അറ്റ്‌ലസ് രാമചന്ദ്രന്റെ ആരോഗ്യനില ഏറെ മോശമാണെന്ന് ഭാര്യ ഇന്ദിര; വാടക നല്‍കാന്‍ പോലും വരുമാനം ഇല്ല

 

ദുബായ്> ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് ജ്വല്ലറി സ്ഥാപകന്‍ എം എം രാമചന്ദ്രന്റെ ആരോഗ്യനില ഏറെ മോശമാണെന്നും അദ്ദേഹം ജയിലിലായ അന്നുമുതല്‍ മോചനത്തിനായി താന്‍ മുട്ടാത്ത വാതിലുകളില്ലെന്നും ഭാര്യ ഇന്ദിരാ രാമചന്ദ്രന്‍. ഖലീജ് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ദിര രാമചന്ദ്രന്‍ തന്റെ കുടുംബം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നു പറഞ്ഞത്.

ആദ്യമായാണ് ഇക്കാര്യങ്ങള്‍ അവര്‍ ഒരു മാധ്യമത്തോട് സംസാരിക്കുന്നത്. ഇപ്പോള്‍ തന്നെ ഏറെ വിഷമിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മോശം ആരോഗ്യസ്ഥിതിയാണെന്നും കഴിഞ്ഞ ആഴ്ച ജയിലില്‍നിന്ന് വീല്‍ചെയറിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും ഇന്ദിര പറഞ്ഞു.രണ്ടര വര്‍ഷമായി ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് ജ്വല്ലറി സ്ഥാപകന്‍

ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത ശേഷം നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന്  2015 ആഗസ്റ്റ് 23 നാണ് ദുബായ് പോലീസ് 75 കാരനായ അറ്റ്ലസ് രാമചന്ദ്രനെ  അറസ്റ്റു ചെയ്തത്. അന്നുമുതല്‍ അദ്ദേഹം ജയിലിലാണ്. 340ലക്ഷം ദിര്‍ഹത്തിന്റെ ചെക്കുകളാണ് മടങ്ങിയത്. ഇതോടെ ഇടുപാടുകള്‍ നടത്തിയിരുന്ന മറ്റു ബാങ്കുകളും കടുത്ത നടപടി സ്വീകരിച്ചത് തിരിച്ചടിയായി.

വാടക നല്‍കാന്‍ പോലും സ്ഥിരവരുമാനം ഇപ്പോള്‍ ഇല്ല.  എങ്കിലും ഭര്‍ത്താവിനെ മോചിപ്പിക്കാനുള്ള നിയമപോരാട്ടം തുടരും. പലരും സഹായിക്കാമെന്ന് പറഞ്ഞു വരുന്നുണ്ട്.  അവരെല്ലാം ~കോടികളാണ് ചോദിക്കുന്നത്. ബിസിനസും ആകെ താളം തെറ്റി. ജീവനക്കാര്‍ ശമ്പളകുടിശ്ശികക്കും മറ്റും വേണ്ടി തന്നെ തടഞ്ഞുവെയ്ക്കുകകൂടിചെയ്തു. ജ്വല്ലറിയില്‍ അഞ്ച് ലക്ഷം ദിര്‍ഹത്തിന്റെ ഡയമണ്ട് ആഭരണം ഒന്നരലക്ഷം ദിര്‍ഹത്തിനാണ് വിറ്റത്. 19 ജ്വല്ലറികളാണ് ദുബായിയില്‍ മാത്രം അറ്റ്‌ലസിനുണ്ടായിരുന്നത്.ഇതില്‍ ഭൂരിഭാഗവും പൂട്ടിയിടേണ്ടിവന്നുവെന്നും ഇന്ദിരപറഞ്ഞു. ജ്വല്ലറി ബിസിനസിനും പുറമെ ആശുപത്രികളും അറ്റ്ലസിന് സ്വന്തമായുണ്ട്. കൂടാതെ സിനിമാ നിര്‍മ്മാണം, സിനിമാ അഭിനയം, അക്ഷരശ്ളോകം എന്നിവയും അദ്ദേഹത്തിന്റെ ഇഷ്ടമേഖലയായിരുന്നു.

1990ല്‍ കുവൈറ്റ് യുദ്ധകാലത്ത് തകര്‍ന്നടിഞ്ഞതായിരുന്നു  അറ്റ്ലസ് രാമചന്ദ്രന്റെ ബിസിനസുകള്‍. അവിടെ നിന്ന് തിരച്ചുകയറിയാണ് ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന ടാഗ്ലൈനോടെ അറ്റ്‌ലസിന്റെ ബിസിനസ് സാമ്രാജം വികസിച്ചത്.  350കോടി ദിര്‍ഹത്തിന്റെ  വാര്‍ഷിക വിറ്റുവരവുണ്ടായിരുന്ന സ്ഥാപനമാണ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞത്. യുഎഇയിലെ 19 ശാഖകള്‍ക്കു പുറമെ സൌദി, കുവൈത്ത്, ദോഹ, മസ്കറ്റ് എന്നിവിടങ്ങളിലെ ശാഖകള്‍ക്കും പൂട്ടുവീണു.

അറ്റ്‌‌ലസിന്റെ മസ്ക്കറ്റിലെ രണ്ടു ആശുപത്രികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആ പണം കൊണ്ട്  ബാങ്കുകളുമായി താല്‍ക്കാലിക സെറ്റില്‍മെന്റ് ഉണ്ടാക്കി ഭര്‍ത്താവിനെ പുറത്തലിറക്കാനാകുമെന്നുമാണ് ഇന്ദിരയുടെ പ്രതീക്ഷ. വായ്പ നല്‍കിയ 22 ബാങ്കുകളില്‍ 19 എണ്ണം നിയമനടപടികള്‍ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവെയ്ക്കാമെന്നാണ് ഉറപ്പ് നല്‍കിയട്ടുണ്ട്.  മറ്റ് മൂന്നു ബാങ്കുകള്‍ കൂടി ആ ഉറപ്പ് നല്‍കിയാല്‍ രാമചന്ദ്രനെ പുറത്തെത്തിക്കാമെന്നാണ് പ്രതീക്ഷ.

ചില ബാങ്കുകള്‍ തനിക്കെതിരെയും നിയമനടപടിക്കൊരുങ്ങുന്നതിനാല്‍ എതു നിമിഷവും അറസ്റ്റ് ഭയന്നാണ് കഴിയുന്നത്. താന്‍ കൂടി ജയിലിലായാല്‍ ഇരുവരുടേയും അന്ത്യവും അതിനുള്ളിലാകും. അറ്റ്‌ലസ് രാമചന്ദ്രനെ പുറത്തിറക്കാന്‍ താന്‍ നടത്തുന്ന ശ്രമങ്ങളോട് മാനുഷികപരിഗണന കാണിക്കമെന്നും ഇന്ദിര ആവശ്യപ്പെട്ടു. പൊലീസുകാര്‍  അദേഹത്തെ വീട്ടില്‍നിന്നും കൊണ്ടുപോകുമ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരികെ എത്തുമെന്നായിരുന്നു തന്റെ പ്രതീക്ഷയെന്നും ഇപ്പോള്‍ ആരോഗ്യ പ്രശ്നങ്ങളും ഏകാന്തതയും കേസിന്റെ നൂലമാലകളും വലയ്ക്കുകയാണ്. മകളും മരുമകനും മറ്റൊരു കേസില്‍ ജയിലായതും തന്നെ ഉലച്ചുകളഞ്ഞുവെന്ന് ഇന്ദിര പറയുന്നു.

Loading...