അടല്‍ ബിഹാരി വാജ്പേയി: യുഎൻ അസംബ്ലിയിൽ ഹിന്ദിയിൽ സംസാരിച്ച ആദ്യ വ്യക്തി ; പ്രിയപ്പെട്ടവരെപ്പോലും തിരിച്ചറിയാതെ ജീവിതം ഇരുട്ടിലായത് ഇങ്ങനെ..

ഷിജിത്ത് വായന്നൂർ

ഗ്വാളിയോറിലായിരുന്നു ബാപ്ജി എന്ന വാജ്പേയിയുടെ ജനനം.സരസ്വതി ശിശുമന്ദിർ, ഗോർഖി, ബാര, ഗ്വാളിയോർ എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം വിക്ടോറിയ കോളേജിൽനിന്ന് ബിരുദവും കാൺപൂർ ഡിഎവി കോളേജിൽനിന്ന് ബിരുദാനന്തരബിരുദവും. ശേഷം മുഴുവൻ സമയം ആർഎസ്എസ്സിൽ. നിയമപഠനത്തിനിടെ പത്രപ്രവർത്തകൻ. രാഷ്ട്രധർമ, പാഞ്ചജന്യ, സ്വദേശ്, വീർ അർജുൻ എന്നിവയുടെ പത്രാധിപർ.

Image result for വാജ്പേയി

1957ൽ ലോക്സഭയിലേക്കും 62ൽ രാജ്യസഭയിലേക്കും. 66വരെ ജനസംഘത്തിന്റെ പാർലമെന്ററി നേതാവായി. അഷ്വറൻസ്‐ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളുടെ അധ്യക്ഷനും ജനസംഘം പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായെങ്കിലും ചില ആനുകൂല്യങ്ങൾ നേടിയത് വിവാദമായി. ജയപ്രകാശിന്റെ ആഹ്വാനം 77ൽ പ്രതിപക്ഷ പാർടികളെ ഒരുമിപ്പിച്ച് ജനതപാർടി രൂപീകരിക്കാൻ പ്രചോദനമായി. ആ വർഷത്തെ വിജയം മൊറാർജി മന്ത്രിസഭയിലെ വിദേശമന്ത്രിയാക്കി.

യുഎൻ അസംബ്ലിയിൽ ഹിന്ദിയിൽ സംസാരിച്ച ആദ്യ വ്യക്തിയെന്ന ബഹുമതി. ജനതാ പാർടിയുടെ തകർച്ചക്കുശേഷം എൽ കെ അദ്വാനി, ബി എൻ ശെഖാവത് എന്നിവരുമായി ചേർന്ന് 80ൽ ബിജെപി രൂപീകരിച്ചു. ആദ്യ പ്രസിഡന്റുമായി. 94ലെ കർണാടക തെരഞ്ഞെടുപ്പ് ഫലവും 95ലെ ഗുജറാത്ത്, മഹാരാഷ്ട്ര വിജയവും ബിജെപിയുടെ ശക്തിവർധിപ്പിച്ചതോടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ബിജെപി അധികാരത്തിൽ. 96മുതൽ 2004വരെ മൂന്നു തവണ പ്രധാനമന്ത്രി. 96 മേയിൽ സ്ഥാനമേറ്റ സർക്കാറിന് ഭൂരിപക്ഷമില്ലായിരുന്നു.

13 ദിവസത്തിനുശേഷം രാജി.രണ്ടാംവട്ടം 98ൽ.ഐക്യമുന്നണി സർക്കാരിന്റെ പതനം ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് വഴിതുറന്നപ്പോൾ അകന്നുനിന്ന പാർടികളെല്ലാം ഒറ്റക്കെട്ടായി എൻഡിഎ രൂപപ്പെടുത്തി. വീണ്ടും പ്രധാനമന്ത്രിയായി. അതിനും ആയുസ് കുറവ്. എഐഡിഎംകെ പിന്തുണ പിൻവലിച്ചതോടെ 13 മാസ ഭരണത്തിന് അന്ത്യം. വീണ്ടും തെരഞ്ഞെടുപ്പ്. തീവ്ര ഹിന്ദുത്വ നിലപാടും പൊഖ്റാൻ പരീക്ഷണവും കാർഗിലും ബിജെപിയെ തുണച്ചു. മൂന്നാംവട്ടം 303 സീറ്റ്. 99 ഒക്ടോബർ 13ന് വീണ്ടും പ്രധാനമന്ത്രി. വ്യക്തമായ ഭൂരിപക്ഷമുണ്ടായ മുന്നണി കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസിതര മന്ത്രിസഭയാണ്.

Image result for വാജ്പേയി

ദേശീയ പാതാ വികസന പദ്ധതിയും പ്രധാനമന്ത്രി ഗ്രാം സഡക് യോജനയും നടപ്പിലാക്കി. 99 ഡിസംബറിൽ ഇന്ത്യൻ എയർലൈൻസ് വിമാനം പാക്‌ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയപ്പോൾ പ്രശ്നം പരിഹരിക്കുന്നതിൽ പങ്കുവഹിച്ചു. പല രാജ്യങ്ങളുമായും നയതന്ത്ര വ്യാപാര ബന്ധം മെച്ചപ്പെടുത്തി. 22 വർഷങ്ങൾക്കുശേഷം അമേരിക്കയുമായുള്ള സഹകരണം നാഴികക്കല്ല്. ചൈനയുമായി വാണിജ്യബന്ധങ്ങളും അതിർത്തി തർക്കവും പരിഹരിക്കുന്നതിനും ധാരണയായി. ഇസ്രയേൽ, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുമായും പ്രതിരോധ കരാർ. പത്മവിഭൂഷൺ, 1994ലെ മികച്ചപാർലമെന്റേറിയൻ എന്ന അംഗീകാരം, ലോകമാന്യതിലക് പുരസ്കാരം, ഭാരത്രത്ന, ഗോവിന്ദ് പന്ത് അവാർഡ് എന്നിവ ലഭിച്ചു. കാൺപുർ സർവകലാശാല ഡോക്ടറേറ്റ് നൽകി. സംഗീതത്തിലും നൃത്തത്തിലും തൽപരനായ വാജ്പേയി പ്രകൃതിസ്നേഹിയുമായിരുന്നു.

Image result for വാജ്പേയി

അവിവാഹിതനായ അദ്ദേഹത്തിന്റെ ദത്തുപുത്രിയായിരുന്നു നമിത. ആരോഗ്യകാരണത്താൽ 2005ൽ രാഷ്ട്രീയത്തോട് വിടപറഞ്ഞു. പ്രമേഹവും ഡിമെൻഷ്യയും കീഴ്പ്പെടുത്തുകയും കാൽമുട്ട് മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനാവുകയും ചെയ്തതോടെ പ്രിയപ്പെട്ടവരെപ്പോലും തിരിച്ചറിയാതെ ജീവിതം ഇരുട്ടിലായി.

കവിയും പ്രാസംഗികനുമെന്ന നിലയിലും വാജ്പേയി വ്യക്തിമുദ്ര പതിപ്പിച്ചു.സംഘപരിവാർ രാഷ്ട്രീയം ആവശ്യപ്പെടുന്ന ഒത്തുതീർപ്പുകൾക്ക് വഴങ്ങിയാണ് രാഷ്ട്രീയ‐കാവ്യ ജീവിതം നയിച്ചത്. ദേശീയതയും മാനുഷികമൂല്യങ്ങളും സംബന്ധിച്ച നിലപാടുകൾ മുന്നാട്ടുവെക്കുന്നവയാണ് മിക്ക കവിതകളും. ഹൈന്ദവ പുരാണങ്ങളുടെ സ്വാധീനവും പ്രകടം. മതബിംബങ്ങൾ നിരന്തരം പ്രത്യക്ഷപ്പെട്ടു. ലളിതമായ ബിംബകൽപ്പനയും ഭാഷയും അവയെ വ്യത്യസ്തമാക്കി. ചരിത്രവും പൈതൃകവും രാഷ്ട്രീയ ഭാഗധേയങ്ങളും പ്രമേയമായി. സാസ്കാരിക ദേശീയത സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപാട് കവിതകളിൽ വായിക്കാം. ‘രാഷ്ട്രീയവും സാഹിത്യവും വ്യത്യസ്ത അറകളല്ല. അവ പരസ്പരം പോഷിപ്പിക്കുകയും പരിഷ്കരിക്കുകയും വേണം.

Image result for വാജ്പേയി

സാഹിത്യപശ്ചാത്തലമുള്ള രാഷ്ട്രീയക്കാരന് മാനുഷിക വികാരങ്ങൾ അവഗണിക്കാനാവില്ല’ എന്നതാണ് സാഹിത്യത്തെയും രാഷ്ട്രീയത്തെയുംകുറിച്ചുള്ള വാജ്പേയിയുടെ നിലാപാടെന്ന് കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഭഗവത് എസ് ഗോയൽ അഭിപ്രായപ്പെട്ടു. മേരി ഏക്യാവൻ കവിതായേൻ, ട്വന്റിവൺ പോയംസ്, ശ്രേഷ്ഠ കവിത, നയി ദിശ, സംവേദ്ന എന്നിവ വാജ്പേയിയുടെ കവിതാ സമാഹാരങ്ങളാണ്. ന്യൂ ഡയമൻഷൻ ഓഫ് ഇന്ത്യാസ് ഫോറിൻ പോളിസി, ഡിസിസീവ് ഡേയ്സ്, ഡയനാമിക്സ് ഓഫ് ആൻ ഓപ്പൺ സൊസൈറ്റി, നാഷനൽ ഇന്റഗ്രേഷൻ തുടങ്ങിയ പുസ്തകങ്ങളും നിരവധി പ്രസംഗസമാഹാരങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം