അഞ്ചേരി ബേബി വധക്കേസ്; എം.എം.മണിയുടെ വിടുതൽ ഹർജി കോടതി തള്ളി

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസിൽ വൈദ്യുതി മന്ത്രിയും സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.എം.മണി പ്രതിയായി തുടരും. മണി നൽകിയ വിടുതൽ ഹർജി കോടതി തള്ളി. തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. കേസിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, എ.കെ. ദാമോദരൻ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷൻ ആവശ്യം ശരിവച്ചാണ് കോടതി കേസിൽ ഇവരെയും പ്രതി ചേർത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അഞ്ചേരി ബേബിയെ മണി ഉൾപ്പെടെയുള്ളവർ ഗൂഢാലോചനക്കൊടുവിൽ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ മണി രണ്ടാം പ്രതിയാണ്. പാമ്പുപാറ കുട്ടൻ, ഒ.ജി. മദനൻ എന്നിവരാണ് കേസിലെ ഒന്നും മൂന്നും പ്രതികൾ. 1982–ലാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. അന്ന് പോലീസ് ഒമ്പതു പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും 1988–ൽ ഇവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിടുകയായിരുന്നു. ഹൈക്കോടതിയും ഈ വിധി ശരിവച്ചു.

എന്നാൽ 2012 മേയ് 25ന് തൊടുപുഴ മണക്കാട്ട് മണി നടത്തിയ പ്രസംഗത്തിൽ രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിതോടെയാണ് കേസ് വീണ്ടും ശ്രദ്ധേയമായത്. ഇതേത്തുടർന്നാണ് ഡിവൈഎസ്പി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസെടുത്തതും മണിയെ അറസ്റ്റ് ചെയ്തതും. ഈ കേസിൽ കുറ്റവിമുക്‌തരാക്കണമെന്ന പ്രതികളുടെ അപേക്ഷയിലാണ് ഇന്ന് വിധിയുണ്ടായത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം