ആലപ്പുഴ ജില്ലയില്‍ പെണ്‍വാണിഭ സംഘം സജീവമാകുന്നു

alappuzha
ആലപ്പുഴ: കേരളത്തിലെ പ്രധാന ടൂറിസം മേഖലയായ ആലപ്പുഴ ജില്ലയില്‍ ജില്ലയില്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാകുന്നു. നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ടൂറിസം മേഖലയുമായി ബന്ധപ്പെട്ടാണ്‌ പെണ്‍വാണിഭ സംഘങ്ങള്‍ വളരുന്നത്‌.
പാതിരപ്പള്ളിയില്‍ തിങ്കളാഴ്‌ചത്തെ റെയ്‌ഡില്‍ പിടിയിലായ സംഘം ആലപ്പുഴ കേന്ദ്രീകരിച്ച്‌ ഏറെക്കാലമായി പെണ്‍വാണിഭത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസിന്റെ ചോദ്യംചെയ്യലില്‍ തെളിഞ്ഞിട്ടുണ്ട്.

ഇവര്‍ സിനിമയിലേക്ക്‌ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകളെ നല്‍കിയിരുന്ന സംഘമായിരുന്നുവെന്നാണു വിവരം. സിനിമയുടെയും സീരിയലിന്റെയും പേരില്‍ നിരവധി പെണ്‍കുട്ടികളെ ഇവര്‍ വലയിലാക്കിയതായാണ്‌ സൂചന. ദേശീയപാതയോരത്ത്‌ പാതിരപ്പള്ളിയിലെ എക്‌സല്‍ ഗ്ലാസിനു സമീപം വീട്‌ വാടകയ്‌ക്കെടുത്താണ്‌ ഇവര്‍ അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്‌. ആലപ്പുഴ പറവൂര്‍ സ്വദേശി ജോണി, ഭാര്യ രേവതി, തിരുവല്ല സ്വദേശി മാളവിക, കുതിരപ്പന്തി സ്വദേശി മെറീന, ചേര്‍ത്തല ചെറുവാരണം സ്വദേശി രശ്‌മി, കളമശേരി സ്വദേശി ഫഹദ്‌, തുമ്പോളി സ്വദേശി വര്‍ഗീസ്‌,പൂങ്കാവ്‌ സ്വദേശി ഷിബു എന്നിവരെയാണ്‌ തിങ്കളാഴ്‌ച വൈകിട്ട്‌ മാരാരിക്കുളം സി.ഐ: കെ.എന്‍. രാജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌.

സിനിമയിലേക്ക്‌ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകളെ എത്തിച്ചിരുന്ന ജോണിയാണു സംഘത്തലവന്‍. ജോണിയുടെ ഭാര്യ രേവതി സിനിമയിലും സീരിയലിലും ചെറിയ വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. സിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രങ്ങളും മറ്റും കാട്ടിയാണ്‌ പെണ്‍കുട്ടികളെ ആകര്‍ഷിച്ചിരുന്നത്‌. രേവതിയുടെ ആദ്യ ഭര്‍ത്താവ്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മരിച്ചു.

ഇതിനു ശേഷം മറ്റൊരു യുവാവിനൊപ്പം താമസിച്ചു. കേസുകളില്‍പ്പെട്ട്‌ ഇയാള്‍ ജയിലിലായതോടെയാണ്‌ ജോണിക്കൊപ്പം താമസം ആരംഭിച്ചത്‌. രേവതിയുടെ പേരിലാണ്‌ പാതിരപ്പള്ളിയില്‍ വീട്‌ വാടകയ്‌ക്കെടുത്തത്‌. ചിട്ടിപ്പിരിവിനെന്ന പേരിലാണ്‌ രശ്‌മിയെ ഈ സംഘം ഒപ്പംകൂട്ടിയത്‌. വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ താമസിച്ചാണ്‌ ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നതെന്നാണു വിവരം. അന്യസംസ്‌ഥാനങ്ങളില്‍ നിന്നു പെണ്‍കുട്ടികളെ ആലപ്പുഴയിലെ ടൂറിസം മേഖലയിലേക്ക്‌ എത്തിക്കുന്ന റാക്കറ്റുകളും സജീവമാണ്‌.

നേരത്തേ നേപ്പാള്‍ സ്വദേശിനിയെ ആലപ്പുഴയിലെ റിസോര്‍ട്ടില്‍ നിന്നു പിടികൂടിയിരുന്നു. ഫേസ്‌ബുക്കിലുടെയും ഇന്റര്‍നെറ്റിലുടെയും ആവശ്യക്കാരെ കണ്ടെത്തി റിസോര്‍ട്ടുകളിലും ഹൗസ്‌ ബോട്ടുകളിലും പെണ്‍കുട്ടികളെ എത്തിച്ചുനല്‍കുന്ന സംഘത്തിലെ അന്യജില്ലക്കാരുള്‍പ്പെടെ ഏതാനും പേരെ മാസങ്ങള്‍ക്കു മുമ്പ്‌ ആലപ്പുഴ പുന്നമടയില്‍ നിന്ന്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നെങ്കിലും കൂട്ടുപ്രതികളെ പിടികൂടാന്‍ നടപടിയുണ്ടായില്ല.

പിടിയിലായവരുടെ മേല്‍വിലാസം പോലും പോലീസ്‌ തെറ്റിച്ച്‌ മാധ്യമങ്ങള്‍ക്കു നല്‍കിയതായി അന്നു പരാതി ഉയര്‍ന്നിരുന്നു.
ടൂറിസ്‌റ്റുകള്‍ക്കുവേണ്ടി അന്യ സംസ്‌ഥാനങ്ങളില്‍ നിന്നു പെണ്‍കുട്ടികളെ ധാരാളമായി എത്തിക്കുന്നുണ്ട്‌. ഉത്തരേന്ത്യക്കാര്‍ക്കു പുറമേ ബംഗളരുവിലെ വിദ്യാര്‍ഥിനികളും ഇവരുടെ വലയിലുണ്ട്‌.

ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്‌ഷനാണ്‌ ഈ റാക്കറ്റുകളുടെ ഏജന്റുമാരുടെ തട്ടകം. ഇവിടെ ഇടനിലക്കാര്‍ പെണ്‍കുട്ടികളുമായി കാത്തുനില്‍ക്കുന്നത്‌ പതിവാണ്‌. അന്യജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ സെക്‌സ്‌ ടൂറിസത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തുന്നുണ്ടെന്ന്‌ പോലീസിനു വ്യക്‌തമായ വിവരം ലഭിക്കാറുണ്ടെങ്കിലും വമ്പന്‍മാര്‍ അടങ്ങുന്ന റാക്കറ്റിനെ തൊടാന്‍ പോലീസ്‌ തയാറാകുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്‌.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം