ന്യൂഡല്‍ഹി: ഔദ്യോഗികമായി പുറത്തിറക്കി ഒരുദിവസം പിന്നിട്ടപ്പോള്‍ മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയറായ വിന്‍ഡോസ് ടെന്നിന്റെ വിലയും പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഹോം വേര്‍ഷന്റെ ഫുള്‍ വേര്‍ഷന്‍ 7,999 രൂപയാണ് വില.
വിന്‍ഡോസ് ടെന്നിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ സാധിക്കാത്ത വിസ്ത, എക്സ്പി ഉപഭോക്താക്കള്‍ക്കും പുതുതായി വിന്‍ഡോസ് 10 വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഈവില കൊടുത്ത് വിന്‍ഡോസ് ടെന്‍ സ്വന്തമാക്കാം. എന്നാല്‍, ടെന്നിന്റെ പ്രോ വേര്‍ഷന്‍ സ്വന്തമാക്കണമെങ്കില്‍ അല്പം കൂടി വില നല്‍കണം. 14,999 രൂപയാണ് പ്രോയുടെ വില. കഴിഞ്ഞ ദിവസമാണ് വിന്‍ഡോസ് 10 ഹോം വേര്‍ഷനും പ്രോ വേര്‍ഷനും ഔദ്യോഗികമായി പുറത്തിറക്കിയത്. മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറായ മൈക്രോസോഫ്റ്റ്.കോമില് നിന്ന് ലഭ്യമാകും.
വിന്‍ഡോസ് 7 ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായി വിന്‍ഡോസ് ടെന്നിലേക്ക് അപ്ഗ്രേഡ് ചെയ്യാനാകും. എന്നാല്‍, ഒഎസ് ലഭ്യമായി ഒരുവര്‍ഷത്തിനകം അപ്ഗ്രേഡ് ചെയ്തിരിക്കണമെന്ന് കമ്പനി വ്യവസ്ഥ വച്ചിട്ടുണ്ട്. ടെന്നിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ഇതിനകം റിസര്‍വ് ചെയ്തിട്ടുള്ളവര്‍ക്ക് അപ്ഗ്രേഡ് തയ്യാറാകുന്ന മുറയ്ക്ക് അതിനുള്ള നോട്ടിഫിക്കേഷന്‍ സിസ്റ്റത്തില്‍ ലഭ്യമാകും. ബിസിനസ് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വിന്‍ഡോസ് 10 ജോലിസ്ഥലത്ത് വിന്യസിക്കാന്‍ എളുപ്പമാണ്. കൂടാതെ വോള്യം ലൈസന്‍സ് ഉള്ളവര്‍ക്ക് എളുപ്പത്തില്‍ വിന്‍ഡോസ് 10 എന്റര്പ്രൈസിലേക്കും എജ്യുക്കേഷനിലേക്കും അപ്ഗ്രേഡ് ചെയ്യാനാകും.
ഓഗസ്റ്റ് മധ്യത്തോടെ റീട്ടെയില്‍ സ്റ്റോറുകളിലും ഒഎസ് എത്തിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് മധ്യത്തോടെയോ സെപ്റ്റംബറോടെയോ വിന്‍ഡോസ് 10 അപ്ഗ്രേഡ് ചെയ്ത മൈക്രോസോഫ്റ്റ് ഡിവൈസുകളും വിപണി കീഴടക്കിത്തുടങ്ങും. മൈക്രോസോഫ്റ്റിന്റെ ശബ്ദാധിഷ്ഠിത എക്സ് ബോക്സ് ഗെയ്മിംഗ് ആപ്ലിക്കേഷനായ കോര്‍ടാന, മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ തുടങ്ങിയവയാണ് വിന്‍ഡോസ് ടെന്നിന്റെ പ്രത്യേകതകള്‍. ഇന്റര്‍നെറ്റ് എക്സ്പ്ലോററിനെ മാറ്റിയാണ് പകരം എഡ്ജ് സ്ഥാനം പിടിച്ചിട്ടുള്ളത്.
ശബ്ദവും പെനും ഗസ്റ്ററും ഉപയോഗിച്ച് ടെന്നിലേക്ക് ഇന്‍പുട്ടുകള്‍ നല്‍കാം. വിന്‍ഡോസ് സെവനിലും മുന്‍പുള്ള വേര്‍ഷനുകളിലും കണ്ട അതേ സ്റ്റാര്‍ട് മെനുവാണ് ടെന്നിലും മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ കുറച്ചുകൂടി യൂസര്‍ ഫ്രണ്ട്ലി ആയിരിക്കും ടെന്‍. വിന്‍ഡോസ് 8-ല്‍ ഉപയോഗിച്ച ലൈവ് ടൈല്‍സ് ഷോവിംഗും ടെന്നിന്റെ സവിശേഷതയാണ്.