ആസിഫ കൂട്ട ബലാത്സംഘത്തിനിരയായ സംഭവം;ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത് ഒരു ഹിന്ദു കുട്ടിയായിരുന്നെങ്കില്‍ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ എന്താകുമായിരുന്നു?പൊട്ടിത്തെറിച്ച് സര്‍ദേശായി

ന്യൂഡല്‍ഹി:കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ആസിഫയെ കൂട്ട ബലാത്സംഘ ചെയ്തു കൊന്ന സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി.ജമ്മു കാശ്മീരിലെ കത്വയില്‍ ക്ഷേത്രത്തിനകത്ത് വെച്ച് എട്ടുവയസ്സുകാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു കൊന്ന സംഭവത്തെ കുറിച്ച് ഇന്ത്യ ടുഡേ ചാനലിലെ തന്റെ വാര്‍ത്ത പരിപാടിയിലാണ് സര്‍ദേശായി പൊട്ടിത്തെറിച്ചത്.

ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത് ഒരു ഹിന്ദു കുട്ടിയായിരുന്നെങ്കില്‍ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ എന്താകുമായിരുന്നെന്ന് സര്‍ദേശായി ചോദിച്ചു. ആ കൃത്യം ചെയ്തത് ഒരു റോഹിങ്ക്യക്കാരനോ കാശ്മീര്‍ താഴ്വരയില്‍ നിന്നുള്ളവരോ ആയിരുന്നുവെങ്കില്‍ ഇങ്ങനെയാകുമായിരുന്നോ നമ്മുടെ പ്രതികരണം അദ്ദേഹം ചോദിച്ചു.

മൂന്ന് മാസക്കാലത്തോളം ക്രൂരമായ മൗനമാണ് ഈ പിഞ്ചു കുഞ്ഞിന്‍റെ  കൊലപാതകത്തോട് രാജ്യം പുലര്‍ത്തിയതെങ്കിലും ഇപ്പോള്‍ അതിശക്തമായ പ്രതികരണങ്ങളാണ് കൊലപാതകത്തിനെതിരെ രാജ്യത്ത് നിന്നും ഉയര്‍ന്ന് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ നമ്മള്‍ ഉണര്‍ന്നില്ലെങ്കില്‍ എപ്പോഴാണ് നമ്മള്‍ ഉണരുക എന്നും അദ്ദേഹം ചോദിക്കുന്നു. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അപമാനമുണ്ടാക്കുന്ന സംഭവമാണ് കത്വയില്‍ ഉണ്ടായതെന്ന് പറഞ്ഞ സര്‍ദേശായി കേസുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്.

നിയമം സംരക്ഷിക്കേണ്ടവര്‍ തന്നെ അത് തകര്‍ക്കുന്ന കാഴ്ചയാണ് ജമ്മുകാശ്മീരില്‍ കാണുന്നത്. ഇത് ഭാവിക്ക് ഒട്ടും ശുഭകരമാവില്ല. കത്വ  ബലാത്സംഗത്തിലെ പ്രതികള്‍ക്ക് ശക്തമായ ശിക്ഷ കിട്ടണമെന്നും രാഷ്ട്രീയ നേതാക്കന്മാരും മാധ്യമങ്ങളും ആത്മപരിശോധന നടത്തണെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു ഉയര്‍ന്ന ജാതിക്കാര്‍ എട്ടുവയസുകാരിയായ ആസിഫയെ ക്രൂര പീഡനത്തിനിരയാക്കിത്.

കുട്ടിയുടെ വീടിന് പുറകിലുള്ള വനപ്രദേശത്തായിരുന്നു ക്രൂര കൃത്യം അരങ്ങേറിയിരുന്നത്. റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ചേര്‍ന്നായിരുന്നു ക്രൂരതയ്ക്ക് തുടക്കം കുറിച്ചത്.

എന്ത് കൊണ്ടാണ് ന്യായീകരിക്കാനാവാത്ത ഈ കുറ്റകൃത്യത്തെ പ്രതിരോധിച്ച് ജമ്മുവിലെ ബി.ജെ.പി മന്ത്രിമാര്‍ രംഗത്തെത്തുന്നത്, പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമ്പോള്‍ ഭാരത് മാതാ കീ ജയ് വിളിച്ചും ജയ് ശ്രീ റാം വിളിച്ചും അതിനെ പ്രതിരോധിക്കുന്നതിന്റെ കാരണമെന്താണ്, കേസില്‍ ജമ്മു കാശ്മീര്‍ പൊലീസിനെ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്നും ബാര്‍ കൗണ്‍സില്‍ തടയാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ വികാരമെന്താണ്..? അദ്ദേഹം ചോദിക്കുന്നു.

അതേസമയം കുട്ടിയുടെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാനുള്ള ശ്രമങ്ങളും കഴിഞ്ഞദിവസം ഉണ്ടായിരുന്നു. ജമ്മു കാശ്മീരിലെ കുത്വാ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ ഓഫീസിനു മുന്നിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയപ്പോള്‍ ഒരുകൂട്ടം അഭിഭാഷകരാണ് ഇത് തടയാന്‍ ശ്രമിച്ചത്.

വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും കത്വയിലെ ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കോടതിക്കുള്ളില്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എട്ടുപേരില്‍ ഏഴുപേര്‍ക്കെതിരെയാ കുറ്റപത്രവും ക്രൈംബ്രാഞ്ച് മജിസ്‌ട്രേട്ടിനു മുമ്പാകെ സമര്‍പ്പിച്ചു.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു കോടതിയ്ക്ക് പുറത്തെ അഭിഭാഷകരുടെ പ്രതിഷേധം. ഹിന്ദു ഏക്ത മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു ബാര്‍ അസോസിയേഷന്‍ ക്രൈംബ്രാഞ്ചിനെതിരെ രംഗത്തെത്തിയത്.

കുറ്റാരോപിതരെ പിന്തുണച്ച് തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നതോടെ ഹിന്ദു മുസ്ലിം വര്‍ഗീയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് ജമ്മു കാശ്മീര്‍ പൊലീസ് കേസില്‍ സിഖ് വംശജരായ രണ്ടു ഉദ്യോഗസ്ഥരെ പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. കേസില്‍ വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ജമ്മു പൊലീസിന്റെ തീരുമാനം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം