സോളാറിന് പിറകെ കേരളം; സരിതയുടെ മൊഴിയുടെ പൂര്‍ണരൂപം

saritha s nairസംസ്ഥാനത്തെ തന്നെ ഞെട്ടിച്ച മൊഴിയായിരുന്നു   ബുധനാഴ്ച സരിത സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയത്. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സരിത കമ്മീഷന് മുന്നില്‍ അവതരിപ്പിച്ചത്.  രണ്ടാം ദിവസമായ ഇന്നത്തെ മൊഴിയെടുപ്പ് അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ മൊഴിയെടുപ്പ് നാളെയും തുടരും.

സരിതയുടെ മൊഴിയുടെ പൂര്‍ണരൂപം

കമീഷന്‍: മുഖ്യമന്ത്രിയും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും ഓഫീസുമായും ഉള്ള ബന്ധം സോളാര്‍ ബിസിനസില്‍ എങ്ങിനെയാണ് നിങ്ങള്‍ ഉപയോഗപ്പെടുത്തിയത്?

സരിത: ഞാന്‍ ടീം സോളാര്‍ റിന്യുവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്നു. സോളാര്‍ മെഗാ പവര്‍ പ്രോജക്ടുകള്‍ കൈകാര്യംചെയ്യാന്‍ കമ്പനി തീരുമാനിച്ചപ്പോള്‍ അതിന്റെ ചുമതല ഏല്‍പ്പിച്ചത് എന്നെയാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങളും സഹായങ്ങളും നേടാനും എന്നെയാണ് ചുമതലപ്പെടുത്തിയത്. അതിന്റെ പ്രാരംഭ നടപടി എന്ന നിലയ്ക്കാണ് 2011 ജൂണില്‍ സെക്രട്ടറിയറ്റിലെ നോര്‍ത്ത് ബ്ളോക്കിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയി അദ്ദേഹത്തെ കണ്ടത്. കമ്പനിയുടെ രൂപരേഖയും പദ്ധതികളുടെ രൂപരേഖയും അദ്ദേഹത്തിനു നല്‍കി.

അദ്ദേഹം അത് വായിച്ചുനോക്കിയശേഷം മന്ത്രി ആര്യാടന്‍ മുഹമ്മദിനെ നേരിട്ട് ഫോണില്‍ വിളിച്ചു. ലക്ഷ്മി എന്നയാള്‍ ഒരു പദ്ധതിയെക്കുറിച്ച് സംസാരിക്കാനെത്തുമെന്നും പരിശോധിച്ച് വേണ്ടതു ചെയ്യണമെന്നും പറഞ്ഞു. ഞാന്‍ മുഖ്യമന്ത്രിയുടെ മുന്നില്‍വച്ച പ്രധാന ആവശ്യം സംസ്ഥാനത്ത് റിന്യൂവബിള്‍ എനര്‍ജി പോളിസി ആയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ആര്യാടന്‍ മുഹമ്മദിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ളാവില്‍ ഞാന്‍ ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്കൊപ്പം ചെന്നുകണ്ടു. ഇക്കാര്യം വളരെ അത്യാവശ്യമായ ഒന്നാണെന്നും അനര്‍ട്ട്, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ വേണ്ട നടപടിയെടുക്കാമെന്നും എന്നോട് മന്ത്രി പറഞ്ഞു. ഇതിനായി ഞാന്‍ അദ്ദേഹത്തെയും അദ്ദേഹം എന്നെയും പലതവണ ഫോണില്‍ വിളിച്ച് സംസാരിച്ചിട്ടുണ്ട്.

നാലഞ്ചുമാസങ്ങള്‍ക്കുശേഷവും കാര്യങ്ങളൊന്നും നടക്കാതായതിനെക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പിഎ കേശവന്‍ എന്നോട് മന്ത്രിക്ക് എന്തെങ്കിലും കൊടുത്താലേ കാര്യം നടക്കൂവെന്ന് പറഞ്ഞു. രണ്ടുകോടി രൂപയാണ് എന്നോട് ആവശ്യപ്പെട്ടത്. ഞങ്ങളുടേത് തുടക്കത്തിലുള്ള കമ്പനിയാണെന്നും വലിയ സാമ്പത്തികലാഭമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും ഞാന്‍ വിലപേശി. എന്നാല്‍ പകുതി മതിയെന്ന് കേശവന്‍ പറഞ്ഞു. അങ്ങിനെ ആദ്യതവണയായി 25 ലക്ഷം രൂപ ഞാന്‍ മന്‍മോഹന്‍ ബംഗ്ളാവില്‍ പോയി അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പിഎയുടെ കൈയില്‍ കൊടുക്കുകയായിരുന്നു. ആ പണം അദ്ദേഹം (ആര്യാടന്‍) എന്നെക്കൊണ്ടുതന്നെ എണ്ണി തിട്ടപ്പെടുത്തി.

രണ്ടാം തവണ കോട്ടയം സുമംഗലി ഓഡിറ്റോറിയത്തില്‍വച്ചാണ് കൊടുത്തത്. അവിടെ കെഎസ്ഇബി റിന്യൂവബിള്‍ എനര്‍ജിയെക്കുറിച്ച് സംഘടിപ്പിച്ച ഒരു സെമിനാറില്‍ ഞാന്‍ പാര്‍ടിസിപ്പന്റ് ഗസ്റ്റ് ആയിരുന്നു. 15 ലക്ഷം രൂപയാണ് ഓഫീസ് സ്റ്റാഫ് മുഖാന്തരം അവിടെവച്ച് പിഎയുടെ കൈവശം കൊടുത്തത്. പണം കൈമാറിയ കാര്യം ഞാന്‍ ഡയസില്‍വച്ചുതന്നെ അദ്ദേഹത്തെ അറിയിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പ്രത്യേകമായി എന്നെ പരിചയപ്പെടുത്തി സംസാരിച്ചു. ഞങ്ങള്‍ക്ക് ഒരു എക്സിബിഷന്‍ സ്റ്റാളും ആ പരിപാടിയില്‍ തന്നിരുന്നു. ഇതല്ലാതെ മറ്റൊരു സഹായവും ഞാന്‍ അറസ്റ്റിലാകുംവരെ അദ്ദേഹം നല്‍കിയിട്ടില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി ജയിലില്‍നിന്നിറങ്ങിയശേഷം പലര്‍ മുഖാന്തരവും ആ പണം ഞാന്‍ തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്നുവരെ ആ തുക മടക്കിത്തന്നിട്ടില്ല.

 

മുഖ്യമന്ത്രിയുടെ ഓഫീസിലെ ടെന്നി ജോപ്പനെ അറിയാം. മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ചാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്…….ഇതിനിടെ രണ്ടുതവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കി. ഞാനും കമ്പനി സ്റ്റാഫും ചേര്‍ന്നാണ് സെക്രട്ടറിയറ്റിലെ ഓഫീസില്‍വച്ച് മുഖ്യമന്ത്രിയുടെ കൈയില്‍ നേരിട്ട് ചെക്ക് നല്‍കിയത്. അതില്‍ 2012ല്‍ നല്‍കിയ ചെക്ക് അക്കൌണ്ടില്‍ പണമില്ലാതെ മടങ്ങിയിരുന്നു.

ജിക്കുമോന് പ്രോജക്ട് ഡീറ്റെയ്ല്‍സെല്ലാം അറിയാം. ജിക്കുവിന്റെ ഉപദേശപ്രകാരമാണ് എംഎന്‍ആര്‍ഇ ഉള്‍പ്പെടെ റിന്യൂവബിള്‍ എനര്‍ജിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍നിന്ന് മെഗാ പവര്‍ പ്രോജക്ടുകള്‍ക്ക് ലൈസന്‍സ്, അംഗീകാരം, ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കാന്‍ മുഖ്യമന്ത്രിയോട് സഹായം ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് നേരിട്ടു വിശദീകരിക്കാന്‍ ജിക്കുമോന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്രതവണ പോയെന്ന് ഓര്‍മിക്കുന്നില്ല. നിരവധിതവണ പല കാര്യങ്ങള്‍ക്കായി അവിടെ പോയിട്ടുണ്ട്. അതിലൊരുതവണ ജിക്കുമോന്‍ ഉപദേശിച്ചതനുസരിച്ചുള്ള കാര്യം ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുതന്നു.

കൊല്ലം ജില്ലയിലെ കല്ലട ഇറിഗേഷന്‍ പ്രോജക്ടില്‍ ബാണാസുരസാഗറില്‍ ചെയ്തതുപോലുള്ള ഫ്ളോട്ടിങ് പവര്‍ പ്രോജക്ട് നടപ്പാക്കുന്നതിന് ഫീസിബിലിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിത്തരാന്‍ മുഖ്യമന്ത്രി എന്നോട് ആവശ്യപ്പെട്ടു. അതനുസരിച്ച് ഫീസിബിലിറ്റി പഠനത്തിനായി കല്ലട ഡാമിനുള്ളില്‍ കടക്കാന്‍ അനുമതി വാങ്ങിത്തന്നത് മന്ത്രി ആര്യാടനാണ്.

പല ഡിപ്പാര്‍ട്ടുമെന്റുകളിലായി ഇടപെടുന്നതിന് പൈസ ചെലവുണ്ടെന്നും മെഗാ പവര്‍ പ്രോജക്ടുകള്‍ നടപ്പാക്കുമ്പോള്‍ നിങ്ങള്‍ക്ക് കോടികളുടെ ലാഭമുണ്ടാകുമെന്നും പറഞ്ഞത് ജിക്കുവാണ്. ഇതേക്കുറിച്ച് സംസാരിക്കാന്‍ നിരവധിതവണ ജിക്കുവിനെയും അദ്ദേഹം തിരിച്ചും വിളിച്ചിട്ടുണ്ട്. ആ വിളികള്‍ മോശമായ തരത്തിലുള്ളതാണെന്ന് ജിക്കു കമീഷനില്‍ നല്‍കിയ മൊഴി വ്യാജമാണ്. മുഖ്യമന്ത്രിക്കുവേണ്ടി ഏകദേശം ഏഴുകോടി രൂപയാണ് എന്നോട് ജിക്കുമോന്‍ ആവശ്യപ്പെട്ടത്. 2012 നവംബറോടെ ഇക്കാര്യം ഞാന്‍ കമ്പനിയില്‍ അവതരിപ്പിച്ചു. ഈ സമയം ഞാന്‍ ബിജുവുമായി നേരിട്ട് സംസാരിക്കാറുണ്ടായിരുന്നില്ല. ബിജു നാലുമാസത്തോളം കമ്പനിയില്‍ വരാറുണ്ടായിരുന്നില്ല. കമ്പനിയിലെ മാനേജര്‍ മോഹന്‍ദാസുമായും പേഴ്സണല്‍ മാനേജര്‍ രാജന്‍ നായരുമായും ബിജു നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നു. അവര്‍ ഞാന്‍ പറഞ്ഞ കാര്യം ബിജുവിനെ ധരിപ്പിച്ചു. എംഎന്‍ആര്‍ഇയുടെ അംഗീകാരമുണ്ടെങ്കില്‍ നിലവിലുള്ള കമ്പനിപ്രശ്നങ്ങള്‍ ഒഴിവാക്കാമെന്നും അവര്‍വഴി അറിയിച്ചു. ഡിസംബറില്‍ പണം കൊടുക്കാമെന്ന് ബിജു അറിയിച്ചു. അവര്‍ ആവശ്യപ്പെട്ടത്ര തുകയുണ്ടാക്കാന്‍ ഞങ്ങള്‍ക്കായില്ല.

കേരളത്തില്‍വച്ച് പണം കൈമാറേണ്ടതില്ലെന്നും ഡല്‍ഹിയില്‍എത്തിച്ചാല്‍ മതിയെന്നും ജിക്കു പറഞ്ഞിരുന്നു. 2012 ഡിസംബര്‍ 26, 27 തീയതികളില്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ഉണ്ടാകുമെന്നും അവിടെ ചെന്നശേഷം തന്നെ കോണ്‍ടാക്ട് ചെയ്യാനും പറഞ്ഞു. ഡിസംബര്‍ 27ന് ഞാന്‍ കൊച്ചിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ജെറ്റ് എയര്‍വേയ്സില്‍ ഡല്‍ഹിക്കുപോയി. മാനേജര്‍ മോഹന്‍ദാസ് കൂടെവരാമെന്ന് പറഞ്ഞെങ്കിലും ഇത്രയും തുകയുമായി വിമാനത്തില്‍ യാത്രചെയ്യാന്‍ കഴിയാത്തതിനാല്‍ വന്നില്ല. ഡല്‍ഹിയില്‍ പണം കിട്ടാന്‍ സംവിധാനം ഉണ്ടാക്കാമെന്നാണ് ഉദ്ദേശിച്ചിരുന്നത്. ഡല്‍ഹിയിലെത്തിയയുടന്‍ ഞാന്‍ ജിക്കുമോനെ വിളിച്ചു.

ജിക്കുമോനാണ് തോമസ് കുരുവിളയുടെ നമ്പര്‍ എനിക്കുതന്നത്. അതനുസരിച്ച് ഞാന്‍ തോമസ് കുരുവിളയെ ഫോണില്‍ വിളിച്ചപ്പോള്‍ കേരള ഹൌസിലേക്ക് ചെല്ലാന്‍പറഞ്ഞു. ഞാനവിടെ ചെന്നപ്പോള്‍ മുഖ്യമന്ത്രിയുണ്ടെന്നും അദ്ദേഹം വിജ്ഞാന്‍ഭവനില്‍ ദേശീയ വികസനസമിതി യോഗത്തില്‍ പങ്കെടുക്കയാണെന്നും പറഞ്ഞു. ഏകദേശം മൂന്നുമണിയോടെ വിജ്ഞാന്‍ഭവനിലെത്താനും തോമസ് കുരുവിള പറഞ്ഞു. അതിനിടെ ഞാന്‍ സിജിഎ കോംപ്ളക്സിലെ എംഎന്‍ആര്‍ഇ ഓഫീസില്‍പോയി തെര്‍മല്‍ സോളാര്‍ സിസ്റ്റംസ് സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കണ്ടു. മൂന്നോടെ ഞാന്‍ വിജ്ഞാന്‍ഭവനിലെത്തി.

അവിടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതിനാല്‍ തോമസ് കുരുവിളയെ ഫോണില്‍ വിളിച്ചു. മുഖ്യമന്ത്രിയെ എയര്‍പോര്‍ട്ടില്‍ വിടാനായി ഒരു കാറിലാണ് വന്നതെന്നും കാറിനടുത്തേക്ക് വരാനും പറഞ്ഞു. ഇതിനിടെ മോഹന്‍ദാസ് എന്നെ വിളിച്ച് ധീരജ് എന്നയാള്‍ കാറുമായി വരുമെന്നും അയാളുമായി പൈസയുടെ ഇടപാടുകള്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ധീരജ് എന്റെ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ അയാളോട് വിജ്ഞാന്‍ഭവനിലെത്താന്‍ ഞാന്‍ പറയുകയും ചെയ്തു. ഏകദേശം മുക്കാല്‍മണിക്കൂര്‍ കാത്തുനിന്നപ്പോള്‍ മുഖ്യമന്ത്രി, മന്ത്രി കെ സി ജോസഫിനൊപ്പം ഗേറ്റ്കടന്ന് വരുന്നതുകണ്ടു. ഞാനും കുരുവിളയും അദ്ദേഹത്തിനു സമീപം ചെന്നു. എന്തായി കാര്യങ്ങളെന്ന് മുഖ്യമന്ത്രി എന്നോട് ചോദിച്ചു. ഇന്നും നാളെയും ഞാന്‍ ഡല്‍ഹിയിലുണ്ടെന്നും പണം കൈയിലുണ്ടെന്നും മുറപടി പറഞ്ഞു. ഈ സമയം മന്ത്രി കെ സി ജോസഫ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

തോമസ് കുരുവിളയുമായി തുടര്‍ന്ന് കാര്യങ്ങള്‍ സംസാരിക്കാനും ഫ്ളൈറ്റിന്റെ സമയമായതിനാല്‍ യോഗം അവസാനിക്കും വരെ നില്‍ക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുരുവിള അവരെ എയര്‍പോര്‍ട്ടില്‍ വിട്ടശേഷം എന്നെ വിളിക്കാമെന്നറിയിച്ചു. ചാന്ദ്നി ചൌക്കിനടുത്തുള്ള ഷോപ്പിങ് മാളിന്റെ കാര്‍പാര്‍ക്കിങ്ങില്‍ വെയ്റ്റ് ചെയ്യാനും പറഞ്ഞു.

ധീരജിന് ഡല്‍ഹിയൊക്കെ അറിയാമെന്നതിനാല്‍ അയാളുടെ കാറില്‍ അവിടെ കാത്തുനിന്നു. രണ്ടുമണിക്കൂറിനുശേഷമാണ് കുരുവിള എത്തിയത്. അദ്ദേഹത്തോടൊപ്പം ഡ്രൈവറും ഉണ്ടായിരുന്നു. അയാളോട് കാറിനു പുറത്തിറങ്ങിനില്‍ക്കാന്‍ പറഞ്ഞു. ഞാനും കുരുവിളയും അദ്ദേഹത്തിന്റെ കാറിലിരുന്ന് സംസാരിച്ചു. ഈ പണം എങ്ങിനെ കേരളത്തില്‍ എത്തിക്കുമെന്ന് ഞാന്‍ തമാശയായി ചോദിച്ചു. മുഖ്യമന്ത്രിയുടെ ബ്ളഡ് റിലേഷന്‍സില്‍പെട്ടവര്‍ ഡല്‍ഹിയിലുണ്ടെന്ന് കുരുവിള മറുപടി പറഞ്ഞു. തുടര്‍ന്ന് ഞാന്‍ ധീരജിനെ വിളിച്ച് പണംനിറച്ച ബാഗ് കുരുവിളയുടെ കാറിലേക്കു വയ്ക്കാന്‍ പറഞ്ഞു. ആ പണം കാറില്‍വച്ചുകഴിഞ്ഞപ്പോള്‍ കോട്ടയത്ത് എവിടെയാണ് കുരുവിളയുടെ താമസമെന്ന് ഞാന്‍ ചോദിച്ചു. എന്റെ കൈവശമുണ്ടായിരുന്ന ഡയറിയില്‍ സ്വന്തം കൈപ്പടയില്‍ അദ്ദേഹം ആ വിവരമെഴുതി.

മെഗാ പവര്‍ പ്രോജക്ടിന്റെ പേരില്‍ കസ്റ്റമേഴ്സില്‍നിന്ന് കലക്ട് ചെയ്ത പണമായിരുന്നു അത്. പ്രോജക്ട് നടപ്പാക്കാത്തതിനാല്‍ പൊലീസില്‍ ആളുകള്‍ പരാതിനല്‍കിയ സമയവുമായിരുന്നു. ഇക്കാര്യം കുരുവിളയോടു പറഞ്ഞപ്പോള്‍ ഈ പണംകൂടി നല്‍കിയാല്‍ സര്‍ട്ടിഫിക്കറും അംഗീകാരവും കിട്ടുമല്ലോയെന്നും ഏതാനും ദിവസത്തെ പ്രശ്നമല്ലേയുള്ളൂവെന്നും കുരുവിള സമാധാനിപ്പിച്ചു.

2013 ഫെബ്രുവരി 26ന് ആറ്റുകാല്‍ പൊങ്കാലദിവസം സെക്രട്ടറിയറ്റിന് അവധിയായിരുന്നു. അന്ന് ഏതാണ്ട് ഏഴോടെ ഞാന്‍ ടെന്നി ജോപ്പനെ ഫോണില്‍വിളിച്ച് മുഖ്യമന്ത്രിയെ അത്യാവശ്യമായി കാണണമെന്നു പറഞ്ഞു. എന്താണ് കാര്യമെന്നു പറഞ്ഞില്ല. കാരണം പണമിടപാടുകളെക്കുറിച്ച് ജോപ്പന്‍ അറിയരുതെന്ന് ജിക്കുമോന്‍ പറഞ്ഞിരുന്നു.

മെഗാ പവര്‍ പ്രോജക്ടുകള്‍ക്ക് അംഗീകാരം നേടിത്തരാമെന്നുള്ള ഉറപ്പിന്മേലാണ് ആ രീതിയിലുള്ള കസ്റ്റമേഴ്സിനെ കണ്ടെത്താന്‍ ശ്രമിച്ചത്. അതിന് സോളാര്‍ റേഡിയേഷനുള്ള പ്രദേശങ്ങള്‍ സര്‍ക്കാരിന്റെ കൈവശമുണ്ടെങ്കില്‍ ഭൂമി പാട്ടത്തിന് വിട്ടുതരാമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുകിട്ടിയിരുന്നു. പത്തനംതിട്ടയിലുള്ള അഡ്വ. അജിത്കുമാറില്‍നിന്ന് അത്തരത്തിലൊരു കോള്‍ വന്നിരുന്നു. സോളാര്‍ മെഗാ പവര്‍ പ്രോജക്ടിനെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. അദ്ദേഹം ലീഗല്‍ അഡ്വൈസറായ മല്ലേലില്‍ ഇന്‍ഡസ്ട്രീസ് എന്ന ക്രഷര്‍ യൂണിറ്റിനുവേണ്ടിയാണ് കോള്‍ എന്നും പറഞ്ഞു. ഞാന്‍ അതിന്റെ ഉടമയുടെ അപ്പോയ്ന്റ്മെന്റ് ചോദിച്ചു. അതനുസരിച്ച് യൂണിറ്റ് ഉടമ ശ്രീധരന്‍ നായരുടെ വീടും സന്ദര്‍ശിച്ചു.

പവര്‍ പ്രോജക്ടിനെക്കുറിച്ചു സംസാരിക്കവേ സര്‍ക്കാര്‍ഭൂമി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാമെന്ന ഉറപ്പിനെക്കുറിച്ച് അറിയിക്കുകയും ചെയ്തു. അത് സിഎം നേരിട്ടു പറയട്ടെയെന്ന് ശ്രീധരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഉറപ്പു കിട്ടിയാലേ പദ്ധതി ലാഭകരമാകൂവെന്നും പറഞ്ഞു. മെഗാ പവര്‍ പ്രോജക്ടുമായി ബന്ധപ്പെട്ട ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഞാന്‍ അടുത്തദിവസം അദ്ദേഹത്തിനു നല്‍കി. എംഒയു സൈന്‍ ചെയ്യാന്‍ അദ്ദേഹം തയ്യാറായെങ്കിലും ഇന്‍വെസ്റ്റ്മെന്റ് മുഖ്യമന്ത്രിയെ കണ്ടശേഷമേ നടത്തൂവെന്നും പറഞ്ഞു. ഇക്കാര്യം പറയാതെ ഞാന്‍ ജോപ്പനെ വിളിച്ച് മുഖ്യമന്ത്രിയുടെ ലഭ്യതയെക്കുറിച്ച് ചോദിച്ചു. നേരിട്ടു കാണാനാണെന്നു മാത്രമേ പറഞ്ഞുള്ളൂ. 10 മിനിട്ട് കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ ജോപ്പന്‍ മുഖ്യമന്ത്രിക്ക് കൊടുത്തു. ചുരുക്കം വാക്കുകളില്‍ അദ്ദേഹത്തെ ഞാന്‍ കാര്യം ധരിപ്പിച്ചു.

2012 ജൂലൈ ഒമ്പതിന് വൈകിട്ട് നാലിനുശേഷം സമയം അനുവദിച്ചു. വൈകിട്ട് നാലോടെ അഡ്വ. അജിത്, ശ്രീധരന്‍ നായര്‍ എന്നിവര്‍ സെക്രട്ടറിയറ്റിലെ നോര്‍ത്ത് ബ്ളോക്കിലെത്തി. ഞാന്‍ മാനേജര്‍ മോഹന്‍ദാസിനൊപ്പമാണ് അവിടെയെത്തിയത്. മുഖ്യമന്ത്രിക്ക് ചില തിരക്കുകളുണ്ടെന്നും പട്ടം ബിഷപ്ഹൌസിലെ അത്താഴവിരുന്നു കഴിഞ്ഞു മാത്രമേ അദ്ദേഹം വരികയുള്ളൂവെന്നും ജോപ്പന്‍ പറഞ്ഞു. എട്ടിനുശേഷമാണ് അദ്ദേഹം എത്തിയത്. അപ്പോള്‍ നിരവധിപേര്‍ അദ്ദേഹത്തെ കാണാനായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇന്നിനി ആരെയും കാണുന്നില്ലെന്നും നിവേദനങ്ങള്‍ വാങ്ങിവയ്ക്കാനും ജോപ്പനോട് പറഞ്ഞു.

പാറശാല എംഎല്‍എ ശെല്‍വരാജിനെയും ലക്ഷ്മിയെയും മാത്രം കടത്തിവിടാനും പറഞ്ഞു. ഞാനും ശ്രീധരന്‍ നായരും മാത്രം ജോപ്പനൊപ്പം മുഖ്യമന്ത്രിയുടെ ക്യാബിനിലേക്കു പോയി. അപ്പോള്‍  ശെല്‍വരാജും മറ്റൊരാളും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അവരോട് നിന്നുകൊണ്ട് ചുരുക്കം വാക്കുകളിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. അവര്‍ പോയപ്പോള്‍ അദ്ദേഹം എന്റെ സമീപമെത്തിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് ശ്രീധരന്‍ നായരെ പരിചയപ്പെടുത്തി. മെഗാ പവര്‍ പ്രോജക്ടിനുള്ള കേരളത്തിലെ ആദ്യ ഇന്‍വെസ്റ്റര്‍ എന്നാണ് പരിചയപ്പെടുത്തിയത്. അദ്ദേഹം ശ്രീധരന്‍ നായര്‍ക്ക് ഷേക്ക്ഹാന്‍ഡ് കൊടുത്തു. പ്രോജക്ടിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.

കുറഞ്ഞ നിരക്കില്‍ ലാന്‍ഡ്, സബ്സിഡി, ഏകജാലകസംവിധാനം എന്നിവ അദ്ദേഹം ശ്രീധരന്‍ നായര്‍ക്ക് ഓഫര്‍ചെയ്തു. തൃപ്തനായ ശ്രീധരന്‍ നായര്‍ എനിക്കൊപ്പം പുറത്തുവന്നപ്പോള്‍ അദ്ദേഹത്തോട് ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കാന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ അദ്ദേഹം എന്നോട് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പേഴ്സണല്‍ സെക്രട്ടറിയെ കാണാന്‍ പറഞ്ഞിരുന്നു. വ്യവസായവകുപ്പിന്റെ കൈവശം കിന്‍ഫ്രയിലോ കെഎസ്ഐഡിസിയിലോ വേക്കന്റ് ലാന്‍ഡ് ഉണ്ടോയെന്നു പരിശോധിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍പറഞ്ഞ് ജോപ്പനെ ഒപ്പംവിട്ടു. ഞങ്ങള്‍ അബ്ബാസിനോട് കാര്യങ്ങള്‍ പറഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ കാര്യം ശരിയാക്കാമെന്ന് അബ്ബാസ് പറഞ്ഞപ്പോള്‍ പാലക്കാട് കിന്‍ഫ്രയുടെ കൈവശം വേക്കന്റ് ലാന്‍ഡ് ഉണ്ടെന്നും അവിടെ സോളാര്‍ റേഡിയേഷന്‍ ഡാറ്റ പോസിറ്റീവ് ആണെന്നും ഞാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള മീറ്റിങ്ങിനുശേഷമാണ് ശ്രീധരന്‍ നായര്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ശ്രീധരന്‍ നായര്‍ക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ റവന്യു, വ്യവസായ വകുപ്പുമന്ത്രിമാരും ക്രഷര്‍ യൂണിറ്റ് ഉടമകളുമായി ചേര്‍ന്ന് ഒരു യോഗം നടത്തണമെന്നാവശ്യപ്പെട്ടതനുസരിച്ച് ഇക്കാര്യം ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. അദ്ദേഹം കയറിയ അതേ ലിഫ്റ്റില്‍ ശ്രീധരന്‍ നായരെ കയറ്റുകയും അവര്‍ തമ്മില്‍ സംസാരിക്കുകയും ചെയ്തു. അതെന്താണെന്ന് എനിക്കറിയില്ല. തുടര്‍ന്ന് ശ്രീധരന്‍ നായര്‍ പത്തനംതിട്ടയിലേക്കും ഞാന്‍ കൊച്ചിയിലേക്കും മടങ്ങി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം