ഓടുന്ന കാറിലിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നു നടിയുടെ പരാതി;സംവിധായകന്‍ അറസ്റ്റില്‍

ബംഗലുരു: സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു.സിനിമയില്‍ റോള്‍ വാഗ്ദാനം ചെയ്ത് കന്നഡ സിനിമാതാരം ശ്രുജനും തെലുങ്ക് സംവിധായകന്‍ ചലപതിയും ചേര്‍ന്ന് ഓടുന്ന കാറിലിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നു നടിയുടെ പരാതി. പരാതിയിൽ പോലീസ് കേസെടുത്തു. വിജയവാഡ മുതല്‍ ശരീരത്ത് തൊടാനും പിടിക്കാനും തുടങ്ങിയെന്നും പിന്നീട് ഇരുവരും ചേര്‍ന്ന് ബാക്ക് സീറ്റിലേക്ക് എടുത്തിട്ടു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്. കൂടാതെ കാറില്‍ നിന്നും ചാടിയിറങ്ങാതിരിക്കാന്‍ അതിവേഗതയിലായിരുന്നു ഇവർ കാർ ഓടിച്ചതെന്നും കാർ അമിത വേഗത മൂലം ഒരു ലോറിയില്‍ ഇടിച്ചത് കൊണ്ട് താൻ രക്ഷപെടുകയായിരുന്നെന്നുമാണ് പെൺകുട്ടിയുടെ പരാതി.

വിജയവാഡയിലെ പടമാട്ട പോലീസ് സ്റ്റേഷനില്‍ 24 കാരി നല്‍കിയ പരാതിയില്‍ സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രുജനെ നായകനാക്കി ചലപതി സംവിധാനം ചെയ്യുന്ന സിനിമയില്‍ വേഷം വാഗ്ദാനം ചെയ്തായിരുന്നു പീഡനശ്രമം. ഷൂട്ടിംഗിനായി ഹൈദരാബാദില്‍ നിന്നും ഭീമവരത്ത് എത്താനായിരുന്നു നിര്‍ദേശം. എന്നാൽ ട്രെയിനിൽ പോകാനിരുന്ന നടിയെ ഇവർ നിർബന്ധിച്ചു കാറിൽ യാത്ര ചെയ്യിക്കുകയായിരുന്നു. ആഗസ്റ്റ് 13 നായിരുന്നു സംഭവം.

കാര്‍ വിജയവാഡയില്‍ എത്തിയപ്പോള്‍ മുതല്‍ അക്രമികള്‍ നടിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. പ്രതിഷേധിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്തു. എന്നാൽ അപകടം ഉണ്ടായപ്പോൾ നടി നിർത്തിയിട്ട വണ്ടിയിൽ നിന്ന് രക്ഷപെടുകയായിരുന്നു. വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഇരുവരും ആവശ്യപ്പെടുകയും പോലീസിനെയോ മാധ്യമങ്ങളെയോ അറിയിച്ചാല്‍ കരിയറില്‍ ഇനി ഒരു സിനിമ പോലും കിട്ടാതെയാക്കുമെന്നും ഭീഷണിപ്പെടുത്തി. അപകടകരമായ ഡ്രൈവിംഗ്, സ്ത്രീയുടെ വാഹനം തകര്‍ക്കാന്‍ ശ്രമിക്കല്‍ എന്നീ കുറ്റം മാത്രമാണ് പോലീസ് ചുമത്തിയിരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.