ദേശീയ പാതയോരത്തെ മദ്യശാല മാറ്റം; സമയം നീട്ടിക്കിട്ടാന്‍ സര്‍ക്കാര്‍ നിയമോപദേശം തേടി

തിരുവനന്തപുരം: സംസ്ഥാന ദേശീയ പാതയോരത്ത് നിന്ന് മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ സമയപരിധി നീട്ടിക്കിട്ടാന്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ അഡ്വ.ജനറലിനോട് നിയമോപദേശം തേടി. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയുമായി ഒരിക്കല്‍ കൂടി സുപ്രീംകോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മൂന്ന് മാസത്തേക്കെങ്കിലും സമയം നീട്ടി നല്‍കിയാല്‍ പാതയോരത്തെ എല്ലാ മദ്യശാലകളും മാറ്റി സ്ഥാപിക്കുമെന്ന് സുപ്രീംകോടതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കും. ഇക്കാര്യത്തിലാണ് അഡ്വ.ജനറല്‍ സി.പി സുധാകര പ്രസാദിനോട് സംസ്ഥാന സര്‍ക്കാര്‍ നിയോപദേശം തേടിയത്. ദേശീയ സംസ്ഥാന പാതയോരത്തിന് 500 മീറ്റര്‍ ചുറ്റളവിലുള്ള കള്ള് ഷാപ്പ് അടക്കമുള്ള എല്ലാ മദ്യശാലകളും മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ഏപ്രില്‍ ഒന്നിനാണ് പ്രാബല്യത്തില്‍ വന്നത്. ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി 1956 മദ്യശാലകള്‍ എക്സൈസ് പൂട്ടി മുദ്രവെച്ചിരുന്നു. കള്ളുഷാപ്പ് ലൈസന്‍സികള്‍ക്ക് സ്റ്റോപ്പ് നോട്ടീസും നല്‍കിയിരുന്നു. ഏപ്രില്‍ ഒന്നിന് അവധിയായതിനാല്‍ ഞായറാഴ്ച മുതലാണ് ഉത്തരവ് പൂര്‍ണമായും നടപ്പിലായി വരുന്നത്. എന്നാല്‍ തീരുമാനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാവുമെന്ന പ്രതീക്ഷയില്‍ പൂട്ടിക്കിടക്കുകയായിരുന്ന പല മദ്യശാലകള്‍ക്ക് മുന്നിലും  മദ്യപന്മാര്‍ പ്രതീക്ഷയോടെ ഞായറാഴ്ചയും എത്തി.. ശക്തമായ ജനകീയ പ്രതിഷേധം മൂലം പാതയോരത്ത് നിന്നും ഉള്‍പ്രദേശങ്ങളിലേക്ക് മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സഹകരിക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് എക്സൈസ് മന്ത്രി ജി.സുധാകരനും വ്യക്തമാക്കിയിരുന്നുവെങ്കിലും പലയിടങ്ങളിലും സ്ത്രീകള്‍ അടക്കമുള്ള ആളുകള്‍ പ്രതിഷേധവുമായി രംഗത്ത് വരുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം