ഗർഭിണിയായ ഭാര്യയെപ്പോലും ദേഹോപദ്രവമേൽപ്പിച്ച ഒരു ഭർത്താവാണോ സാമൂഹ്യസേവനം ചെയ്യാൻ പോകുന്നത്; മുകേഷിനെതിരെ ആദ്യഭാര്യ സരിത

saritha-mukeshതിരുവനന്തപുരം : കൊല്ലത്തെ ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുകേഷ് സത്യവാങ്മൂലത്തിൽ യഥാർത്ഥ വിവരങ്ങൾ മറച്ചു വച്ചെന്നാരോപിച്ച് മുൻ ഭാര്യ സരിത. ഗുരുതരമായ പിഴവുകളോടെയാണ് മുകേഷ് തന്റെ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നതെന്ന് സരിത പറയുന്നു.

മുകേഷ് തന്റെ സത്യവാങ്മൂലത്തിൽ ഭാര്യയുടെ സ്ഥാനത്ത് മേതിൽ ദേവികയുടെ പേരാണ് ചേർത്തിരിക്കുന്നത്. എന്നാൽ മുകേഷ് തന്നെ നിയമപരമായി വിവാഹമോചനം ചെയ്തിട്ടില്ല. 28 വർഷമായി താൻ നിയമപരമായി മുകേഷിന്റെ ഭാര്യ തന്നെയാണ്. മേതിൽ ദേവികയെ വിവാഹം ചെയ്ത വാർത്ത താനറിയുന്നത് മാദ്ധ്യമങ്ങളിൽക്കൂടി മാത്രമാണെന്ന് സരിത വെളിപ്പെടുത്തി.

ആശ്രിതരുടെ വിവരങ്ങൾ കാണിക്കേണ്ട കോളത്തിൽ, ആശ്രിതരില്ല എന്ന തരത്തിലാണ് മുകേഷ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രണ്ട് ആൺകുട്ടികളുടെ അച്ഛനായ മുകേഷിന് എങ്ങനെയാണ് ആശ്രിതരാരുമില്ലെന്നു പറയാൻ കഴിയുക എന്ന സരിത ചോദിക്കുന്നു.

അതുപോലെ തന്നെ തന്റെ പേരിൽ കേസുകൾ നിലവിലില്ലെന്ന് മുകേഷ് പറയുന്നു. എന്നാൽ തങ്ങളുടെ കേസ് ഇപ്പോഴും കേരള ഹൈക്കോടതിയിൽ നിലവിലുണ്ടെന്ന് സരിത. നിയമം പഠിച്ച മുകേഷ് ആ നിയമം മുകേഷ് കയ്യിലെടുക്കുകയാണ്. ക്രൂരനായ ഒരു ഭർത്താവാണ് മുകേഷ്, ആർക്കും ദഹിക്കാത്ത യാഥാർത്ഥ്യങ്ങൾ നിറഞ്ഞതാണ് തങ്ങളുടെ ജീവിതമെന്നും സരിത കൂട്ടിച്ചേർത്തു.

നുണയും കഥയും പറഞ്ഞ് ജനങ്ങളെ കയ്യിലെടുക്കുന്ന മിടുക്ക് വെച്ച് സമൂഹത്തെ സേവിക്കാനാകില്ലെന്ന് സരിത കുറ്റപ്പെടുത്തി. സ്വന്തം കുടുംബത്തിനു നീതി ലഭ്യമാക്കിയിട്ടു വേണം നേതാവാകാൻ. ഗർഭിണിയായ ഭാര്യയെപ്പോലും ദേഹോപദ്രവമേൽപ്പിച്ച ഒരു ഭർത്താവാണോ സാമൂഹ്യസേവനം ചെയ്യാൻ പോകുന്നതെന്നും സരിത ചോദിക്കുന്നു. മുകേഷിന് ഒരു പാർട്ടിയുടെയും നേതാവാകാനുള്ള യോഗ്യതയില്ലെന്നും സരിത ആരോപിച്ചു.

വിഷയത്തിൽ സരിത പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഘട്ടമായപ്പോൾ, സരിതയിൽ മുകേഷിനുണ്ടായ കുട്ടികളോട്, താൻ എം.എൽ.എ ആയാൽ കിട്ടാവുന്ന എല്ലാ ലാഭങ്ങളും മക്കൾക്കുളളതാണെന്നും, അതുകൊണ്ട് അമ്മയോട് പ്രശ്നങ്ങളുണ്ടാക്കാതെ അടങ്ങിയിരിക്കാൻ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ടതായും സരിത പറയുന്നു. ഇത്തരത്തിൽ പറയുന്ന മുകേഷ്, ലാഭമുണ്ടാക്കാനാണോ പൊതുസേവനത്തിനിറങ്ങിയിരിക്കുന്നതെന്ന് സരിത ചോദിച്ചു.

സരിതയുടെ വെളിപ്പെടുത്തലുകൾ ഇതിനോടകം തന്നെ എതിർകക്ഷികൾ പ്രചാരണായുധമാക്കിക്കഴിഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം