അജ്മലിന്‍റെ ദുരൂഹ മരണം ; പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന

പേരാമ്പ്ര: അജ്മലിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയില്‍ അന്വേഷണം ഉൗർജിതമാക്കിയതായി പേരാമ്പ്ര സിഎെ കെ.പി. സുനില്‍ കുമാര്‍ പറഞ്ഞു . എന്നാല്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന കൊലപാതകത്തിന് സാധ്യത ഇല്ലെന്നാണ് . ശരീരത്തില്‍ മുറിവോ മര്‍ദ്ദനമെറ്റ പാടുകളോ ഇല്ല . എന്നാല്‍ തൊലിഉരഞ്ഞ പാടുകളുണ്ട്.

പാലേരി കേളോത്ത് അജ്മലി (26)ന്റെ മൃതദേഹമാണ് പേരാമ്പ്ര ഹൈസ്കൂൾ റോഡ് കിഴിഞ്ഞാണ്യം അമ്പലത്തിന് എതിർവശത്തുള്ള കുളത്തിൽ കണ്ടെത്തിയത്. ഹൈസ്കൂൾ റോഡിലെ ടൂറിസ്റ്റ് ബസിലെ ഡ്രൈവറാണ്.

ശനിയാഴ്ച രാത്രി അജ്മലിനെ ഹൈസ്കൂളിനടുത്ത് ഒരു സംഘം ആക്രമിച്ചെന്നും അജ്മൽ ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നെന്നും പ്രചാരണമുണ്ടായിരുന്നു. ബൈക്കിൽ ചിലർ പിൻതുടർന്നപ്പോൾ അജ്മൽ ഓട്ടോയിൽ നിന്ന് കുളത്തിനടുത്തേക്ക് ഇറങ്ങിപ്പോയതായും പറയുന്നു. പിന്നീടാരും അജ്മലിനെ കണ്ടിട്ടില്ല.

‌അജ്മലിനെ കാണാതായ പരാതി ലഭിച്ചപ്പോൾ ഞായറാഴ്ച പൊലീസും ഫയർഫോഴ്സും കുളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ഇന്നലെ രാവിലെ 10 മണിയോടെ മൃതദേഹം പൊങ്ങി. പൊലീസെത്തി മൃതദേഹം പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ തഹസിൽദാർ എത്തിയിട്ടു നീക്കിയാൽ മതിയെന്നു പറഞ്ഞു നാട്ടുകാർ തടഞ്ഞു. തഹസിൽദാർ വൈകിയപ്പോൾ ജനങ്ങൾ ഹൈസ്കൂൾ റോഡും പിന്നീട് സംസ്ഥാന പാതയും ഉപരോധിച്ചു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

ഒന്നരയോടെ തഹസിൽദാർ എത്തിയ ശേഷമാണ് രംഗം ശാന്തമായത്. തഹസില്‍ദാര്‍ എന്‍. റംല, പേരാമ്പ്ര സിഎെ കെ.പി. സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം വൈകിട്ട് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം