നിപാ വൈറസിന്റെ ഉറവിടം എവിടെ ? പേരാമ്പ്ര ആശുപത്രിയില്‍ നേഴ‌്സ് ലിനിക്ക് സംഭവിച്ചത് എന്ത് ?

കോഴിക്കോട്:  നിപാ വൈറസിന്റെ ഉറവിടം എവിടെ ? പേരാമ്പ്രയില്‍ സംഭവിച്ചത് എന്ത് ?. ആശുപത്രിയില്‍ നേഴ‌്സ് ലിനിക്ക് രോഗം പകര്‍ന്നത് എങ്ങിനെ ? ഈ ചോദ്യങ്ങള്‍ക്ക് ആരോഗ്യവകുപ്പിലെ വിദഗ്ദര്‍ നല്‍കുന്ന മറുപടി ഇങ്ങനെ . എന്നാല്‍ ഈ കാരണങ്ങളോടൊന്നും പൊരുത്തപ്പെടുന്നില്ല നാദാപുരം ഉമ്മത്തുരിലെ അശോകന്‍റെ മരണം .നിപാ വൈറസിനാലാണ് അശോകന്‍ മരിച്ചത് എന്ന് സ്ഥിരീകരിച്ചതോടെ വൈറസിന്റെ ഉറവിടം എവിടെ എന്ന ചോദ്യത്തിന് വീണ്ടും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു .

കേരളത്തിൽ നിപാ വൈറസിന്റെ ഉറവിടം പേരാമ്പ്ര പന്തിരിക്കര വളച്ചുകെട്ടിയിൽ മൂസയും കുടുംബവും പുതുതായി വാങ്ങിയ ആൾപ്പാർപ്പില്ലാതെ കിടന്ന വീടും വർഷങ്ങളായി ഉപയോഗിക്കാത്ത കിണറുമാണെന്ന‌് തെളിഞ്ഞു.

ഈ കിണർ വൃത്തിയാക്കാൻ ശ്രമിച്ച മൂസയുടെ രണ്ടുമക്കളും പനി ബാധിച്ച‌് മരിച്ചു. കിണറ്റിലിറങ്ങിയ തൊഴിലാളി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലാണ‌്. ഇവരിലൂടെയാണ‌് മറ്റ‌് പലരിലേക്കും വൈറസ‌് പടർന്നത‌്.

മൂസ ഇപ്പോൾ താമസിക്കുന്ന വീടിന‌് ഒരു കിലോമീറ്റർ അകലെ പുത്തനിടത്തിലാണ‌് പുതുതായി വാങ്ങിയ ആൾപ്പാർപ്പില്ലാത്ത വീട‌്. മൂത്ത മകൻ സാലിഹിന്റെ വിവാഹശേഷം ഇവിടേക്ക‌് മാറാൻ മൂന്നുമാസമായി അറ്റകുറ്റപ്പണി നടത്തുകയാണ‌്.

സാലിഹും ഇളയസഹോദരൻ സാബിത്തുമാണ‌് പണികൾക്ക‌് മേൽനോട്ടം വഹിച്ചത‌്. മെയ‌് ആദ്യമാണ‌് കിണർ വൃത്തിയാക്കാൻ തുടങ്ങിയത‌്. നടുപ്പറമ്പിൽ നൗഷാദ‌് എന്ന പണിക്കാരനോടൊപ്പം വെള്ളം പമ്പ‌് ചെയ‌്ത‌് പുറത്തേക്ക‌് കളഞ്ഞു.

ഇതിനിടെ മോട്ടോർ കേടായതോടെ കിണറിലിറങ്ങാനുള്ള നൗഷാദിന്റെ ശ്രമം മുടങ്ങി. ഈ കിണറിനുചുറ്റും വവ്വാലുകൾ കടിച്ചിട്ട മാമ്പഴങ്ങളും വവ്വാൽ കാഷ‌്ഠവുമാണ‌്.

മൂസയുടെ മൂന്നാമത്തെ മകൻ മുഹമ്മദ‌്സാലി രണ്ടുവർഷം മുമ്പ‌് വാഹനാപകടത്തിൽ മരിച്ചിരുന്നു. നഷ്ടപരിഹാരമായി ലഭിച്ച തുകയുൾപ്പെടെ ചേർത്താണ‌് പുതിയ ഭൂമി വാങ്ങിയത‌്. നാലാമത്തെ മകൻ മുത്തലിബ‌് പേരാമ്പ്രയിലെ ഓർഫനേജിൽ പഠിക്കുകയാണ‌്. മുത്തലിബ‌് പകൽ വീട്ടിലുണ്ടാകാത്തതിനാലാണ‌് രക്ഷപ്പെട്ടത‌്.

മുഹമ്മദ‌് സാലിയുടെ മരണത്തോടെ  ഉമ്മ മറിയം വീട്ടിൽ  തന്നെ കഴിയുകയാണ‌്. മൂസയുടെ മക്കളുടെ എല്ലാകാര്യങ്ങൾക്കും തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന പിതൃസഹോദരൻ മൊയ‌്തീൻ ഹാജിയുടെ ഭാര്യ മറിയമാണ‌് ഇടപെടാറുള്ളത‌്.

സാബിത്തിനോടൊപ്പം ആശുപത്രിയിൽ നിന്നതും  മറിയമാണ‌്. മരണശേഷം സാബിത്തിന്റെ തുണിയും മറ്റും അലക്കിയതും മറിയമും സാലിഹിന്റെ പ്രതിശ്രുത വധു ആത്തിഫയും ചേർന്നാണ‌്. ഇതിൽ സാലിഹും മറിയവും പിന്നീട‌് മരിച്ചു.

കൊച്ചി അമൃതയിൽ കഴിയുന്ന ആത്തിഫയ‌്ക്ക‌് രോഗമില്ലെന്നാണ‌് റിപ്പോർട്ട‌്. മൂസ  ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ‌്. ഉമ്മയും മകൻ മുത്തലിബും ബന്ധുവീട്ടിലാണിപ്പോൾ.

കഴിഞ്ഞ നാലിനാണ‌് സാബിത്ത‌് പേരാമ്പ്ര ആശുപത്രിയിൽ ചികിത്സ തേടിയത‌്. നില ഗുരുതരമായതിനാൽ പിറ്റേന്ന‌് മെഡിക്കൽ കോളേജിലേക്ക‌് മാറ്റിയെങ്കിലും അന്നുതന്നെ മരിച്ചു. പേരാമ്പ്രയിൽ സാബിത്തിനെ പരിചരിച്ച നേഴ‌്സ‌ാണ‌് തിങ്കളാഴ‌്ച പുലർച്ചെ മെഡി. കോളേജിൽ  മരിച്ച ലിനി.

17നാണ‌് ഇവരെ പേരാമ്പ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചത‌്. നില ഗുരുതരമായതിനാൽ മെഡി. കോളേജിലേക്ക‌് മാറ്റുകയായിരുന്നു.  പേരാമ്പ്ര ആശുപത്രിയിൽ സാബിത്തിന്റെ തൊട്ടടുത്ത‌ ബെഡിൽ കിടന്നിരുന്ന  കുപ്പ എന്നയാളുടെ കൂട്ടിരിപ്പുകാരിയായിരുന്ന ചെറുവണ്ണൂർ കണ്ടിതാഴ ചെറിയപറമ്പിൽ ജാനകിയും മരിച്ചു. കുപ്പയുടെ മകൻ വേണുവിന്റെ ഭാര്യയാണിവർ. തലയ‌്ക്ക‌് മുഴയായി ആശുപത്രിയിൽ എത്തിയ കുപ്പയും പിന്നീട‌് മരിച്ചിരുന്നു. ജാനകി ഇല്ലാത്തപ്പോൾ ആശുപത്രിയിൽ എത്തിയ വേണുവിന്റെ സഹോദരി സാവിത്രി മെഡി. കോളേജിൽ ചികിത്സയിലാണ‌്. ഇവർ ഇരുവരും മറിയത്തിനൊപ്പം സാബിത്തിനെ പരിചരിച്ചിരുന്നു.

സ്വരക്ഷ മറന്ന‌്  രോഗികളെ പരിചരിച്ച ലിനിയുടെ ജീവിതം ആതുരസേവന രംഗത്തെ ജ്വലിക്കുന്ന ഏടാകും. ഭർത്താവിനും പറക്കമുറ്റാത്ത പിഞ്ചോമനകൾക്കും  ലിനിക്ക‌് അന്ത്യചുംബനം നൽകാൻപോലും സാധിച്ചില്ല. അമ്മയെ ഒരുനോക്ക‌് കാണാനാകാതെ കരഞ്ഞ റിഥുലും സിദ്ധാർഥും കരളലിപ്പിക്കുന്ന കാ‌ഴ‌്ചയായി.

പനി ബാധിച്ചതിനെ തുടർന്ന‌് കോഴിക്കോട‌് മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ചികിത്സയിലായിരുന്ന  നഴ‌്സ‌് ലിനി (33) തിങ്കളാഴ‌്ച പുലർച്ചെയാണ‌്  മരിച്ചത‌്. സുരക്ഷ കണക്കിലെടുത്ത‌് മൃതദേഹം ബന്ധുക്കളുടെ അനുമതിയോടെ മാവൂർ റോഡിലെ വൈദ്യുതി ശ‌്മശാനത്തിൽ സംസ‌്കരിച്ചു. മെയ‌് അഞ്ചിന‌് നിപാ വൈറസ‌് ബാധയേറ്റ‌് മരിച്ച പന്തിരിക്കര സൂപ്പിക്കടയിലെ മുഹമ്മദ‌് സാബിത്തിനെ പേരാമ്പ്ര താലൂക്ക‌് ആശുപത്രിയിൽ രണ്ടുദിവസം പരിചരിച്ചത‌് ലിനിയായിരുന്നു.

17ന‌്  കടുത്ത പനി പിടിപെട്ട‌ാണ‌് ലിനിയെ താലൂക്ക‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചത‌്. പിറ്റേന്ന‌് രാത്രി ഇവർ മറ്റൊരു ആശുപത്രിയിലേക്ക‌് മാറിയെങ്കിലും നില ഗുരുതരമായതിനാൽ മെഡിക്കൽ  കോളേജിലേക്ക‌് മാറ്റി. ‌രണ്ടുദിവസം ചികിത്സയിൽ കഴിഞ്ഞെങ്കിലും രക്ഷിക്കാനായില്ല. ജീവിത പ്രതിസന്ധികളോട‌് പൊരുതി മുന്നേറിയാണ‌് ലിനി ആതുരസേവന രംഗത്തെത്തുന്നത‌്. അച്ഛൻ വർഷങ്ങൾക്കുമൂമ്പേ മരിച്ചത‌് മൂന്ന‌് പെൺമക്കളടങ്ങുന്ന കുടുംബത്തെ പ്രതിസന്ധിയിലാക്കി. അപസ‌്മാര രോഗിയായ അമ്മയുടെയും രണ്ട‌് സഹോദരിമാരുടെയും ചുമതല പഠനത്തിൽ മിടുക്കിയായിരുന്ന ലിനിക്കായി. കുടുംബത്തിന‌് തണലാകാൻ  വായ‌്പയെടുത്ത‌് നേഴ‌്സിങ് പഠനം പൂർത്തിയാക്കി.

ജനറൽ നേഴ‌്സിങ‌് കഴിഞ്ഞ‌് ബിഎ‌സ‌്സി നേഴ‌്സിങ്ങും വിജയിച്ചു. ഒട്ടനവധി സ്വകാര്യാശുപത്രികളിൽ ജോലിചെയ‌്തു.  ഒരു വർഷം മുമ്പാണ‌് പേരാമ്പ്ര താലൂക്ക‌് ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ലഭിച്ചത‌്. പഠനത്തിനായി എടുത്ത വായ‌്പ അടുത്തകാലത്താണ‌് വീട്ടിയത‌്. ആറ‌് വർഷം മുമ്പായിരുന്നു ബഹ‌്റൈനിൽ ജോലിചെയ്യുന്ന വടകര പുത്തൂർ 110 ലെ പറമ്പത്ത‌് സജീഷ‌ിനെ വിവാഹം ചെയ‌്തത‌്.  പരേതനായ പുതുശ്ശേരി നാണുവിന്റെയും രാധയുടെയും മകളാണ‌് ലിനി.  മക്കൾ: റിതുൽ(അഞ്ച‌്) ചെമ്പനോട റെയ‌്മണ്ട‌് പബ്ലിക‌് സ‌്കൂൾ യുകെജി വിദ്യാർഥിയാണ‌്, സിദ്ധാർഥ‌്(രണ്ട‌്). സഹോദരങ്ങൾ: ലിജി, ലിസി.

രണം ഉറപ്പായ നിമിഷത്തിൽ ലിനി എഴുതി, സജീഷേട്ടാ ഇനികാണാൻ പറ്റുമെന്ന‌് തോന്നുന്നില്ല. നമ്മുടെ മക്കളെ നന്നായി നോക്കണേ…നിപാ  വൈറസ‌് ബാധയേറ്റ‌് മരിച്ച പേരാമ്പ്ര താലൂക്ക‌്   ആശുപത്രിയിലെ നേഴ‌്സായ ലിനി മരിക്കുന്നതിന‌് മുമ്പ‌്      ഭർത്താവിന‌് എഴുതിയ കുറിപ്പാണിത‌്.

കുറിപ്പ‌്  ഇങ്ങനെ:
സജീഷേട്ടാ…  ഐ ആം ഓൾമോസ‌്റ്റ‌് ഓൺ ദ വേ..നിങ്ങളെ കാണാൻ പറ്റുമെന്ന‌് തോന്നുന്നില്ല. സോറി…നമ്മുടെ മക്കളെ നന്നായി നോക്കണേ…പാവം കുഞ്ചു അവനെയൊന്ന‌് ഗൾഫിൽ കൊണ്ടുപോകണം. നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത‌്… വിത്ത്‌ ലോട്ട്‌സ്‌ ഓഫ്‌ ലവ്‌ …ഉമ്മ. എന്നവസാനിക്കുന്ന ചെറു കുറിപ്പാണ‌് ലിന ഭർത്താവിന‌് കൈമാറാനായി എഴുതിയത‌്. ബഹ്റൈനിൽ ജോലി ചെയ്യുന്ന ഭർത്താവ് സജീഷ് എത്തുമ്പോൾ കാണാൻ കഴിയില്ലെന്ന പേടിയിലായിരുന്നു ലിനി.
അഞ്ചും രണ്ടും വയസ്സായ കുട്ടികളാണ‌് ലിനയ‌്ക്കും സജീഷിനും. അസുഖവിവരമറിഞ്ഞ്‌ ബഹ‌്റൈനിൽ നിന്ന്‌ സജീഷ‌് എത്തിയെങ്കിലും ദൂരെനിന്ന‌് കാണാനേ കഴിഞ്ഞിരുന്നുള്ളൂ. ഐസലേറ്റഡ്‌  ഐസിയുവിൽ കയറി ഒരു നോക്ക്‌ കണ്ടു. അത്രമാത്രം.
നിപാ  വൈറസ‌് ബാധയേറ്റ‌് മരിച്ച സാബിത്തിനെയും സാലിഹിനെയും ആശുപത്രിയിൽ പരിചരിച്ചത‌് ലിനി ആയിരുന്നു‌.രാത്രി മുഴുവൻ രോഗികളുമായി സംസാരിച്ച് പരിചരിച്ചതു ലിനിയായിരുന്നു. രാവിലെ ലിനിക്കും പനി തുടങ്ങി. മൂർച്ഛിച്ചതോടെ മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ യാത്രയ്ക്കിടെ ലിനി ഗൾഫിലുള്ള സജീഷിനെ വിഡിയോ കോൾ ചെയ്തു. സുഖമില്ലെന്നു പറഞ്ഞെങ്കിലും ഇത്ര ഗുരുതരമാണെന്ന് അറിയിച്ചിരുന്നില്ല.

ജീവിതവും മരണവും നാടിന് വേണ്ടി .അമ്മയുടെ മുഖം അവസാനമായി ഒന്നു കാണാന്‍ കഴിയാതെ ലിനിയുടെ രണ്ട് പിഞ്ചോമനകളായ റിതുലും സിദ്ധാര്‍ത്ഥും.

പനി മരണം സംഭവിച്ച രോഗികളെ ചികിത്സിച്ചതിലൂടെ രോഗം പകര്‍ന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നെഴ്‌സ് ചെമ്പനോട സ്വദേശിനി ലിനി(28) മരണത്തിന് കീഴടങ്ങിയപ്പോള്‍ തങ്ങളുടെ സ്‌നേഹനിധിയായ അമ്മയുടെ മുഖം അവസാനമായി ഒന്നു കാണാന്‍ കഴിയാതെ രണ്ട് പിഞ്ചോമനകളും കുടുംബാംഗങ്ങളും. ചെമ്പനോട പുതുശ്ശേരി പരേതനായ നാണുവിന്റെയും രാധയുടെയും മൂന്ന് പെണ്‍മക്കളില്‍ രണ്ടാത്തെയാളാണ് ലിനി.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ അമ്മയും സഹോദരിയും കൂടെയുണ്ടായിരുന്നെങ്കിലും അവര്‍ക്കും വെന്റിലേറ്ററിലായിരുന്ന ഇവരെ കാണാന്‍ കഴിഞ്ഞിരുന്നില്ല.

ഭാര്യയുടെ രോഗ വിവരമറിഞ്ഞ് ബഹ്‌റിനിലായിരുന്ന ഭര്‍ത്താവ് വടകര പുത്തൂര്‍ സ്വദേശി സജീഷ് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തി. വെന്റിലേറ്ററില്‍ കിടക്കുന്ന പ്രിയതമയെ ഒരുനോക്ക് കാണാന്‍ സതീഷിന് അവസരം ലഭിച്ചിരുന്നു.

നിപ വൈറസ് ബാധ ഒരു പ്രദേശത്താകമാനം ഭീതി പടര്‍ത്തിയ സാഹചര്യത്തില്‍ കുടുംബാംഗങ്ങളുടെ സമ്മത പ്രകാരം അരോഗ്യ വകുപ്പ് അധികൃതര്‍ തങ്ങളുടെ സഹപ്രവര്‍ത്തകക്ക് കോഴിക്കോട് തന്നെ ചിതയൊരുക്കുകയായിരുന്നു. അഞ്ച് വയസ്സുകാരനായ റിതുലും രണ്ട് വയസ്സുകാരന്‍ സിദ്ധാര്‍ത്ഥും ഒന്നുമറിയാതെ അമ്മയെ കാത്ത് വീട്ടില്‍ കഴിയുന്നു.
ലിജിയും ലിഷിയുമാണ് ലിനിയുടെ സഹോദരങ്ങള്‍.

ഒന്നരലക്ഷം രൂപ നല്‍കാതെ പനി ബാധിതരെ ചികിത്സിക്കില്ലെ നിലപാടെടുത്ത കഴുകന്‍ കണ്ണുള്ള സ്വകാര്യ ആശുപത്രി ഉടമകള്‍ അറിയണം കരുണയുള്ള ലിനിമാരുടെ ജീവിതം. രോഗികളെ ചികിത്സിച്ചു മരണത്തിന് കീഴടങ്ങിയ ലിനിയുടെ മൃതദേഹം ഒന്ന് കാണാന്‍ പോലും യുവാവായ ഭര്‍ത്താവും പിഞ്ചു മക്കളും അടങ്ങുന്ന ബന്ധുക്കള്‍ക്ക് സാധിച്ചില്ല.

നഴ്സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ് ഈ ദുരന്തം.

ഇതിനൊപ്പം മറ്റൊരു വാര്‍ത്ത കൂടി നമുക്ക് മുന്നിലുണ്ട്. നിപ വൈറസ് ബാധിച്ചവരെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ചെമ്പനോട സ്വദേശിനി ലിനി പനി ബാധിച്ച് മരിച്ചുവെന്ന വാര്‍ത്ത.

ലിനിയുടെ മൃതദേഹം ഒന്ന് കാണാന്‍ പോലും ബന്ധുക്കള്‍ക്ക് സാധിച്ചില്ല. പനി വൈറസുകള്‍ പടര്‍ന്നു പിടിച്ചേക്കുമെന്ന ഭയം മൂലം അന്ത്യകര്‍മങ്ങള്‍ പോലും നടത്താതെ അവരുടെ മൃതദേഹം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു.

മരിച്ചത് ഒരു സാധാരണ നഴ്‌സാണ്. അത്‌കൊണ്ട് അവരുടെ കുടുംബത്തിന് പാരിതോഷികം നല്‍കണമെന്നോ ആശ്രിതര്‍ക്ക് ജോലി നല്‍കണമെന്നോ ആവശ്യപ്പെട്ട് ആരും ഇതി വരെ ഒരു പ്രസ്താവന പോലും പുറ്പപെടുവിച്ച് കണ്ടില്ല.

സര്‍ക്കാര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ ഒന്നരലക്ഷം നല്‍കാതെ പനി ബാധിതരെ ചികിത്സിക്കില്ലെന്ന് നിലപാടെടുക്കുന്ന മാനേജ്‌മെന്റുകള്‍ അവരെ പരിചരിക്കുന്ന നഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളം നല്‍കില്ലെന്ന് വാശി പിടിക്കുന്ന ധാര്‍ഷ്ട്യത്തെ നമ്മുടെ നാട് വകവെച്ച് കോടുക്കരുത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം