നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി :  നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയും പ്രധാനപ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) ജാമ്യാപേക്ഷയും ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ചൊവ്വാഴ്ച വിധി പറയും.

അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് കാവ്യയും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യയെന്നനിലയില്‍ തന്നെ പീഡിപ്പിക്കുകയാണെന്നും കുടുംബത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും കാവ്യ ഹര്‍ജിയില്‍ പറയുന്നു. കേസില്‍ പറയുന്ന മാഡം കാവ്യയാണെന്ന് സുനി പറഞ്ഞപ്പോള്‍, സുനിയുമായി പരിചയമില്ലെന്നും മാഡം സാങ്കല്‍പ്പിക കഥാപാത്രമാണെന്നുമാണ് കാവ്യയുടെ വാദം.

പതിമൂന്നു മണിക്കൂര്‍ മാരത്തോണ്‍ ചോദ്യംചെയ്യല്‍ ഉള്‍പ്പെടെ രണ്ടുവട്ടം ചോദ്യംചെയ്യലിന് വിധേയനായ നാദിര്‍ഷയും അറസ്റ്റ് ഭയന്നാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. സുനി ജയിലില്‍നിന്നും പണം ആവശ്യപ്പെട്ട് നാദിര്‍ഷയെ വിളിച്ചിരുന്നു. എന്നാല്‍, സുനിയെ അറിയില്ലെന്നാണ് നാദിര്‍ഷയുടെ നിലപാട്.

ദിലീപിന്റെ അഞ്ചാമത്തെ ജാമ്യഹര്‍ജിയിലാണ് ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയുന്നത്. നേരത്തെ ഹൈക്കോടതിയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ടുതവണ വീതം തള്ളിയിരുന്നു. ദിലീപ് 77 ദിവസമായി ആലുവ സബ് ജയിലിലാണ്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം