ആംആദ്മിയുടെ 20 എം എല്‍ എമാരെ അയോഗ്യരാക്കി

ന്യൂഡല്‍ഹി:  ആംആദ്മി സര്‍ക്കാരിന്റെ 20 എംഎല്‍എമാരെ അയോഗ്യരാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരട്ട പദവി വഹിച്ചുവെന്ന കാരണത്തെ തുടര്‍ന്നാണ് നടപടിയെന്ന് തെരെഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു. വരുമാനമുള്ള ഇരട്ടപദവി ഇവര്‍ വഹിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു. ഇവരെ പുറത്താക്കാനുള്ള ശുപാര്‍ശ തെരെഞ്ഞടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്കു കൈമാറി.

അതേസമയം, നിയമപരമായി ഇതിനെ നേരിടുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനു ഡല്‍ഹി ഹൈക്കോടതി തെരെഞ്ഞടുപ്പിനു അനുമതി നല്‍കിയിരുന്നു.

ഇതിനിടെ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി സ്വാഗതം ചെയ്യുന്നെന്ന് ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിച്ചു. എന്നാല്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെജരിവാള്‍ രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. എഎപി സര്‍ക്കാര്‍ ഭരണത്തില്‍ നിന്നും ഒഴിയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

നേരത്തെ, അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസത്തിനു ശേഷം പാര്‍ട്ടിയുടെ 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിക്കുകയായിരുന്നു. ഇത് വരുമാനം ലഭിക്കുന്ന പദവിയാണ്. ഇതിനെ തുടര്‍ന്ന് ഒരേ സമയം എംഎല്‍എ സ്ഥാനവും പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനവും വഹിക്കുന്ന 21 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി പ്രശാന്ത് പട്ടേല്‍ തെരെഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി നിയമസഭയില്‍ മൃഗീയ ഭൂരപക്ഷമുള്ള ഡല്‍ഹി സര്‍ക്കാരിനു ഭീഷണിയല്ല. 70 അംഗ നിയമസഭയില്‍ എഎപിക്കു 46 സീറ്റായി കുറയും. നിലവില്‍ 66 സീറ്റാണ് എഎപിക്കു ഉള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം