പീഡനങ്ങള്‍ക്കിടയില്‍ തളരാതെ പേന കൊണ്ട് മുറിവുണക്കി ആയിഷ

ayishaകോഴിക്കോട്: പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ കുടുങ്ങി ജീവിതത്തിനേറ്റ മുറിവുകളെ മറന്ന് ജീവിക്കുകയാണ് സായ എന്ന ആയിഷ സിദ്ദിഖ്. ബംഗ്ലാദേശ് സ്വദേശിനിയായ ആയിഷ തുറന്നു പറയുകയാണ്‌. സായ എന്ന വിളിപ്പേരില്‍ അറിയപ്പെടേണ്ട ആവശ്യമില്ല. ഞാന്‍ ആയിഷ സിദ്ദിഖ്. കോഴിക്കോട് എരഞ്ഞിപ്പലത്തെ ഫ്ലാറ്റിലെ പീഡന പരമ്പരകളില്‍ നിന്നും രക്ഷപ്പെട്ടോടിയ ഒരു ബംഗ്ലാദേശി യുവതി. സായ എന്ന വിളിപ്പേരിലൊതുങ്ങിയിരുന്ന ഞാനിതാ ജന്മനാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. എനിക്കുപറയാനുണ്ട്- മറച്ചുപിടിക്കേണ്ടതല്ല എന്റെ പേരും മുഖവും. ബംഗ്ലാദേശിലെ പ്രമുഖദിനപത്രമായ ദ ഡെയ്‌ലി സ്റ്റാറിലാണ് ആയിഷയുടെ പേരും ഫോട്ടോയുമുള്‍പ്പെടുന്ന അഭിമുഖം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചത്.

കോഴിക്കോട് മഹിളാമന്ദിരത്തിലെ താമസത്തിനിടെ കവിത കുറിച്ചും ചിത്രമെഴുതിയും സ്വയം മുറിവുണക്കുകയായിരുന്നു ആയിഷ. ജീവിതത്തിലേക്കുള്ള മടങ്ങിവരവെന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ സെക്‌സ്‌റാക്കറ്റിന്റെ കെണിയില്‍പ്പെട്ട് ഇന്ത്യയിലെത്തിയ സാഹചര്യവും കോഴിക്കോട്ടെ ഫ്ലാറ്റില്‍ ഏറ്റുവാങ്ങേണ്ടിവന്ന പീഡനങ്ങളുമെല്ലാം വിവരിക്കുന്നുണ്ട്. ഡിസംബറില്‍ ബംഗ്ലാദേശില്‍ തിരിച്ചെത്തിയെങ്കിലും ബന്ധുക്കളും അയല്‍വാസികളുമുള്‍പ്പെടെയുള്ളവര്‍ തന്നെ അകറ്റിനിര്‍ത്തുകയാണെന്നു മുപത്തഞ്ചുകാരിയായ ആയിഷ അഭിമുഖത്തില്‍ പറയുന്നു. തന്റെ മൂന്നുമക്കളും മാതാവുമൊഴികെ മറ്റാരും തന്നോടു സംസാരിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്ന വേദനയാണ് ആയിഷയെ ഏറെ തളര്‍ത്തുന്നത്.

തന്റെ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോലും അയല്‍ക്കാര്‍ കുട്ടികളെ അനുവദിക്കുന്നില്ല. തെറ്റുകാരിയല്ലാതിരുന്നിട്ടും സമൂഹം ഒറ്റപ്പെടുത്തുകയാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും തളരാന്‍ മനസ് അനുവദിക്കുന്നില്ല. തന്നെപ്പോലെ പീഡനങ്ങള്‍ക്കും ക്രൂരതകള്‍ക്കുമിരയാകുന്ന ബംഗ്ലാദേശിലെ സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. പീഡനങ്ങള്‍ക്കിരയാവുന്നവരെ സ്വന്തംകാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കണം. അതിനുള്ള ശ്രമങ്ങളാണിനി. ഇപ്പോഴൊരു അഭിമുഖത്തിനു തയ്യാറായതും അതുകൊണ്ടാണ്. -ആയിഷ പറയുന്നു.

ചികിത്സയ്ക്കായിട്ടാണ് ഇന്ത്യയിലേക്കു വരാന്‍ തീരുമാനിച്ചത്. ഇതിനിടെ ഭര്‍ത്താവുമായി പിണങ്ങി. തുടര്‍ന്ന് കഴിഞ്ഞ മേയ് 15നു തനിച്ച് ഇന്ത്യയിലേക്കു പുറപ്പെട്ടു. അതിര്‍ത്തികടന്നപ്പോള്‍ മുതല്‍ കുട്ടികളെ ഓര്‍ത്തു കരയാന്‍ തുടങ്ങി. ആ അവസരം മുതലെടുത്താണ് മനുഷ്യക്കടത്തുസംഘം കുടുക്കിയത്. ആശ്വസിപ്പിക്കാനെന്ന വ്യാജേന എത്തിയ ആളോടു എല്ലാം പറഞ്ഞു. ഇന്ത്യയില്‍ ഉയര്‍ന്ന ശമ്പളത്തോടെ ടെയ്‌ലറിംഗ് , ബ്യൂട്ടീഷന്‍ ജോലികള്‍ വാഗ്ദാനം ചെയ്ത അയാള്‍ ബോംഗ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് തന്നെ ബന്ധുവെന്നു പരിചയപ്പെടുത്തിയ മറ്റൊരാള്‍ക്കു കൈമാറി. ട്രെയിനില്‍ യാത്ര തുടരുന്നതിനിടെ ഡംഡം സ്റ്റേഷന്‍ പിന്നിട്ടതു മാത്രമാണ് ഓര്‍മ.

ഇതിനിടെ ബോധരഹിതയാക്കിയിരുന്നു. ഉണര്‍ന്നപ്പോള്‍ ഒരു ബാത്ത്‌റൂമില്‍ അടച്ചിട്ട നിലയിലായിരുന്നു. ലഗേജ്, പാസ്‌പോര്‍ട്ട്, പണം, മൊബൈല്‍ഫോണ്‍ എന്നിവയെല്ലാം നഷ്ടപ്പെട്ടിരുന്നു. മൂന്നുദിവസം ബാത്ത്‌റുമിലെ ടാപ്പില്‍ നിന്നുള്ള വെള്ളം മാത്രം കുടിച്ചുതള്ളിനീക്കി. നാലാംദിവസം ബാത്ത്‌റൂം തുറന്നവര്‍ ലൈംഗികത്തൊഴിലിനായാണ് തന്നെ കൊണ്ടുവന്നതെന്ന് പറഞ്ഞു. അശ്ലീലചിത്രങ്ങള്‍ പകര്‍ത്തിയ അവര്‍ അതെല്ലാം ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.  അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ ശാരീരികമായും മാനസികമായുമുള്ള പീഡനങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ എട്ടാംദിവസം രാത്രിയില്‍ ഫ്ലാറ്റില്‍ നിന്നു രക്ഷപ്പെട്ടു നാട്ടുകാരുടെ സഹായത്തോടെ പോലീസ് സ്‌റ്റേഷനില്‍ അഭയം തേടി.-കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഫ്ലാറ്റില്‍ നിന്നു രക്ഷപ്പെട്ടതിനെകുറിച്ച് ആയിഷ പറയുന്നതിങ്ങനെയാണ്.

തന്റെ ജീവിത്തിലേക്കു വീണ്ടും വെളിച്ചമെത്തിയ മഹിളാമന്ദിരത്തിലെയും നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലെയും താമസത്തെക്കുറിച്ചും ആയിഷ അഭിമുഖത്തില്‍ പറയുന്നു. കേസിന്റെ നടപടികള്‍ക്കായി ഇവിടെ താമസിക്കുമ്പോഴാണ് ഡയറിയില്‍ വരികളെഴുതിയത്. ഒഴിവുവേളകളില്‍ ചിത്രങ്ങളും വരച്ചു. അപ്രതീക്ഷിതമായി ഇവ ശ്രദ്ധയില്‍പ്പെട്ട കോഴിക്കോട്ടെ ആം ഓഫ് ജോയ് എന്ന സന്നദ്ധസംഘടനയുടെ മാനേജിംഗ് ട്രസ്റ്റി ജി. അനൂപും സുഹൃത്തുക്കളും ചേര്‍ന്ന് രചനകള്‍ പുസ്തകമാക്കാന്‍ മുന്‍കൈയെടുത്തു.

ചിത്രങ്ങളുള്‍പ്പെടുത്തി ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനവുമൊരുക്കി.  സ്വന്തം പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും നിയമപരമായ തടസങ്ങളുള്ളതിനാല്‍ സായ എന്ന തൂലികാനാമത്തിലായിരുന്നു ഇതെല്ലാം. തുടര്‍ന്ന് സായ എന്ന പേര് മലയാളികളൊന്നടങ്കം ഏറ്റുവാങ്ങുകയായിരുന്നു. ഒടുവില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡിസംബറില്‍ സായ ബംഗ്ലാദേശിലേക്കു മടങ്ങി. പുസ്തകങ്ങളും ചിത്രങ്ങളും വിറ്റുകിട്ടിയ ഒരു ലക്ഷം ടാക്ക (85,000 രൂപ) പീഡനത്തിനിരയായ സ്ത്രീകളുടെ ഉന്നമനത്തിനുപയോഗിക്കുമെന്ന് ഉറപ്പിച്ചായിരുന്നു മടക്കം. ഇന്ത്യയില്‍ നിന്നു വിശിഷ്യാ കോഴിക്കോട്ടുനിന്നു ലഭിച്ച പിന്തുണയ്ക്കു നന്ദി പറഞ്ഞുകൊണ്ടാണ് ഡെയ്‌ലി സ്റ്റാറിലെ അഭിമുഖം അവസാനിപ്പിച്ചിരിക്കുന്നത്. തനിക്ക് എഴുത്തുകാരിയായി അറിയപ്പെടണമെന്ന ആഗ്രഹത്തിന്റെ പൂര്‍ത്തീകരണ പാതയിലാണ് ആയിഷയിപ്പോള്‍.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം