ഇന്ത്യയിലെ കള്ളപ്പണക്കാരുടെ ലിസ്റ്റ് സുപ്രീം കോടതിക്ക് കൈമാറി

rupeeന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ കള്ളപ്പണ നിക്ഷേപമുള്ള എല്ലാ ഇന്ത്യക്കാരുടെയും പേരു വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറി. 627 കള്ളപ്പണക്കാരുടെ പേരുകള്‍ മൂന്ന് പട്ടികകളിലായി മുദ്രവെച്ച കവറിലാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി പേരുകള്‍ കൈമാറിയത്. പേരുകള്‍ ഒരിക്കലും പുറത്തുവിടരുതെന്ന് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ ഒരുക്കമാണ്. സിബിഐയോ പ്രത്യേക അന്വേഷണ സംഘമോ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ല. ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പ്രത്യേക കരാര്‍ ഉണ്ടാക്കിയ ശേഷമാണ് ലഭിച്ചത്. പേരുകള്‍ പുറത്തായാല്‍ മറ്റ് രാജ്യങ്ങള്‍ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ തരാന്‍ മടിക്കുമെന്നും എജി കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്കിയ പട്ടിക കോടതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. അന്വേഷണം അവസാനിക്കുന്നതുവരെ പേരുകള്‍ പുറത്തുവിടരുതെന്ന് കോടതി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്കി. വിദേശ രാജ്യങ്ങളില്‍ കള്ളപ്പണ നിക്ഷേപമുള്ള എല്ലാ ഇന്ത്യക്കാരുടെയും പേരു വിവരങ്ങള്‍ നല്‍കാന്‍ ചൊവ്വാഴ്ചയാണ് കോടതി ഉത്തരവിട്ടത്. കള്ളപ്പണക്കാരെ കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് സംരക്ഷിക്കുന്നതെന്നു ചോദിച്ച കോടതി, വിദേശ ബാങ്കുകളില്‍ നിക്ഷേപമുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന മുന്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം തള്ളിക്കളയുകയായിരുന്നു. അതിനിടെ, വിദേശത്തു കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള മൂന്നു കമ്പനികളുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. ഡാബര്‍ ഇന്ത്യ പ്രമോട്ടര്‍ പ്രദീപ് ബര്‍മനടക്കം ഏഴു പേരുകള്‍ ഉള്‍പ്പെടുന്ന സത്യവാങ്മൂലമാണ് സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ നല്‍കിയത്. ബര്‍മനു പുറമേ, രാജ്കോട്ടിലെ സ്വര്‍ണ വ്യാപാരി പങ്കജ് ചിമന്‍ലാല്‍ ലോധ്യ, ഗോവയിലെ ഖനി കമ്പനിയായ ടിംബ്ളോയുടെ സാരഥി രാധ സതീഷ് ടിംബ്ളോ, ഡയറക്ടര്‍മാരായ ചേതന്‍ എസ്. ടിംബ്ളോ, റോഹന്‍ എസ്. ടിംബ്ളോ, അന്ന എസ്. ടിംബ്ളോ, മല്ലിക എസ്. ടിംബ്ളോ എന്നിവരുടെ പേരുകളും ഈ പട്ടികയിലുണ്ടായിരുന്നു.

Related article:  കള്ളപ്പണനിക്ഷേപം; മൂന്ന് ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തുവിട്ടു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം