റമദാന്‍ മുസ്ലീങ്ങളുടെ ജീവിത ചിട്ടകളില്‍ മാറ്റം വരുത്തിയിരിക്കുന്നു

 ramdan 1
മുഹമ്മദ്‌ സഗീര്‍
നുഗ്രഹത്തിന്റെ പുണ്യകവാടങ്ങള്‍ തുറന്ന റമദാന്‍ നമ്മോട് വിടപറഞ്ഞിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് സല്‍കര്‍മ്മങ്ങളുടെ വസന്തോത്സവമായ റമദാന്‍ മനുഷ്യ സമൂഹത്തിന്റെ അഞ്ചിലൊന്നു വരുന്ന മുസ്ലീങ്ങളുടെ ജീവിത ചിട്ടകളില്‍ മാറ്റം വരുത്തിയിരിക്കുന്നു.
പൂര്‍വ്വ ചക്രവാളത്തില്‍ പ്രഭാതത്തിന്റെ വെള്ളിരേഖ പ്രത്യക്ഷപ്പെടുന്നത് വിളിച്ചറിയിക്കുന്ന വിളി (ബാങ്ക്) യെത്തി കഴിഞ്ഞാല്‍ അന്നപാനാദികളില്ല, ശാരീരിക ബന്ധങ്ങളില്ല, തെറ്റായ വാക്കും പ്രവര്‍ത്തിയുമില്ല, തികഞ്ഞ ശ്രദ്ധയാണെല്ലാറ്റിലും, പൂര്‍ണ്ണ സൂക്ഷ്മതയാണെങ്ങും.കണ്ണും കാതും ഹൃദയവുമെല്ലാം പൂര്‍ണ്ണ നിയന്ത്രിതം. വാക്കും നോക്കും പോക്കുമൊക്കെ സൃഷ്ടാവിന്റെ ആജ്ഞകള്‍ക്ക് വിധേയം.
പാപമോചനത്തിനായുള്ള കഴിഞ്ഞ ഒരു മാസം പ്രവാചകസന്ദേശങ്ങള്‍ പാലിച്ച് കഠിന വ്രതം ചെയ്യാനുള്ള ശ്രമമായിരുന്നു.വര്‍ഷത്തിലൊരു മാസത്തിലെ വ്രതാനുഷ്ഠനങ്ങള്‍ മനുഷ്യന്റെ ഇന്ദ്രിയങ്ങളെ സ്വാധീനിക്കുകയും അല്ലാഹുവിന്റെ സാന്നിദ്ധ്യത്തെ സദാ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
ഉപവാസമെന്നാല്‍ ഭക്ഷണം ഉപേക്ഷിക്കല്‍ മാത്രമല്ല.പരിപൂര്‍ണ്ണമായ ഇന്ദ്രിയ സമന്വയവുമാണ്.നാവ്,കാത്,കണ്ണ്,ശരീരം,മനസ്സ് എന്നിവയെ നിയന്ത്രിക്കുക.ഉപവാസകാലത്ത് മനസ്സ് പൂണ്ണമായുമാല്ലാഹുവിനായി സമര്‍പ്പിക്കണം ചിന്തയും വികാരങ്ങളും നിയന്ത്രിക്കണം.
ഖുറാന്‍ പാരായണം ചെയ്തും , ഉംറ നിര്‍വ്വഹിച്ചും, ദാനധര്‍മ്മങ്ങള്‍ നടത്തിയും വിശ്വാസസമൂഹം പാപപരിഹാരത്തിനായി പള്ളികളില്‍ ദിനരാത്രങ്ങള്‍ ചെലവഴിക്കുകയും ചെയ്യുന്ന കാഴ്ച്ചയായിരുന്നു എങ്ങും.
അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനും ഇല്ലെന്നും, മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാനെന്നും ഇസ്ലാം വിശ്വസിക്കുന്നു. പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങളാണ് ഇസ്ലാമിലുള്ളത്. ഇവയെ ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങള്‍ എന്നു വിളിക്കാം.
അല്ലാഹു വല്ലാതെ ഒരാരാധ്യനുമില്ലെന്നും, മുഹമ്മദ് നബി അവന്റെ പ്രവാചകനാണെന്നും സാക്ഷ്യം വഹിക്കുക, നിസ്കാരം നിര്‍വ്വഹിക്കുക, സക്കാത്ത് കൊടുക്കുക, റംസാന്‍ മാസം വ്രതമനുഷ്ഠിക്കുക, കഴിവുള്ളവര്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുക.
പ്രപഞ്ചനാഥനായ ദൈവത്തെയാണ് അല്ലാഹു എന്നു പറയുന്നത്. അല്ലാഹു എല്ലാ നിലയ്ക്കും ഏകനും പരാശ്രയരഹിതനുമാകുന്നു. സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാണവന്‍.
ദൈവവചനങ്ങള്‍ പ്രവാചകന് മാലാഖ വഴി എത്തിച്ചതിന്റെ ഗ്രന്ഥരൂപമാണ് ഖുര്‍ ആന്‍. ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥമാണിത്. ഇതില് 114 പാഠങ്ങളാണുള്ളത്.
ദൈവനാമത്തില്‍ എന്നര്‍ത്ഥം വരുന്ന ബിസ്മില്ലയില്‍ ആണ് ഖുര്‍ അന്‍ തുടങ്ങുന്നത്. ഒരു മുസ്ലിം ഏതുകാര്യം ചെയ്യുമ്പോഴും തുടക്കത്തില്‍ ഈ പദംകൊണ്ട് തുടങ്ങണം. ഇത് ജീവിത സൂക്ഷ്മത നല്കുന്നു എന്നാണ് വിശ്വാസം.
അന്ധകാരങ്ങളെ അകറ്റി ലോകത്തെ പ്രകാശമാനമാക്കാനുള്ളതാണ് ഖുര്‍‌ആന്‍.ലോകം മുഴുവന്‍ കുടുംബപരവും സാമൂഹികവും രാഷ്‌ട്രീയവുമായ അന്ധകാരത്തില്‍ പെട്ടുഴലുന്ന കാലത്താണ് ഖുര്‍‌ആന്‍ അവതീര്ണ്ണവമായതെന്നത് പ്രസക്തമാണ്.ഖുര്‍‌ആനാകുന്ന വെളിച്ചം കയ്യിലുള്ള മുസ്ലിം സമൂഹം ഇരുട്ടിനെ അകറ്റാനും നാടിന്റെ നന്മക്കായും അതുപയോഗപ്പെടുത്തണം
വ്രതാനുഷ്ഠാനകാലത്ത് കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതും അത്യാവശ്യമാണ്. പാവപ്പെട്ടവന് ഒരു താങ്ങായി മാറാന്‍ കഴിഞ്ഞാല്‍ സര്‍വശക്തന്റെ അനുഗ്രഹങ്ങള്‍ നമുക്ക് ലഭിക്കും. നാം ഭക്ഷണം ഉപേക്ഷിക്കുമ്പോഴും വയറുവിശക്കുന്നവന് ആഹാരമേകാനുള്ള ഹൃദയ വിശാലത നാം കൈവരിക്കണം.അങ്ങനെ കാരുണ്യവും ദയയും നിറഞ്ഞ ഒരു മനസ് രൂപപ്പെടുത്താനും റമദാന്‍ വ്രതം സഹായിച്ചു.
ലോകത്തിലെ എല്ല മതങ്ങളും അവയുടെ ആചാരങ്ങളും മനുഷ്യനെ നയിക്കുന്നത് പരമ കാരുണ്യവാനായ ദൈവത്തിലേക്കാണ്. ദൈവത്തിന്റെ നന്മയുടെ അംശങ്ങള്‍ ഉള്‍ക്കൊണ്ട് അത് ജീവിതത്തില്‍ പകര്‍ത്തി അവനവനും കുടുംബത്തിനും സമൂഹത്തിന്നും ഈ ലോകത്തിന്നും തന്നെ നന്മ പകരുവാന്‍ ശ്രമിക്കുകയാണ് ഈ വ്രത കാലത്ത് വിശ്വാസികള്‍ ചെയ്തത്.
ഈശ്വരനിലേക്ക് എത്താനുള്ള വഴികളില്‍ ഏറ്റവും മഹത്തരമാണ് റമദാന്‍ വ്രതാനുഷ്ഠാനം. ആത്മീയ സാക്ഷാത്ക്കാരത്തിന് തടസമാകുന്ന ചിന്തകളെയെല്ലാം ഉദ്ദീപിപ്പിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണമാണ്. അതുക്കൊണ്ട് തന്നെ ഭക്ഷണ നിയന്ത്രണം ശരീരത്തിലും മനസിലും ഉണ്ടാക്കുന്ന വ്യത്യാസം വളരെ വലുതാണ്.ഭക്ഷണ നിയന്ത്രണത്തിലൂടെ പൈശാചികമായ പല സ്വഭാവങ്ങളില്‍ നിന്നും നമ്മുക്ക് രക്ഷ നേടാനാവും. വിശപ്പിനെ നിയന്ത്രിക്കാനായാല്‍ ശരീരത്തെ നമ്മുടെ നിയന്ത്രണത്തിലാക്കി എന്നു തന്നെയാണ് അര്‍ത്ഥം. പാവപ്പെട്ടവന്റെ ദുരിതം മനസിലാക്കാന്‍ അവനെ സഹായിക്കാനായി ഒരു മനസ് സൃഷ്ടിക്കാന്‍ വ്രതത്തിലൂടെ കഴിഞ്ഞു.
റമദാന്‍ വ്രതാനുഷ്ഠാനത്തിലൂടെ മനുഷ്യന്‍ നേടിയെടുക്കുന്ന നന്മകള്‍ക്കെല്ലാം നാം കടപ്പെട്ടിരിക്കുന്നത് സര്‍വ്വശക്തനായ അള്ളാഹുവിനോടാണ്. പരമ കാരുണ്യവാനയ ദൈവം അവന്റെ ദാസന്മാരായ മനുഷ്യന്‍ ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഈ ഭൂലോകത്തില്‍ ഒരുക്കിയിട്ടുണ്ട്. അവയെ കണ്ടെത്തി നന്മയുടേയും ധര്‍മ്മത്തിന്റെയും പാത ഉപയോഗിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്.
സമൂഹത്തിന്‍റെ ചരിത്രപരവും പ്രകൃതിപരവുമായ ആവശ്യമാണെന്നും ആ ആവശ്യത്തെ ഇസ്ലാം മാനിക്കുന്നുവെന്നും വിവിധ ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. ഇത് എല്ലാ ഓര്‍ത്തുകൊണ്ടായിരിക്കണം ഇനിയുള്ള നമ്മുടെ ജീവിതം.
ലേഖകനെ കുറിച്ച് :- മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
മലയാളത്തിലെ യുവകവി.ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും കവിതകളെഴുതുന്നു. നാട്ടില്‍ കുറച്ചുകാലം കേരളത്തിലെ മുന്‍നിരയിലുള്‍പ്പെട്ട ഒരു പത്രത്തിന്റെ പ്രദേശിക ലേഖകനായി ജോലി നോക്കിയീട്ടുണ്ട്.
ഇപ്പോള്‍ സ്വന്തമായി ഖത്തര്‍ ടൈംസ് എന്ന ഓണ്‍ലൈന്‍ പത്രം കൈകാര്യം ചെയ്തു വരുന്നുണ്ട്. ഒപ്പം ചില ഓണ്‍ലൈന്‍ പത്രങ്ങളുടെയും ഗള്‍ഫ് ലേഖകന്‍ കൂടിയാണ്. കൂടാതെ പാഥേയം എന്ന ഓണ്‍ലൈന്‍ മാഗസിന്റെ മുഖ്യ പത്രാധിപരാണ്.
കവിതയാണ് മുഖ്യം എങ്കിലും കുറച്ചു കഥകളും എഴുതിയീട്ടുണ്ട്.അതുപോലെ കുറച്ചു ചിത്രങ്ങളും.ഇപ്പോള്‍ മുഖ്യമായും എഴുത്ത് ഓണ്‍ലൈനിലാണ്.
നാട് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാംസ്‌ക്കാരികതലസ്ഥാനവും പൂരങ്ങളുടെനാടുമായ ത്യശൂരില്‍ മിനി ഗള്‍ഫെന്നറിയപ്പെടുന്ന ചാവക്കാടിനടുത്ത് പ്രസിദ്ധമായ ചന്ദനകുടം നടക്കുന്ന മണത്തലയിലാണ്.
2002 മുതല്‍  ഈന്തപഴം വിളയുന്ന മണലാര്യണ്യമായ ഗള്‍ഫിലെ ഖത്തര്‍ എന്ന ദേശത്ത് ദോഹയെന്ന പട്ടണത്തിലാണ്. കണ്‍സല്‍ട്ടിങ്ങ് കമ്പനിയില്‍ പ്രോജക്റ്റ് എഞ്ചിനിയറായി ജോലി നോക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം