിക്കാതിരിക്കട്ടെ എന്നും സിപ്പി ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ സീസണ്‍ വരെ അറുപതിനായിരത്തോളം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നു കൊച്ചിയിലെ സ്റ്റേഡിയം. എന്നാല്‍ അണ്ടര്‍ 17 ലോകകപ്പിനു മുന്‍പായി സ്റ്റേഡിയത്തിന്റെ സീറ്റ് കപ്പാസിറ്റി വളരെയധികം കുറഞ്ഞ് മുപ്പത്തൊമ്പതിനായിരത്തോളമായി. സ്റ്റേഡിയം നവീകരിച്ച് ബക്കറ്റ് സീറ്റുകള്‍ നിരത്തിയതോടെയാണ് കപ്പാസിറ്റി കുറഞ്ഞത്.

ഫിഫയുടെ സ്റ്റേഡിയം സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി ഡ17 ലോകകപ്പില്‍ 29000 പേര്‍ക്കുള്ള ടിക്കറ്റുകളേ ഈ സ്റ്റേഡിയത്തില്‍ ലഭ്യമായിരുന്നുള്ളു. എന്നാല്‍ ഐഎസ്എല്‍ വന്നതോടെ മുഴുവന്‍ സീറ്റിലേക്കും ടിക്കറ്റ് നല്‍കാന്‍ തുടങ്ങി. ആളുകളുടെ സുരക്ഷയെ വകവെക്കാതെ പണത്തിനു വേണ്ടിയുള്ള ഇത്തരം പ്രവര്‍ത്തികള്‍ എന്തെങ്കിലും അപകടം വിളിച്ചു വരുത്തുമെന്നുറപ്പാണ്. അപകടമുണ്ടായാല്‍ അതിന്റെ വ്യാപ്തിയും വലുതായിരിക്കും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം