അഭ്യാസം; ‘ബാഹുബലി’യെ ആന തൂക്കിയെറിഞ്ഞു;ഫേസ്ബുക്കിലൂടെ തല്‍ക്ഷണ പ്രക്ഷേണ൦

തൊടുപുഴ:ബാഹുബലിയെ അനുകരിക്കാന്‍ ശ്രമിച്ച് മുന്നില്‍ ചെന്ന് നിന്ന് അഭ്യാസം കാണിച്ച യുവാവിനെ ആന തുമ്പിക്കൈ കൊണ്ട് തൂക്കിയെറിഞ്ഞു. തൊടുപുഴയ്ക്ക് സമീപം കരിമണ്ണൂരിലാണ് സംഭവം. പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സതേടി. പെരിങ്ങാശേരി സ്വദേശിയാണ് കഥാനായകന്‍. ഞായറാഴ്ച കൂട്ടുകാര്‍ക്കൊപ്പം ‘കമ്പനി’ കൂടി ബൈക്കില്‍ വരുമ്പോഴാണ് ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ തളച്ചിരുന്ന കൊമ്പനെ കണ്ടത്. പനമ്പട്ട തിന്ന് നില്‍ക്കുകയായിരുന്ന കൊമ്പനെ കണ്ടതും യുവാവിന്റെ ഉള്ളിലെ ലഹരി ഉണര്‍ന്നു. ബൈക്ക് നിര്‍ത്തി കൂട്ടുകാരുമൊത്ത് ആനയുടെ അടുത്തേയ്ക്ക് നടന്നു. ആനയെ തളച്ച ശേഷം പാപ്പാന്മാര്‍ സ്ഥലംവിട്ടിരുന്നു.

ആനയുടെ അടുത്തെത്തിയതോടെ പെട്ടെന്ന് യുവാവിന്റെ ദേഹത്ത് പരകായപ്രവേശം പോലെ ‘ബാഹുബലി’ കയറി. ആനയെ വശത്താക്കാനായി ആദ്യശ്രമം. തന്റെ മിടുക്ക്് കൂട്ടുകാര്‍ മാത്രം കണ്ടാല്‍ പോരല്ലോ…നാട്ടുകാരെല്ലാം കാണണം. കൈയിലിരുന്ന മൊബൈല്‍ഫോണ്‍ കൂട്ടുകാര്‍ക്ക് നല്‍കി. ഫേസ്ബുക്കിലൂടെ തല്‍ക്ഷണ പ്രക്ഷേപണമായിരുന്നു ലക്ഷ്യം.

ബാഹുബലി സിനിമയിലെ നായകന്‍ പ്രഭാസിനെ പോലെ ആനയുടെ തുമ്പികൈയില്‍ ചവിട്ടി കയറുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. കൈവശമുണ്ടായിരുന്ന ഒരുകിലോ പഴം ഒന്നൊന്നായി വായിലേയ്ക്ക് വെച്ചുകൊടുത്ത് യുവാവ് ആനയുടെ സ്നേഹം പിടിച്ചുപറ്റാന്‍ ശ്രമം തുടങ്ങി. പഴം മുഴുവന്‍ അകത്താക്കിയ ശേഷം താഴെ കിടന്ന പനമ്പട്ട കൂടി വലിച്ചെടുത്ത് ആനയ്ക്കു നേരെ നീട്ടി. ആന അതും അകത്താക്കി.

ഇതിനു ശേഷം കൂര്‍ത്ത കൊമ്പുകളിലും തുമ്പിക്കൈയിലും തലോടി മെല്ലെ ഒരുമ്മ നല്‍കി. അപകടം മണത്ത കൂട്ടുകാര്‍ പിന്മാറാന്‍ വിളിച്ചു പറഞ്ഞെങ്കിലും ആനയ്ക്ക് രണ്ട് ഉമ്മ കൂടി. അത്രയുമായപ്പോള്‍ ആനയ്ക്ക് പിടിച്ചില്ല. തുമ്പിക്കൈ കൊണ്ട് ആഞ്ഞൊരു തട്ട്. യുവാവ് പറന്ന് ഒരു റബര്‍മരത്തിന്റെ ചുവട്ടിലേയ്ക്ക്. നിലവിളിച്ച് കൂട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ യുവാവ് ബോധമറ്റ നിലയിലും.

കൂട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ ഞൊടിയിടയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി. യുവാവിന്റെ കഴുത്ത് ഒടിഞ്ഞെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം. എന്തായാലും സൂപ്പര്‍റസ്റ്റാറായി മാറിയ യുവാവ് താന്‍ ജീവിച്ചിരിപ്പുണ്ടെന്നും കഴുത്തിന് കുഴപ്പമില്ലെന്നും തെളിയിച്ച് തിങ്കളാഴ്ച വൈകിട്ട് ഒന്നുകൂടി ഫേസ് ബുക്കിലെത്തി. വായ തുറന്നുകാട്ടി പല്ലിന് കുഴപ്പമൊന്നുമില്ലെന്നും വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം