കനത്ത മഴയിൽ 17 പേർ മരിച്ചു; നാല് ജില്ലകളില്‍ ഉരുൾപൊട്ടി

വെബ് ഡെസ്ക്

തിരുവനന്തപുരം: സ്ഥാനത്ത് കനത്ത മഴയിൽ 17 പേർ മരിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഉരുൾപൊട്ടലുണ്ടായി.  ഇടുക്കിയില്‍ മാത്രം10 പേരാണ് മരിച്ചത്. മണ്ണിടിഞ്ഞ് വീണാണ് 8 പേരും മരിച്ചത്. മലപ്പുറത്ത് 5 പേരും മരിച്ചു. പാലക്കാട് ജില്ലയുടെ പലഭാഗങ്ങളിലും കനത്ത വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ട്.

ഇടമലയാര്‍,നെയ്യാര്‍, മലന്പുഴ,കുറ്റ്യാടി, ഭൂതത്താന്‍ക്കെട്ട് ഡാമുകള്‍ തുറന്നത് വെള്ളപ്പൊക്കത്തിന് ആക്കം കൂടി. അതേസമയം വൃഷ്ടി പ്രദേശത്ത് രൂക്ഷമായ മഴ തുടരുന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാം അതിവേഗം നിറയുകയാണ്. ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കുവാന്‍ കെ.എസ്.ഇ.ബി അനുമതി നല്‍കിയിട്ടുണ്ട്. ഡ‍ാം തുറക്കന്നതിനെക്കുറിച്ച് ഉന്നതതലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. അടിയന്തരസാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തലസ്ഥാനത്ത് യോഗം നടക്കുകയാണ്. ഇടമലയാര്‍ ഡാം തുറന്നതിനെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

ഉദ്യോഗസ്ഥരോട് അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിക്കാന്‍ റവന്യൂ മന്ത്രി നിര്‍ദേശിച്ചു. ദേശീയദുരന്തപ്രതിരോധസേനയുടെ രണ്ട് ബാച്ചുകള്‍ അടിയന്തരക്ഷാപ്രവര്‍ത്തനത്തിനായി കോഴിക്കോടേക്കും വയനാട്ടിലേക്കും തിരിച്ചിട്ടുണ്ട്. ഇടുക്കിയെ കൂടാതെ വയനാട്,കോഴിക്കോട്,മലപ്പുറം,പാലക്കാട് ജില്ലകളിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. കനത്ത മഴയിൽ വയനാട് ജില്ല ഒറ്റപ്പെട്ടു. വൈത്തിരിയിൽ ഉരുൾപൊട്ടി ഒരാൾ മണ്ണിനടിയിൽപ്പെട്ടു. രണ്ട് വീടുകൾ പൂർണമായും ഏഴ് വീടുകള്‍ ഭാഗികമായും തകർന്നു. വൈത്തിരി പൊലീസ് സ്റ്റേഷന്‍റെ മെസ് ഹൗസും തകർന്നു. പാൽ ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും കുറ്റ്യാടി ചുരത്തിലൂടെ ഭാഗികമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. താമരശ്ശേരി ചുരത്തില്‍ അഞ്ചിടത്ത് മണ്ണിടിഞ്ഞു. വയനാട്ടില്‍ നിന്ന് താഴേക്ക് വരാനുള്ള മൂന്ന് ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം മുടങ്ങിയ അവസ്ഥയാണ്.

കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുണ്ടിൽ ഉരുൾപൊട്ടി ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. വട്ടിക്കുന്ന് പ്രദേശത്തുള്ള ഉരുള്‍ പൊട്ടിയ സ്ഥലത്തേക്ക് കാറുമായി എത്തിയ റിജിത്തിനെയാണ് പുഴയില്‍ കാണാതായത്. കാറില്‍ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടെങ്കിലും റിജിത്തും കാറുമടക്കം പുഴയിലേക്ക് ഒഴുകി പോവുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിനായി കൂടുതല്‍ ദുരന്തനിവാരണ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

മലപ്പുറത്തും ഉരുൾപൊട്ടലുണ്ടായി. നിലമ്പൂരിന് സമീപം ചെട്ടിയം പാറയിലാണ് ആണ് ഉരുൾപൊട്ടിയത്. ജില്ലയിൽ വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. അരീക്കോടിന് സമീപം മൂർക്കനാട് പാലത്തിന്‍റെ പകുതി ഒലിച്ചുപോയി. വയനാട്ടില്‍ 34 ദുരിതാശ്വാസ ക്യാംപുകളിലായി 3000 -തോളം പേര്‍ കഴിയുന്നുണ്ട്. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അതീവ ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ നല്‍കുന്നത്.  48 മണിക്കൂറായി മഴ തുടരുന്ന നിലന്പൂരില്‍ പലയിടത്തും വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. ഉരുള്‍പൊട്ടല്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം