ആ വാര്‍ത്ത തനിക്ക് ഒരുപാട് നാണക്കേട് ഉണ്ടാക്കിയെന്നും വളരെ വേദനിപ്പിച്ചെന്നും അമലപോള്‍

സംവിധായകന്‍ എ എല്‍ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് കാരണം  നടി അമല പോളിന് മറ്റൊരു പ്രമുഖ നടനുമായുള്ള ബന്ധമാണെന്ന വാര്‍ത്തകള്‍ക്ക് എതിരെ നടി രംഗത്തെത്തി. നടിക്ക് തെന്നിന്ത്യന്‍ നടന്‍ ധനുഷുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമായതെന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ വിജയ്‌യുമായുള്ള വ്യത്യസ്ത അഭിപ്രായങ്ങളാണ് ബന്ധം വഷളാകാന്‍ കാരണമായതെന്നും ഈ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച നല്ല സുഹൃത്ത് മാത്രമായിരുന്നു ധനുഷ് എന്നും അമല പോള്‍ വ്യക്തമാക്കി.

 

എന്റെ വിവാഹമോചനം നടക്കരുത് എന്ന് ആഗ്രഹിച്ച് കാര്യങ്ങള്‍ പരിഹരിക്കാന്‍ കൂടെ ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. ധനുഷ് എന്റെ വഴികാട്ടിയും നല്ല സുഹൃത്തുമാണ്. അങ്ങനെയുള്ള ഒരാളുടെ പേര് ചേര്‍ക്കുമ്പോള്‍ വേദന തോന്നും. ധനുഷെന്നല്ല ആരുമായും എനിക്ക് ഒരു ബന്ധവുമില്ല-അമല പറഞ്ഞു. ഈ വാര്‍ത്ത ഒരുപാട് നാണക്കേട് ഉണ്ടാക്കിയെന്നും വളരെ വേദനിപ്പിച്ചെന്നും അമല തുറന്നുപറഞ്ഞു. ഒരുകാരണവുമില്ലാതെ തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ ധനുഷിന്റെ പേര് വലിച്ചിഴച്ചതില്‍ അതിയായ ദുഃഖമുണ്ടെന്നും അമല പറയുന്നു.

 

വിവാഹമോചനസമയത്ത് ധനുഷിന്റെ വാടാ ചെന്നൈ എന്ന സിനിമയില്‍ അഭിനയിക്കാന്‍ തയാറെടുക്കുകയായിരുന്നു അമല. മാത്രമല്ല ധനുഷിന്റെ തന്നെ വിഐപി ടു എന്ന സിനിമയിലും അമലയാണ് നായിക. ഈ വാര്‍ത്തകളും ഗോസിപ്പിന് ചൂടുകൂട്ടി. വിവാഹമോചനശേഷം അമലയെ പല സിനിമകളില്‍ നിന്നും ഒഴിവാക്കുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. വിഐപി ആദ്യഭാഗത്തില്‍ നായികയായിരുന്നതിനാലാണ് രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നതെന്നും അതല്ലാതെ ആരുടെയും ശുപാര്‍ശ കൊണ്ടല്ലെന്നും അമല വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം