സിപിഎം ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകനും ഭാര്യയും ജീവനൊടുക്കാന്‍ ശ്രമിച്ചു

fire1-604x270പുനലൂര്‍: സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകനും ഇടതുമുന്നണിയുടെ ഭരണത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമായ യുവാവും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ മുന്നില്‍ വച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താനായിരുന്നു ശ്രമം. പാര്‍ട്ടിയുടെ പുനലൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

സി.പി.എം. നേതാവ് പ്രസിഡന്റായ പുനലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് കുടുംബവുമൊത്ത് ആത്മഹത്യാശ്രമം നടത്തിയത്. പുനലൂര്‍, അഞ്ചല്‍ ഏരിയ കമ്മിറ്റികളുടെ സംയുക്തയോഗം കൂടുന്നതിനിടെയായിരുന്നു സംഭവം. നേരത്തെ ബാങ്കിന്റെ ചെമ്മന്തൂര്‍ ശാഖയില്‍ മാനേജരായിരുന്ന ഇദ്ദേഹത്തെ ഏഴുമാസം മുമ്പ് സീനിയര്‍ ക്ലര്‍ക്കായി തരംതാഴ്ത്തുകയും സ്ഥലംമാറ്റുകയും ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. നേതാക്കള്‍ ഏറെ പണിപ്പെട്ടാണ് ജീവനക്കാരനെ ശാന്തനാക്കുകയും മണ്ണെണ്ണ നിറച്ച കന്നാസ് പിടിച്ചുവാങ്ങുകയും ചെയ്തത്.

തന്നെ മനഃപൂര്‍വം ദ്രോഹിക്കുകയും ജീവിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ജീവനക്കാരന്‍ നേതാക്കളുടെ മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തനിക്കെതിരെ നടപടിയുണ്ടായപ്പോള്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ യുക്തമായ നടപടിയുണ്ടായില്ലെന്നും ജീവനക്കാരന്‍ പറഞ്ഞു.

പ്രശ്‌നം ഇത്ര വഷളാകാന്‍ ഇടയാക്കിയതിനെച്ചൊല്ലി എം.വി.ഗോവിന്ദന്‍ പിന്നീട് നേതാക്കളെ ശകാരിച്ചു. പാര്‍ട്ടി ഓഫീസില്‍ ഇത്തരമൊരു സംഭവത്തിനിടയാക്കിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് സൂചനയുണ്ട്. നേരത്തെ പാര്‍ട്ടിയുടെയും സി.ഐ.ടി.യു.വിന്റെയും സജീവപ്രവര്‍ത്തകനായിരുന്നു ആത്മഹത്യാശ്രമം നടത്തിയ ജീവനക്കാരന്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം