സിനിമാ താരങ്ങളും മനുഷ്യരാണ്;ഓണ്‍ലൈന്‍ നിരൂപകര്‍ക്കെതിരെ തുറന്നടിച്ച്‌ നടി

മലയാളത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മുന്‍നിര നടിയായി മാറിയ താരമാണ് അപര്‍ണാ ബാലമുരളി. മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അപര്‍ണ തുടര്‍ന്നും നിരവധി ചിത്രങ്ങളില്‍ നായികാ വേഷത്തിലെത്തിയിരുന്നു.
അപര്‍ണയുടെതായി തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് കാമുകി. ഇതിഹാസ എന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ ബിനു എസാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയാണ് ചിത്രത്തില്‍ അപര്‍ണയുടെ നായകനായി എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നറായിട്ടാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ബോള്‍ഡായിട്ടുളള കഥാപാത്രങ്ങള്‍ നിരവധി ചെയ്തിട്ടുളള അപര്‍ണയുടെ മറ്റൊരു വ്യത്യസ്ത വേഷമാണ് ചിത്രത്തിലൂളളത്.
അടുത്തിടെ കാമുകിയുടെ പ്രചരണാര്‍ത്ഥം എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ പരിപാടിയില്‍ സിനിമകള്‍ക്കെതിരെ വരുന്ന നെഗറ്റീവ് റിവ്യുവിനെ അപര്‍ണ വിമര്‍ശിച്ചിരുന്നു. ഓണ്‍ലൈന്‍ നിരൂപണങ്ങള്‍ പലപ്പോഴും വ്യക്തിഹത്യയായി മാറുന്നുവെന്നാണ് അപര്‍ണ പറഞ്ഞത്.

സിനിമാ താരങ്ങളും മനുഷ്യരാണെന്ന പരിഗണന ഓണ്‍ലൈന്‍ നിരൂപകര്‍ നല്‍കാറില്ലെന്നും നടി പറഞ്ഞു. സിനിമ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം വരുന്ന നിരൂപണങ്ങള്‍ ചിത്രത്തെ മാത്രമല്ല താരങ്ങളെയും ഒരു പോലെ കടന്നാക്രമിക്കുന്നത് വേദനാജനകമാണെന്നും അപര്‍ണ പറഞ്ഞു.

അതേസമയം മെയ് പതിനൊന്നിന് തിയ്യേറ്ററുകളിലെത്തിയ കാമുകിക്ക് മികച്ച പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്. ദുല്‍ഖറിന്റെ മഹാനടി, യുവതാരനിരയുടെ നാം,ബാലു വര്‍ഗീസിന്റെ പ്രേമസൂത്രം തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു കാമുകിയും റിലീസ് ചെയ്തിരുന്നത്.

അന്ധനായ യുവാവിനോട് ഒരു പെണ്‍കുട്ടിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. പ്രേമത്തിന് കണ്ണില്ല സ്‌നേഹിതാ എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റിലിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം