ചെറിയ കാര്യങ്ങളും വലിയ കളികളും നടക്കുമ്പോള്‍ മലയാളി അറിയേണ്ടത്…ബിഗ്‌ബോസ് അവലോകനം

ഷഫീക്ക് മട്ടന്നൂര്‍

ബിഗ് ബോസ്സ്…ഇനി ചെറിയ കാര്യങ്ങളില്ല വലിയ കളികള്‍ മാത്രം…മലയാളത്തില്‍ ഇപ്പോള്‍ ഒന്നാമതായി മുന്നേറിക്കൊണ്ടിരിക്കുന്ന റിയാലിറ്റി ഗെയിം ഷോ. മലയാളത്തില്‍ വരുന്നതിന് മുന്‍പേ തന്നെ ഹിന്ദിയി, മറാത്തി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളില്‍ പരീക്ഷിച്ച് വിജയം കണ്ട ബിഗ് ബോസ് മലയാളത്തില്‍ അവതരിപ്പിക്കുമ്പോള്‍ മാറുന്ന മലയാളികള്‍ക്ക് അംഗീകരിക്കാനും അല്ലാത്തവര്‍ക്ക് മുഖം തിരിക്കാനുമുള്ള വക നല്‍കുന്നുണ്ട്. ഫോണ്‍, ടിവി, പത്രം തുടങ്ങിയ വാര്‍ത്താ വിനിമയ മാധ്യമമോ ഉപാധികളോ ഇല്ലാതെ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വീട്ടിനുള്ളില്‍ തന്നിരിക്കുന്ന നിയമങ്ങള്‍ അനുസരിച്ച് കഴിയുക എന്ന അനായാസമായ പ്രയത്‌നമാണ് ബിഗ് ബോസ്. ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍ സമൂഹത്തിന് നേരെ പിടിച്ച കണ്ണാടി. മുന്‍പ് സൂര്യാ ടിവിയില്‍ മലയാളി ഹൗസ് എന്നൊരു ഷോ ഇതു പോലെ അവതരിപ്പിച്ചിരുന്നു അത് കൊണ്ട് ഇതൊരു സ്‌ക്രിപ്റ്റ്ഡ് നാടകമാണെന്ന് പറയുന്നവര്‍ ഓര്‍ക്കുക, ഇത് രണ്ടും രണ്ടാണ്. എന്‍ഡമോള്‍ കമ്പനി നെതര്‍ലന്‍ഡ്‌സില്‍ ആരംഭിച്ച ബിഗ് ബ്രദര്‍ ടെലിവിഷന്‍ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിര്‍മ്മിച്ചിരിക്കുന്നത്

ഷോ തുടങ്ങിയത് മുതലുള്ള പ്രേക്ഷകരുടെ സംശയമായിരുന്നു പരിപാടി സ്‌ക്രിപ്റ്റ്ഡ് ആണോ എന്നത്. അതിന് കാരണവുമുണ്ട്. ഒരു ദിവസം വഴക്കടിക്കുന്നവര്‍ പിറ്റേ ദിവസം നല്ല സുഹൃത്തുക്കളാകുമോ എന്നതായിരുന്നു പ്രധാന കാരണം. എന്നാലൊന്ന് ചിന്തിച്ചു നോക്കൂ. പുറത്ത് പോകാന്‍ കഴിയാത്ത ഒരു വീട്ടില്‍ ഒരു ദിവസം ഒരാളോട് പിണങ്ങിയാല്‍ പിറ്റേ ദിവസവും അഭിമുഖീകരിക്കേണ്ടത് അയാളെ തന്നെയാണ്. അത്‌കൊണ്ട് തന്നെ വഴക്കും അടിപിടയുമെല്ലാം പരിഹരിച്ച് സ്‌നേഹത്തോടെ മുന്നോട്ട് പോകുക എന്നത് മാത്രമാണ് മത്സരാര്‍ത്ഥികള്‍ക്ക് മുന്നിലുള്ള പോംവഴി. നിയമങ്ങള്‍ വായിച്ച് അകത്ത് കയറിയതിനാല്‍ ഇഷ്ടത്തിന് അനുസരിച്ച് പുറത്ത് പോകാനും പറ്റില്ല. ആഴ്ചയില്‍ നടക്കുന്ന എവിക്ഷന്‍ വോട്ടെടുപ്പില്‍ കയറിയാല്‍ മാത്രമേ പുറത്താകാന്‍ പറ്റൂ. അതും നോമിഷേനില്‍ വരുന്ന മത്സരാര്‍ത്ഥിക്ക് വോട്ട് കുറയുകയും വേണം. പ്രേക്ഷകരുടെ അഭിപ്രായവും കണക്കിലെടുക്കും.

മത്സരാര്‍ത്ഥികള്‍…

ഡേവിഡ് ജോണ്‍, മനോജ്, ഹിമ ശങ്കര്‍, ശ്വേതാ മേനോന്‍, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, ദീപന്‍ മുരളി, ദിയ സന, അഞ്ജലി അമീര്‍, രഞ്ജിനി ഹരിദാസ്, അരിസ്റ്റോ സുരേഷ്, പേര്‍ളി മാണി, ശ്രീനിഷ് അരവിന്ദന്‍, ഷിയാസ് കരീം, അര്‍ച്ചന സുശീലന്‍, അഥിതി റായ്, ബഷീര്‍ ബാഷി, അനൂപ് ചന്ദ്രന്‍, സാബു മോന്‍ തുടങ്ങി 18 മത്സരാര്‍ത്ഥികളാണ് മലയാളം ബിഗ് ബോസ് ഷോയിലുള്ളത്. ഇതു വരെയുള്ള പുറത്താക്കല്‍ പ്രക്രിയയില്‍ നിരവധി പേര്‍ പോയതോടെ ശേഷിക്കുന്നത് സാബു മോന്‍, പേര്‍ളി മാണി, അരിസ്റ്റോ സുരേഷ്, ശ്രീനിഷ് അരവിന്ദന്‍, ഷിയാസ് കരീം, അര്‍ച്ചന സൂശീലന്‍, അഥിതി റായ്, ബഷീര്‍ ബാഷി തുടങ്ങി എട്ടുവ പേരാണ്. എണ്‍പത്തി രണ്ടോളം ദിനങ്ങള്‍ പിന്നിട്ടതോടെ ഇനി ശേഷിക്കുന്നത് വെറും 17 ദിനങ്ങള്‍ മാത്രമാണ്. ആ ദിവസങ്ങളില്‍ അറിയാം ആരാകും ബിഗ് ബോസിലെ യഥാര്‍ത്ഥ വിജയി എന്നത്.

ചിരിയും കരച്ചിലും അടക്കം പറച്ചിലും പിന്നെ പ്രണയവും…വികാര വിക്ഷോഭങ്ങളുടെ സമുദ്രം

മനുഷ്യരുടെ വികാര വിക്ഷോഭങ്ങളെ ഒരു വീട്ടിനുള്ളില്‍ അടച്ചിട്ടാല്‍ എന്താകും അവസ്ഥ… അതാണ് ബിഗ് ബോസ്. നേരിട്ട് അറിയാത്ത എന്നാല്‍ കേട്ടു പരിചയം മാത്രമുള്ള 18 മത്സരാര്‍്ഥികള്‍ ഒരു വീട്ടിനുള്ളില്‍ അടച്ചിട്ടാല്‍ അവരില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍. അത് കാണുന്ന പ്രേക്ഷകനില്‍ തങ്ങളുടെതായ സ്വഭാവ ഗുണങ്ങള്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളില്‍ കാണാന്‍ കഴിയും. അറുപതോളം കാമറകള്‍ സദാ സമയം വീക്ഷിക്കുന്ന ഒരിടത്ത് പലപ്പോഴും അതെല്ലാം മറന്ന് നിക്കേണ്ടി വരിക. കാരണം മനുഷ്യരാണ്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ നില്‍ക്കുമ്പോള്‍ നമുക്കുണ്ടാവുന്ന ഒറ്റപ്പെടലില്‍ നിന്ന് മോചനം ലഭിക്കുന്നത് കൂടെയുള്ള മത്സരാര്‍ത്ഥികളുടെ കൂടെ സമയം ചിലവഴിക്കുമ്പോഴാണ്. എന്നാല്‍ മത്സരാര്‍തഥികള്‍ അറിയുന്നില്ല താന്‍ പറഞ്ഞ ഏതു കാര്യമാണ്, അല്ലെങ്കില്‍ ചെയ്ത ഏതു കാര്യമാണ് പുറം ലോകം കാണുന്നത് എന്ന്. ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍ അവരുടെ തനി സ്വഭാവമാണ് ഒരോ ഘട്ടത്തിലും പുറത്ത് വരുന്നതും നാം കാണുന്നതും.

ദഹിക്കാത്ത മലയാളികള്‍ മുഖം തിരിക്കുമ്പോള്‍ പഠിക്കാനുണ്ടേറെ…

ഒരു ദിവസത്തെ 24 മണിക്കൂറില്‍ വെറും ഒന്നര മണിക്കൂര്‍ മാത്രമേ മലയാളികള്‍ ബിഗ് ബോസ് വീട്ടിലെ കാര്യങ്ങള്‍ കാണുന്നുള്ളൂ. എന്നാല്‍ അതൊക്കെയും മലയാളികള്‍ക്ക് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വരും. പരസ്പരമുള്ള പരിഹാസവും തല്ലും പിണക്കവും പിന്നെ പ്രണയവും സ്‌നേഹവുമെല്ലാം. പലപ്പോഴും അതൊന്നും മലയാളി അംഗീകരിക്കില്ല. എന്നാല്‍ ഇത് സമൂഹത്തിന് നേരെ തുറന്ന് വെച്ചിരിക്കുന്ന കണ്ണാടിയാണ്. ഇതില്‍ സ്വീകരിക്കേണ്ടത് സ്വീകരിച്ചും കളയേണ്ടത് കളയകയും ചെയ്താല്‍ ഇതൊരു സംസ്‌കരണ പ്രക്രിയയാണ്. അവിടെയുള്ള മത്സരാര്‍ത്ഥികള്‍ കാണിക്കുന്നത് കോപ്രായമോ നാടകമോ ഒന്നുമല്ല. അവരുടെ ജീവിതമാണ്. ഒരാള്‍ ജനിച്ചു വളര്‍ന്നതു മുതലുള്ള പല സ്വഭാവ ഗുണങ്ങളും അവിടെ കാണാന്‍ സാധിക്കും. പല ഘചട്ടങ്ങളില്‍ വരുന്ന ടാസ്‌കുകളും രഹസ്യ നോമിനേഷനുകളും വിരല്‍ ചൂണ്ടുന്നത് യഥാര്‍ത്ഥത്തില്‍ മത്സരാര്‍ത്ഥിയെ മാത്രമല്ല, നാമോരോരുത്തരെയാണ്. കാരണം അവര്‍ക്ക് വേറെ വഴിയില്ല. ഒരു ഗെയിം ഷോ എന്നതിലുപരി ഒരു കുടുംബ ജീവിതം കൂടിയാണ് ബിഗ്‌ബോസ്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മത്സരാര്‍ത്ഥികള്‍ ആണെങ്കിലും അവരെല്ലാവും ഒരര്‍ത്ഥത്തില്‍ ജീവിത്തതില്‍ പൊരുതി ജയിച്ചവരുമാണ്. അത്തരം മത്സരാര്‍ത്ഥികളില്‍ നിന്ന് നമുക്കും പഠിക്കാനുണ്ടേറെ…

Loading...