കളിക്കിടെ സഹതാരവുമായി കൂട്ടിയിടിച്ചുവീണ യുവ ക്രിക്കറ്റ് താരം മരിച്ചു

ankitകൊല്‍ക്കത്ത: ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഗ്രൗണ്ടില്‍ സഹതാരവുമായി കൂട്ടിയിടിച്ചുവീണ ബംഗാള്‍ യുവ ക്രിക്കറ്റ് താരം മരിച്ചു. പശ്ചിമ ബംഗാള്‍ മുന്‍ അണ്ടര്‍-19 ക്യാപ്റ്റനായ അങ്കിത് കേസരിക്കാണ്(20) ദാരുണാന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഗുരുതരമായി പരിക്കേറ്റ അങ്കിത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും രാത്രി ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ അങ്കിത് മരണത്തിന് കീഴടങ്ങി.

കൊല്‍ക്കത്തയിലെ ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഗ്രൗണ്ടില്‍ ഈസ്റ്റ് ബംഗാളും ഭവാനിപൂര്‍ ക്ലബും തമ്മിലുള്ള സംസ്ഥാന നോക്കൗട്ട് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനിടെയായിരുന്നു അപകടം. ടീമിലെ ആദ്യ ഇലവനില്‍ ഇല്ലാതിരുന്ന അങ്കിത് റെയില്‍വെയുടെ താരമായ അര്‍നബ് നന്ദിയുടെ പകരക്കാരനായി ഡീപ്പ് കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു. 44-ാം ഓവറില്‍ ഒരു ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ബൗളറായ സൗരവ് മണ്ടലുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു അങ്കിത്. സൗരവിന്റെ കാല്‍മുട്ട് അങ്കിതിന്റെ പിന്‍കഴുത്തിലും തലയിലും ഇടിക്കുകയായിരുന്നുവെ് സഹകളിക്കാര്‍ പറഞ്ഞു.. കൂട്ടിയിടിച്ച് ഉടനെ രക്തം ഛര്‍ദിച്ച് ബോധംകെട്ടു വീണ അങ്കിതിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തൊന്‍പതു വയസിന് താഴെയുള്ളവര്‍ക്കുവേണ്ടിയുള്ള കുച്ച് ബിഹാര്‍ ട്രോഫിയില്‍ പശ്ചിമബംഗാള്‍ ടീമിനെ നയിച്ച അങ്കിത് കേസരി 2014 ലെ അണ്ടര്‍-19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ 30 അംഗം സാധ്യതാപട്ടികയിലും ഇടം നേടിയിരുന്നു. സി.കെ.നായിഡു ടൂര്‍ണമെന്റില്‍ ബംഗാളിന്റെ അണ്ടര്‍-23 ടീമിനുവേണ്ടിയും കളിച്ചിട്ടുണ്ട് ഈ ബാറ്റ്‌സ്മാന്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം