പ്രവീണയുടെയും മുഹമ്മദ് അംജാദിന്റെയും തിരോധാനം; പോലീസിന് നിര്‍ണായക വിവരം ലഭിച്ചു

വടകര: ഓര്‍ക്കാട്ടേരി ഐഡിയ മൊബൈല്‍ ഫോണ്‍ ഔട്ട്‌ലറ്റ് ഉടമ അംജാസിന്റെ ജീവനക്കാരി പ്രവീണയുടെയും തിരോധാനത്തില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.

പ്രവീണയെ കടത്തിക്കൊണ്ടു പോകാന്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിച്ചുവെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇതിനിടയില്‍ വടകരയിലെ വിനോദ സഞ്ചാര കേന്ദ്രമായ സാന്റ് ബാങ്ക്‌സിലെ പെട്ടിക്കടക്കാരന്‍ നല്‍കിയ മൊഴിയാണ് നിര്‍ണായകമായിട്ടുള്ളത്. തിങ്കളാഴ്ച വൈകീട്ട് സാന്റ് ബാങ്ക്‌സില്‍ യുവതിയെ കണ്ടതായി ദൃസാക്ഷികള്‍ പറഞ്ഞു.

ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഷോറൂം പൂട്ടിയപ്പോള്‍ പ്രവീണ തന്റെ സ്‌കൂട്ടറില്‍ തനിച്ചാണ് സാന്റ്ബാങ്ക്‌സില്‍ എത്തിയത്. ഇവിടെ സ്‌കൂട്ടര്‍ നിര്‍ത്തിയ ശേഷം ഓവര്‍ക്കോട്ട് ധരിച്ച് ബൈക്കിലെത്തിയ യുവാവിന്റെ പിറകിലിരുന്നു പോകുന്നത് കണ്ടതായാണ് കടയുടമ പോലീസിനോട് പറഞ്ഞത്.

ഇന്നലെ ചൊവ്വാഴ്ച ഉച്ചയോടെ പ്രവീണയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പാലക്കാട് മലമ്പുഴയില്‍ കണ്ടതായി സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഒരു മിനിറ്റു മാത്രമാണ് മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചത്.

കടയുടമ വൈക്കിലശ്ശേരി സ്വദേശി 23കാരനായ അംജാസിനെ രണ്ട് മാസം മുമ്പാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ജീവനക്കാരി പ്രവീണയെ കാണാതായത്. അംജാസിനെ കണ്ടെത്താന്‍ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തിരുന്നു.

ഇത് അനുസരിച്ച് അംജാസിനെ ഉടന്‍ കണ്ടെത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സാന്റ് ബാങ്ക്‌സില്‍ പ്രവീണ ഉപേക്ഷിച്ച കെ എല്‍ പി 58 6450 നമ്പര്‍ സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചൊക്ലി സ്വദേശിയായ പ്രവീണയെ ഒഞ്ചിയത്താണ് വിവാഹം കഴിച്ചത്. ഗള്‍ഫിലുള്ള ഭര്‍ത്താവ് സംഭവം അറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രവീണയ്ക്ക് ഏഴു വയസ്സുളള മകളുണ്ട്. അപകടത്തില്‍ പരിക്കേറ്റ പ്രവീണയുടെ സഹോദരി വീട്ടില്‍ ചികില്‍സയിലാണ്. ഇതിനിടയില്‍ യുവതിയെ കാണാതായത് കുടുംബത്തെ കണ്ണീരിലാഴ്ത്തി.

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം