കോട്ടയത്ത്‌ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: കടപ്ലാമറ്റം വയല കൊശപ്പള്ളിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവിടെ വാടകയ്ക്കു താമസിച്ചിരുന്ന പടിഞ്ഞാറേ കൂടല്ലൂര്‍ പുലിക്കുന്ന് മുകളേല്‍ സിനോജ് (42), ഭാര്യ നിഷ (35), മക്കളായ സൂര്യതേജസ് (12), ശിവതേജസ് (ഏഴ്) എന്നിവരെയാണു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മറ്റുള്ളവരെ കൊന്ന ശേഷം സിനോജ് തൂങ്ങി മരിക്കുകയായിരുന്നെന്നാണു പ്രാഥമിക വിവരം. മൂത്തമകന്‍ സൂര്യതേജസിന്റെ മൃതദേഹം കുളിമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലാണ്. നിഷയുടെയും ശിവതേജസിന്റെ മൃതദേഹങ്ങള്‍ കട്ടിലിലാണു കിടന്നിരുന്നത്. നിഷയുടെ കഴുത്തിലും കയര്‍ മുറുകിയ പാടുണ്ട്.

ഇവരുടെ ബന്ധുവും ഭിന്നശേഷിക്കാരനുമായ ഒരു കുട്ടി വീട്ടിലുണ്ടായിരുന്നു. എന്നാല്‍ രാത്രി നടന്ന സംഭവങ്ങളൊന്നും കുട്ടി അറിഞ്ഞിട്ടില്ലെന്നു പൊലീസ് പറയുന്നു. സിനോജിന്റെ സുഹൃത്ത് രാവിലെ പല തവണ ഫോണില്‍ വിളിച്ചിട്ടും ആരും കോള്‍ എടുക്കാതെ വന്നതോടെ ഇയാള്‍ നേരിട്ടെത്തി കതകില്‍ മുട്ടിയപ്പോള്‍ ഭിന്നശേഷിക്കാരനായ കുട്ടിയാണു വാതില്‍ തുറന്നത്. അപ്പോഴാണ് മൃതദേഹങ്ങളും കണ്ടെത്തിയത്. പാലാ ഡിവൈഎസ്പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം