കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവം; പറഞ്ഞത് അവര്‍ക്ക് തിരിച്ചെടുക്കാന്‍ കഴിയുമോ? സിനിമയിലെ സ്ത്രീ സംഘടനക്കെതിരെ ആഞ്ഞടിച്ച് അനുശ്രീ

കൊച്ചി: കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് സിനിമയിലെ സ്ത്രീകള്‍ക്കായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ സ്ത്രീ സംഘടന തുടങ്ങിയത്. സിനിമയിലെ സ്ത്രീകളുടെ വിവിധ ആവശ്യങ്ങളും പരാതികളും പരിഗണിക്കാന്‍ എന്ന പേരിലാണ് ഈ സംഘടനയ്ക്ക് തുടക്കമായത്. എന്നാല്‍ മലയാള സിനിമയിലെ പല വനിതകളും സംഘടനയില്‍ അംഗമായിട്ടുമുണ്ടായിരുന്നില്ല.
ഇപ്പോഴിതാ നടി അനുശ്രീ സംഘടനയെ തള്ളി രംഗത്തെത്തിയിരിക്കുന്നു. സിനിമയില്‍ വനിത സംഘടനയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നാണ് നടി അനുശ്രീ പറഞ്ഞത്.

അനുശ്രീ പറഞ്ഞതിങ്ങനെ…

ആ സംഘടനയെക്കുറിച്ച് മോശം പറയുന്നതോ അവരുടെ കൂട്ടായ്മയെ കുറ്റം പറയുകയോ അല്ല. പക്ഷേ എനിക്ക് അതില്‍ അംഗമാകണമെന്നോ, ഒരുകാര്യം അവിടെ പോയി പറഞ്ഞ് അത് ഈ രീതിയില്‍ മാറ്റണമെന്നോ അല്ലെങ്കില്‍ അവര്‍ ഇവരെ താഴ്ത്തുന്നു ഇവര്‍ പൊക്കുന്നു എന്നൊക്കെ പറയേണ്ട കാര്യമില്ലെന്ന് തോന്നുന്നു.

എല്ലാവരും ദിലീപേട്ടനെതിരെയാണ് പറഞ്ഞത്. എന്നാല്‍ ഇപ്പോഴും അറിയില്ല, അത് ദിലീപേട്ടനാണോ ചെയ്തതെന്ന്. പക്ഷേ അവര്‍ ചെയ്തതോ? അത് ദിലീപേട്ടനാണെന്ന് പറഞ്ഞ് മൈക്കിലൂടെ പൊതുവായി പ്രസംഗിച്ചു. അതൊക്കെ ഇപ്പോഴും ഇവിടെ ഉണ്ട്. ഇനി ദിലീപേട്ടനല്ല ഇത് ചെയ്തതെന്ന് തെളിഞ്ഞാല്‍ ഇതൊക്കെ ഇവര്‍ക്ക് തിരിച്ചെടുക്കാന്‍ പറ്റുമോ?

പറയാന്‍ നമുക്ക് ഉറപ്പുള്ള, ഒരിക്കലും മാറ്റിപ്പറയില്ലെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ പറയുക. കൂട്ടായ്മ എന്തുമാകട്ടെ, എന്നാല്‍ അതില്‍ പറയുന്ന കാര്യങ്ങള്‍ പുറത്തുപറയരുത്.

കൂട്ടായ്മകള്‍ ഉണ്ടാകട്ടെ, സിനിമയില്‍ സ്ത്രീകള്‍ക്ക് ഉയര്‍ച്ച ഉണ്ടാകട്ടെ. പക്ഷേ അതിനകത്തെ ചീത്തയും പ്രശ്‌നങ്ങളും അതിനകത്ത് നില്‍ക്കണം. നമ്മുടെ വീട്ടില്‍ ഒരുപ്രശ്‌നമുണ്ടായാല്‍ നമ്മളറിഞ്ഞാല്‍പോരേ, അപ്പുറത്തെ വീട്ടുകാര്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ കതക് അടക്കണം. അതേപോലെ ഒരു പ്രശ്‌നമുണ്ടെങ്കില്‍, അത് അയാള്‍ ആണെന്ന് ഉറപ്പാണെങ്കില്‍ മാത്രം കാര്യങ്ങള്‍ സംസാരിക്കുക. ജനപ്രിയ നടിയായ അനുശ്രീയുടെ പ്രസ്താവന വരും ദിവസങ്ങളില്‍ മലയാള സിനിമാ മേഖലയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും എന്നാണ് കരുതേണ്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം