ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് ഒരു മാസം ;പുറത്തിറങ്ങാനാകാത്ത വിധം പൂട്ടാന്‍ പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് ഒരു മാസം തികയുന്നു. മണിക്കൂറുകൾ നീണ്ട രഹസ്യമായ ചോദ്യം ചെയ്യലിന് ശേഷം അപ്രതീക്ഷിതമായാണ് നടൻ ദിലീപിനെ ജൂലായ് 10ന് രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തത്.

അഴിക്കുള്ളിൽ കഴിയുന്ന താരത്തെ ഒരിക്കലും പുറത്തിറങ്ങാനാകാത്ത വിധം പൂട്ടാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. ദിലീപിനെതിരെ ശക്തമായ തെളിവുകൾ ശേഖരിച്ച പോലീസ് ഒരു കാരണവശാലും താരത്തിന്ശിക്ഷയിൽ ഇളവ് ലഭിക്കരുതെന്ന വാശിയിലാണ്.

കേസിന്റെ വിചാരണ പൂർത്തിയാക്കുന്നത് വരെ ദിലീപിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നാണ് പോലീസിന്റെ നിലപാട്. ദിലീപ് ചെയ്തത് ക്രൂരമായ കുറ്റകൃത്യമാണെന്നും പരമാവധി ശിക്ഷ ലഭിക്കണമെന്നുമാകും പ്രോസിക്യൂഷനും കോടതിയിൽ വാദിക്കുക

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെ സൂത്രധാരൻ ദിലീപാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അദ്ദേഹത്തെ പിടികൂടിയത്.

അറസ്റ്റിലാകുന്നതിന്റെ ഏതാനു ദിവസങ്ങൾക്ക് മുൻപ് ദിലീപിനെയും നാദിർഷായെയും 13 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയപ്പോഴും ഒന്നുമറിയില്ലെന്ന മട്ടിലാണ് ദിലീപ് പ്രതികരിച്ചത്.

എന്നാൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ മലയാള ചലച്ചിത്ര ലോകവും ആരാധകരും ഞെട്ടിത്തരിച്ചു. ജനപ്രിയ നടൻ ജയിലിലായതിന് പിന്നാലെ മലയാള സിനിമാ ലോകത്തെ പല സംഭവങ്ങളും പുറത്തുവരികയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം