അഡ്വക്കറ്റ് ആളൂര്‍ ഗോവിന്ദചാമിയുടെ വക്കീലായി എത്തിയതിനു പിന്നില്‍ :മുംബൈയിലെ അധോംലാകം

Ad- B.A.Aloor
Ad- B.A.Aloor

മലയാളി സമൂഹത്തെ ഞെട്ടിച്ച സൗമ്യവധക്കേസില്‍ പ്രതി കൊലക്കയറില്‍ നിന്നും രക്ഷപ്പെട്ടപ്പോള്‍ ഗോവിന്ദചാമിയെ കുറിച്ച് പറയുമ്പോള്‍ തന്നെ ഓര്‍ക്കുന്ന മറ്റൊരു പേരായി മാറുകാണ് ആളൂര്‍ എന്ന അഭിഭാഷകനും. ഓടുന്ന ട്രെയിനില്‍നിന്ന് തള്ളിയിട്ട് സൗമ്യയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ഗോവിന്ദചാമിയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായ ആളൂരും ഗോവിന്ദചാമിയ്‌ക്കൊപ്പം തന്നെ പ്രസിദ്ധി നേടുകയായിരുന്നു. സംസ്ഥാനത്ത് അത്രയൊന്നും അറിയപ്പെടുന്ന അഭിഭാഷകനല്ലെങ്കിലും കേസിന്റെ കുപ്രസിദ്ധി തന്റെ പേരിലാക്കി മാറ്റിയിരിക്കുകയാണ് ഈ അഭിഭാഷകന്‍. തൃശൂര്‍ ആളൂര്‍ സ്വദേശി ബിജു ആന്റണിയാണ് അഡ്വക്കറ്റ് ആളൂര്‍ എന്ന ചുരുക്കപേരില്‍ പ്രസിദ്ധി നേടിയത്.
govindachamiഇങ്ങനെയൊരു വക്കീല്‍ ഉള്ളകാര്യം സൗമ്യവധക്കേസിനു മുമ്പെ കേരളക്കരയില്‍ അധികമൊന്നും ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. കേരളക്കരയില്‍ ആളൂര്‍ പുതു സാന്നിദ്ധ്യമായതു തന്നെ കാരണം. 1990 ല്‍ തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നിന്ന് പ്രീഡിഗ്രി പാസായി ബിജു ആന്റണി നേരെ പോയത് മുംബൈയിലുള്ള സഹോദരന്റെ അടുത്തേക്ക്. അവിടെവച്ചാണ് പിന്നെ ബിരുദവും എല്‍.എല്‍.ബിയും പാസായത്. മഹാരാഷ്ട്ര ബാറില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത് ജോലിയില്‍ കയറി. വര്‍ഷങ്ങള്‍ക്ക് ശേഷം ഗോവിന്ദചാമിയുടെ അഭിഭാഷകനായി എത്തിയതോടെയാണ് കേരളം ആളൂര്‍ വക്കീലിനെ പറ്റി കേട്ടറിയുന്നതുതന്നെ
ഗോവിന്ദചാമിയുടെ വക്കീലായി എത്തിയതിനു പിന്നില്‍ ശ്രദ്ധിക്കപ്പെട്ട കേസിലൂടെ പ്രസിദ്ധിനേടുകയെന്ന താല്‍പ്പര്യം മാത്രമായിരുന്നില്ല. മുംബൈയിലെ അധോംലാകം തന്നെയാണ് ആളൂര്‍ വക്കീലീന് ഗോവിന്ദചാമിയുടെ വക്കാലത്ത് ഏല്‍പ്പിച്ചുകൊടുത്തത്. തൃശൂരിലെ റെയില്‍വേ സ്‌റ്റേഷനിലും പരിസരങ്ങളിലും ഭിക്ഷാടനം നടത്തി ലഹരി പകയുന്ന കണ്ണുകളോടെ നടന്ന ഗോവിന്ദചാമി മുംബൈയിലെ ഭിക്ഷാടന മാഫിയയുടെ കണ്ണിയായിരുന്നുവെന്നതാണ് അധികമാരും ശ്രദ്ധിക്കാതെ പോയ കാര്യം. കണ്ണികളിലൊന്ന് പിടിക്കപ്പെട്ടാല്‍ മോചിപ്പിക്കാന്‍ ഈ മാഫിയ ഏതറ്റം വരെയും പോകുമെന്നതിനു ഉദാഹരണം കൂടിയാണ് ഗോവിന്ദചാമിയുടെ അപ്പീലുമായി അഭിഭാഷകന്‍ സുപ്രിംകോടതിയില്‍ എത്തിയത്. താനെ, പനവേല്‍, മുംബൈ തുടങ്ങിയ ഇടങ്ങളിലെ ഭിക്ഷാടന മാഫിയയുമായും ഗോവിന്ദ ചാമി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇവരൊക്കെയും ഇപ്പോഴും ഗോവിന്ദചാമിയ്‌ക്കൊപ്പമുണ്ട്.
കൃത്യമായി വന്‍ തുക തന്നെ ഈ മാഫിയ ആളൂര്‍ വക്കീലിന് ഇപ്പോഴും നല്‍കുന്നുണ്ട്. അതുകൊണ്ട്തന്നെയാണ് താന്‍ ഇപ്പോഴും ഈ കേസ് നടത്തുന്നതെന്ന് ആളൂര്‍ വക്കീല്‍ പറയുന്നു. പ്രസിദ്ധി മാത്രമാണ് ആഗ്രഹിച്ചതെങ്കില്‍ കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലും വാദിച്ചശേഷം കൈയൊഴിയാമായിരുന്നില്ലേയെന്നും വക്കീല്‍ ചോദിക്കുന്നു.

മുംബൈയില്‍ തനിക്ക് കൈനിറയെ കേസുകളുണ്ടെന്ന് ആളൂര്‍ വക്കീല്‍ പറയുന്നു. മര്‍ഡര്‍ കേസുകള്‍ക്ക് പഞ്ഞമില്ലാത്ത മുംബൈയില്‍ ഗുണ്ടാസംഘത്തിന്റെ വിശ്വസ്തനായ ആളൂര്‍ വീക്കീലിനെ തേടി ദിവസവും ഒട്ടേറെ കേസുകളെത്തുന്നു. മുംബൈയില്‍ അടുത്തിടെ കൊല്ലപ്പെട്ട എന്‍.സി.സി നേതാവ് സ്വര്‍ണ്ണഷര്‍ട്ടുകാരന്റെ കൊലയാളികളുടെ വക്കാലത്ത് വരെ ആളൂര്‍ വക്കീലിനാണ്. ഈ കേസിലെ പ്രതികള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇടയ്ക്കിടെ ആളൂര്‍ വക്കീല്‍ നാട്ടിലെ കോടതികളിലും കേസ് വാദിക്കാനെത്താറുണ്ട്. ചിലപ്പോഴൊക്കെ സഹായത്തിന് മുംബൈയില്‍ന്നുള്ള അഭിഭാഷകരുമുണ്ടാകും. അതുകൊണ്ട് തന്നെയാണ് ഗോവിന്ദചാമിയുടെ കേസ് പരിഗണിച്ചപ്പോള്‍ കോടതി മുറിയില്‍ മുംബൈയില്‍നിന്നുള്ള അഭിഭാഷകരുടെ എണ്ണം കൂടിയതും.
ഗോവിന്ദചാമിയുടെ കേസ് ഒരു വഴിക്കായപ്പോഴാണ് നാടിനെ നടുക്കിയ ജിഷ വധക്കേസിലെ പ്രതിയെ പോലീസ് പിടികൂടുന്നത്. ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ ആസാം സ്വദേശിയായ പ്രതിയ്‌ക്കെതിരേ വ്യാപക ജനരോഷം ഉയര്‍ന്നതു മുതലാക്കി ആളൂര്‍ വക്കീല്‍ വീണ്ടുമെത്തി. പ്രതിയുടെ വക്കാലത്ത് ഏറ്റെടുക്കുകവഴി ഇത്തവണയും പ്രതി നേടിയെടുത്ത കുപ്രസിദ്ധി തന്നിലേക്കും കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് വിമര്‍ശകര്‍. വക്കാലത്ത് ഏറ്റെടുക്കാന്‍ പ്രതിയുടെ ഒപ്പിനായി ജയിലിലെത്തിയെങ്കിലും പോലീസ് തടസം നിന്നതിനാല്‍ കഴിഞ്ഞില്ല. എന്നാല്‍ തോറ്റു പിന്മാറുന്ന ചരിത്രം തനിക്കില്ലെന്ന് ആണയിടുന്ന ആളൂര്‍ വക്കീല്‍ വക്കാലത്ത് ഏറ്റെടുക്കാന്‍ വേണ്ടി പ്രതിയെ സന്ദര്‍ശിക്കാനുള്ള അനുമതി തേടി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കാനിരിക്കുകയാണ്.

soumyaനാടും നാട്ടുകാരും വെറുക്കുന്ന, ഏറ്റവും കനത്ത ശിക്ഷ തന്നെ കിട്ടണമെന്ന് ലോകം ഒന്നടങ്കം ആഗ്രഹിക്കുന്ന പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായി അവരെ വെള്ളപൂശാന്‍ ശ്രമിക്കുന്നതിനു പിന്നിലെ ചേതോവികാരം എന്താണെന്ന് ആളൂര്‍ വക്കീലിനോട് ചോദിച്ചാല്‍, ഇതെന്റെ അഭിഭാഷക ധര്‍മ്മമെന്നാണ് ആദ്യ മറുപടി. പിന്നെ വക്കീല്‍ കാര്യങ്ങള്‍ വിവരിക്കും. ഡി.ജി.പി നേരിട്ട് ഇടപെട്ട് അന്വേഷിച്ച ഒരു കേസെന്ന നിലയില്‍ പ്രശസ്തമായ ജിഷ വധക്കേസിലെ പ്രതിയ്ക്ക് വേണ്ടി ഹാജരാകാന്‍ കഴിയുകയെന്നത് തന്നെയാണ് പ്രതിഫലത്തെക്കാള്‍ വലിയ കാര്യമെന്ന് വിശദീകരണം. ഇത്രയും ക്രൂരനായ പ്രതിയ്ക്ക് വേണ്ടി ഹാജരാകുന്നതില്‍ മാനസിക പ്രയാസം തെല്ലുമില്ലെ എന്നാണ് ചോദ്യമെങ്കില്‍ അതിനുമുണ്ട് ആളൂര്‍ വക്കീലിന് ന്യായീകരിക്കാന്‍ കാരണങ്ങളേറെ. നിലവില്‍ ജിഷ വധക്കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിന്റെ അഭിഭാഷകനായി കോടതി നിയോഗിച്ചിരിക്കുന്നത് മലയാളിയായ അഭിഭാഷകന്‍ അഡ്വ. രാജനെയാണ്. ഇദേഹത്തിന് അഭിഭാഷക ധര്‍മ്മം നിറവേറ്റാമെങ്കില്‍ എന്തുകൊണ്ട് മുംബൈയില്‍നിന്നെത്തിയ തനിക്ക് പ്രതിയുടെ വക്കാലത്ത് ഏറ്റെടുത്ത്കൂടാ എന്നാണ് ആളൂര്‍ വക്കീലിന്റെ ചോദ്യം.
ഈ കേസില്‍ അമിറുള്‍ ഇസ്ലാം യഥാര്‍ത്ഥ പ്രതിയല്ലെന്നാണ് ആളൂര്‍ വക്കീലിന്റെ കണ്ടെത്തല്‍. ജിഷയ്ക്ക് ഇസ്ലാമിനെക്കാള്‍ ആരോഗ്യവും ശാരീരിക ശേഷിയുമുണ്ട്. ഈ സാഹചര്യത്തില്‍ അമിറുള്‍ ഇസ്ലാം തനിച്ച് ജിഷയെ കീഴ്‌പ്പെടുത്തി വധിച്ചുവെന്നത് അംഗീകരിക്കാനാവില്ലെന്നാണ് ആളൂര്‍ വക്കീലിന്റെ വാദം. പ്രശസ്തി തേടി പ്രതിയെ ആദ്യം സമീപിക്കുകയായിരുന്നില്ലെന്നും ആസാം സ്വദേശിയായ വക്കീല്‍ വഴി അമിറുള്‍ ഇസ്ലാമിന്റെ ബന്ധുക്കളാണ് വക്കാലത്ത് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടതെന്നുമാണ് ആളൂര്‍ വക്കീല്‍ പറയുന്നത്. രാജ്യവ്യാപകമായുള്ള അഡ്വക്കറ്റ് ശൃംഖലകളില്‍ ആളൂര്‍ വക്കീലും കണ്ണിയാണ്. സുപ്രിംകോടതിയില്‍ കേസുകള്‍ വാദിക്കാനും വാദത്തില്‍ സഹായിക്കാനുമൊക്കെ ആളൂര്‍ വക്കീല്‍ എത്താറുണ്ട്. ഗോവിന്ദചാമിയെ പോലെ പിന്നില്‍ മാഫിയയുടെ സഹായം ലഭിക്കില്ലെന്നതിനാല്‍തന്നെ അമിറുള്‍ ഇസ്ലാമിന്റെ കേസ് ഏറ്റെടുക്കുന്നത് നഷ്ടക്കച്ചവടമായിരിക്കുമെന്ന ബോധ്യവും ആളൂര്‍ വക്കീലിനുണ്ട്.
ഇത്തരത്തില്‍ മഹാനഗരങ്ങളില്‍ കേസും വക്കാലത്തുമായി സജീവമായ ആളൂര്‍ വക്കീല്‍ ഗോവിന്ദചാമിയുടെ വക്കാലത്ത് ഏറ്റെടുത്തപ്പോള്‍ ഭിക്ഷാടന മാഫിയയുടെ സ്വന്തക്കാരനാണെന്ന് പ്രചാരണം അന്നുതന്നെ ശക്തമായിരുന്നു. എങ്കില്‍പിന്നെ ഭിക്ഷാടന മാഫിയ കൊള്ളാവുന്ന അഭിഭാഷകരെ കേസിന്റെ വക്കാലത്ത് ഏല്‍പ്പിക്കില്ലെ എന്നായി ആളൂരിനെകുറിച്ചറിയാത്ത നാട്ടുകാരുടെ സംശയം. അതേസമയം കീഴ്‌കോടതികളില്‍ ആളൂര്‍ വക്കീലിനെ കൊണ്ട് വാദിപ്പിക്കുകയും ഇതുവഴി പ്രോസിക്യൂഷന്റെ പോയിന്റുകള്‍ എന്തൊക്കെയെന്ന കണ്ടെത്തി സുപ്രിംകോടതിയില്‍ കേസെത്തുമ്പോള്‍ പ്രഗല്‍ഭ വക്കീലുമാരെ നിയോഗിച്ച് കേസ് വിജയിപ്പിക്കാനുള്ള തന്ത്രമാണിതെന്നായിരുന്നു മറ്റു ചിലരുടെ നിഗമനം. എന്നാല്‍ കേസെടുത്തുമ്പോള്‍ സുപ്രിംകോടതിയില്‍ ഗോവിന്ദചാമിയ്ക്ക് വേണ്ടി വാദിച്ചത് ആളൂര്‍ തന്നെ
ജിഷയെ കൊലക്കേസിലെ യഥാര്‍ത്ഥ പ്രതിയല്ല അമിറുള്‍ ഇസ്ലാം എന്ന് വാദിക്കുന്നതുപോലെ സൗമ്യയെ കൊന്നതും ഗോവിന്ദചാമിയല്ലെന്നാണ് ആളൂര്‍ വക്കീലിന്റെ വാദം. ട്രെയിന്‍ യാത്രയ്ക്കിടെ ഗോവിന്ദചാമിയെ കണ്ട്, അദേഹത്തിന്റെ ഭ്രാന്തമായ പ്രകൃതത്തില്‍ ഭയന്ന് സൗമ്യ ഓടികൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടുകയും വീഴ്ചയുടെ ആഘാതത്തില്‍ മരിക്കുകയുമായിരുന്നുവെന്നാണ് ആളൂരിന്റെ വാദം. സൗമ്യ വീഴുന്നതുകണ്ട് ഓടിയെത്തിയെന്നതാണ് ഗോവിന്ദചാമി ചെയ്തതെന്ന് ആളൂര്‍ വക്കീല്‍ വാദിക്കുന്നു. അതേസമയം ഹൈക്കോടതിയും കീഴ്‌ക്കോടതിയും ആളൂര്‍ വക്കീലിന്റെ ഈ വാദങ്ങളത്രയും തള്ളുകയായിരുന്നു. രണ്ട് കേസുകളിലും വക്കാലത്ത് ഏറ്റെടുക്കാന്‍ തീരുമാനിച്ചതിനു പിന്നില്‍ വക്കീല്‍ ഫീസിനോടുള്ള താല്‍പ്പര്യമായിരുന്നില്ലെന്നും കേസിന് ലഭിച്ച മാധ്യമ- ജനകീയ ശ്രദ്ധയായിരുന്നുവെന്നും ആളൂര്‍ വക്കീലിന്റെ സാക്ഷ്യം. മാത്രമല്ല, സ്‌റ്റേറ്റിന് എതിരായ വാദമാണ് ഏതൊരു അഭിഭാഷകന്റേയും ദൗത്യം. ഈ അര്‍ത്ഥത്തില്‍ ഏറ്റവും മികച്ച കേസുകളാണ് ഇതു രണ്ടുമെന്നതില്‍ ആളൂര്‍വക്കീലീന് സംശയം തെല്ലുമില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം