മുന്‍ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ എം.കെ ദാമോദരന്‍ അന്തരിച്ചു

കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ എം.കെ ദാമോദരന്‍(70) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുദിവസങ്ങളായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുക ആയിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി ഇദ്ദേഹത്തെ നിയമിക്കുമെന്ന് പ്രചാരണം നടന്നിരുന്നു.

ഇതേറെ വിവാദമാകുകയും ചെയ്തിരുന്നു. ഈ ഉത്തരവ് താന്‍ കൈപ്പറ്റിയില്ലെന്നും ഈ പദവി ഏറ്റെടുക്കില്ലെന്നും ദാമോദരന്‍ തന്നെ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ രാഷ്ട്രീയമായി വിവാദമായ മിക്ക കേസുകളിലും രാഷ്ട്രീയക്കാര്‍ക്കായി ഹാജരായിരുന്നത് എം.കെ ദാമോദരനാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലാവലിന്‍ കേസില്‍ ഹൈക്കോടതിയില്‍ ഹാജരായിരുന്നത് ദാമോദരനാണ്.

ഇ.കെ നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് എം.കെ ദാമോദരന്‍ അഡ്വക്കേറ്റ് ജനറലായത്. ഇത് കൂടാതെ ഈ അടുത്ത കാലത്ത് ലോട്ടറി മാഫിയ തലവനായ സാന്‍റിയാഗോ മാര്‍ട്ടിന്‍റെ സ്വത്തുക്കള്‍ കണ്ടുകിട്ടാനുളള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നടപടിയില്‍ മാര്‍ട്ടിന് വേണ്ടിയും ദാമോദരന്‍ ഹാജരായിരുന്നു. ഇതാകട്ടെ മുഖ്യമന്ത്രി പിണറായിയുടെ നിയമോപദേഷ്ടാവ് എന്ന പദവിയിലേക്ക് ദാമോദരന്‍ എത്തും എന്നുളള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ്.

പ്രമുഖ രാഷ്ട്രീയ നേതാക്കളായ പിണറായി വിജയന്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി, കെ.ബാബു, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവരുടെ കേസുകള്‍ എം.കെ ദാമോദരന്‍ കൈകാര്യം ചെയ്തിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന ഐസ്ക്രീം പാര്‍ലര്‍ കേസ്, കെ.എം മാണിക്കെതിരായ കോഴിക്കച്ചവടക്കാരില്‍ നിന്നും കോഴ വാങ്ങിയെന്ന ആരോപണം എന്നിവയൊക്കെ അതില്‍ ചിലത് മാത്രമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം