വിവാഹക്കാര്യം മറച്ചുവെച്ചെന്നാരോപിച്ച് മോഡിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളി

modi wifeന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 2012ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച വിവരങ്ങളില്‍ വിവാഹിതനാണെന്ന കാര്യം മറച്ചു വെച്ചെന്ന് ആരോപിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. യാഥാര്‍ത്ഥ്യം മറച്ചുവെച്ച മോദിക്കെതിരെ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജിയില്‍ കഴമ്പില്ലെന്ന് സുപ്രീം കോടതി വിധിച്ചു. പൊതുവേദിയില്‍ ഭാര്യയുടെ പേര് വെളിപ്പെടുത്താത്തതിന്റെ പേരില്‍ ഒരാള്‍ക്കെതിരെ എങ്ങനെ നടപടി സ്വീകരിക്കാന്‍ സാധിക്കുമെന്നും കോടതി ചോദിച്ചു.

അഹമ്മദാബാദ് സ്വദേശിയായ നിഷാന്ത് വര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ വിവാഹിതനാണെന്ന് മോദി സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് 2014 ഏപ്രിലില്‍ ഹര്‍ജി നല്‍കിയത്. 2012ലെ നിയമസഭ തെരഞ്ഞെടുപ്പിന് നല്‍കിയ പത്രികയില്‍ താന്‍ വിവാഹിതനാണെന്ന കാര്യം മോദി ഒളിച്ചു വെച്ചു എന്നാരോപിച്ചായിരുന്നു ഹര്‍ജി.

മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു ആദ്യം ഹര്‍ജി സമര്‍പ്പിച്ചത്. മോദിയുടെ പ്രവര്‍ത്തി തെറ്റാണെന്നും എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം പരാതി നല്‍കിയതിനാല്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ വിധി. ഇതിനെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം